സഭാ തര്‍ക്കത്തില്‍ ആലഞ്ചേരി പക്ഷം ചേർന്ന് വത്തിക്കാൻ; വിമത നിലപാട് സ്വീകരിച്ച ബിഷപ്പിനോട് സ്ഥാനമൊഴിയാന്‍ നിര്‍ദേശം
എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി വില്‍പ്പനയിലും കുര്‍ബാന ഏകീകരണത്തിലും വിമത നിലപാട് സ്വീകരിച്ച ബിഷപ്പ് ആന്റണി കരിയിലിനെതിരെ വത്തിക്കാന്‍ നടപടിക്കൊരുങ്ങുന്നു. അതിരൂപതയുടെ മെത്രാപ്പോലീത്തന്‍ വികാരി സ്ഥാനം ഒഴിയാന്‍ വത്തിക്കാന്‍ നിര്‍ദ്ദേശിച്ചതായാണ് റിപ്പോര്‍ട്ട്. വിമത വൈദിക സമരത്തെ പിന്തുണച്ചതിനാണ് ബിഷപ്പ് കരിയിലിനെതിരെ നടപടിയെന്നാണ് സൂചന. വത്തിക്കാന്‍ സ്ഥാനപതി നോട്ടീസ് നല്‍കിയതായും ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചയ്ക്കായി ചൊവ്വാഴ്ച എറണാകുളം ബിഷപ്പ് ഹൗസില്‍ എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സഭാ തര്‍ക്കത്തില്‍, മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിരുദ്ധരായ വൈദികരെ ബിഷപ്പ് പിന്തുണച്ചിരുന്നു. കര്‍ദിനാളിനെ മാറ്റണം എന്നാവശ്യപ്പെട്ട് പല തവണ വിമതപക്ഷം വത്തിക്കാന് അപേക്ഷ നല്‍കിയെങ്കിലും സഭാ നേതൃത്വം ആലഞ്ചേരിക്കൊപ്പമാണെന്ന് അടിവരയിടുന്നതാണ് പുതിയ നടപടി. അതേസമയം, വത്തിക്കാന്‍ നടപടി അംഗീകരിക്കില്ലെന്നാണ് വിമതവൈദികരുടെ നിലപാട്. ബിഷപ്പ് കരിയിലിനൊപ്പം ഉറച്ചുനില്‍ക്കാനാണ് വിമതപക്ഷത്തിന്റെ തീരുമാനം.
അതിരൂപതയുടെ ഉടമസ്ഥതയില്‍ പെരുമ്പാവൂര്‍ കോട്ടപ്പടിയിലുള്ള ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ടായിരുന്നു കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരെ വിമതനീക്കം ശക്തമായത്. വിവിധ ഭൂമി ഇടപാടുകളിലായി സിറോ മലബാര്‍ സഭയ്ക്കുണ്ടായ നഷ്ടം നികത്താന്‍ ഭൂമി വില്‍ക്കണമെന്നായിരുന്നു വത്തിക്കാന്‍ നിര്‍ദേശം. ഇക്കാര്യത്തില്‍ അതിരൂപത കാനോനിക സമിതികളെ മറികടന്ന് സഭാ സിനഡിന് തീരുമാനങ്ങളെടുക്കാനും വത്തിക്കാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഭൂമി ഇടപാടില്‍ അതിരൂപതയ്ക്കുണ്ടായ കടബാധ്യതകള്‍ തീര്‍ത്തതാണെന്ന് വ്യക്തമാക്കി അല്‍മായ മുന്നേറ്റവും പാരിഷ് കൗണ്‍സിലും പ്രതിഷേധവുമായി രംഗത്തെത്തി. ഭൂമി കച്ചവടത്തിന് ആരെയും അനുവദിക്കില്ലെന്നായിരുന്നു അവരുടെ നിലപാട്.
സഭയെ ബാധിച്ച തര്‍ക്കത്തില്‍ ബിഷപ്പ് കരിയില്‍ വിമതപക്ഷത്തിനൊപ്പം നിന്നുവെന്നായിരുന്നു വത്തിക്കാന്‍ കണ്ടെത്തല്‍.
വത്തിക്കാന്‍ അനുമതി ലഭിച്ചതിനാല്‍, ഭൂമി വില്‍പന നടന്നു. പക്ഷേ, നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും നിയമവിരുദ്ധമായാണ് വില്‍പ്പന നടത്തിയതെന്നും ആരോപണമുയര്‍ന്നു. ഇടപാടില്‍ സഭയ്ക്ക് സാമ്പത്തിക നഷ്ടമുണ്ടായെന്നും കര്‍ദിനാള്‍ സ്ഥാനമൊഴിയണമെന്നും ആവശ്യമുയര്‍ന്നു. വിശ്വാസികള്‍ക്കൊപ്പം വിമതപക്ഷത്തുള്ള വൈദികരും പ്രതിഷേധവുമായെത്തി. കര്‍ദിനാളിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് വിമതവൈദികര്‍ പലതവണ വത്തിക്കാനെ സമീപിക്കുകയും ചെയ്തു. എന്നാല്‍, ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ ആലഞ്ചേരിയെ സംരക്ഷിക്കുന്ന നിലപാടാണ് വത്തിക്കാന്‍ സ്വീകരിച്ചത്. ഇടപാടില്‍ കര്‍ദിനാളിന് ദുരുദ്ദേശം ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കിയ വത്തിക്കാന്‍ അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ കൂടിയായ ആന്റണി കരിയിലിനെതിരെ നിലപാടെടുക്കുകയും ചെയ്തു. സഭയെ ബാധിച്ച തര്‍ക്കത്തില്‍ ബിഷപ്പ് കരിയില്‍ വിമതപക്ഷത്തിനൊപ്പം നിന്നുവെന്നായിരുന്നു വത്തിക്കാന്‍ കണ്ടെത്തല്‍.
കഴിഞ്ഞവര്‍ഷം നടപ്പാക്കിയ, കുര്‍ബാന ഏകീകരണത്തിലും ബിഷപ്പ് കരിയില്‍ വിമത നിലപാടാണ് സ്വീകരിച്ചത്. കുര്‍ബാന ഏകീകരിക്കണമെന്ന നിര്‍ദേശം നടപ്പാക്കാന്‍ ബിഷപ്പ് തയ്യാറായിരുന്നില്ല. സിറോ മലബാര്‍ സഭയിലെ മെത്രാന്‍മാര്‍ സിനഡ് തീരുമാന പ്രകാരമുള്ള ഏകീകൃത കുര്‍ബാന അര്‍പ്പിക്കണമെന്നായിരുന്നു കര്‍ദിനാള്‍ ആലഞ്ചേരി സര്‍ക്കുലര്‍ ഇറക്കിയത്. ഏകീകൃത കുര്‍ബാന അര്‍പ്പിക്കുന്നതില്‍ നിന്നും എറണാകുളം അങ്കമാലി അതിരൂപതയിലെ പുരോഹിതര്‍ക്ക് ഇളവ് അനുവദിച്ചിരുന്നു. അതിനാല്‍, മറ്റിടങ്ങളിലെ മെത്രാന്‍മാരും പുരോഹിതരും അതിരൂപതിയിലെത്തിയാലും ഏകീകൃത കുര്‍ബാന അര്‍പ്പിക്കാന്‍ സാധിക്കുമായിരുന്നില്ല. തുടര്‍ന്നായിരുന്നു കര്‍ദിനാളിന്റെ സര്‍ക്കുലര്‍. ക്രിസ്മസ് കുര്‍ബാനകള്‍ പുതിയ രീതിയില്‍ നടത്തണം. എറണാകുളം അങ്കമാലി അതിരൂപതയിലെത്തുന്ന മെത്രാന്‍മാര്‍ക്ക് അതിനുവേണ്ട സൗകര്യമൊരുക്കണമെന്നും ബിഷപ്പ് കരിയിലിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ജനാഭിമുഖ കുര്‍ബാന രീതി തന്നെ തുടരുമെന്നായിരുന്നു ബിഷപ്പ് കരിയിലിന്റെ മറുപടി. തീരുമാനം അടിച്ചേല്‍പ്പിച്ചാല്‍ സംഘര്‍ഷത്തിന് സാധ്യതയുണ്ട്. കനോന്‍ നിയമപ്രകാരമുള്ള ഇളവുള്ളതിനാല്‍, പഴയ രീതി തന്നെ തുടരുമെന്നും ബിഷപ്പ് കരിയില്‍ മറുപടിയില്‍ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞവര്‍ഷം നടപ്പാക്കിയ, കുര്‍ബാന ഏകീകരണത്തിലും ബിഷപ്പ് കരിയില്‍ വിമത നിലപാടാണ് സ്വീകരിച്ചത്.
കുര്‍ബാന ഏകീകരണത്തിന്റെ കാര്യത്തില്‍ സഭ, രണ്ടു പക്ഷമായി. ജനാഭിമുഖ കുര്‍ബാന നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് വിമതവൈദികര്‍ മാര്‍പാപ്പയ്ക്ക് കത്തയച്ചു. ഒരു വിഭാഗം വിശ്വാസികളും അതിനെ പിന്തുണച്ചിരുന്നു. വിശ്വാസികളും വൈദികരും പരസ്യമായി പ്രതിഷേധിക്കുകയും ചെയ്തു. എന്നാല്‍, എതിര്‍പ്പുകളെ അവഗണിച്ച് മുന്നോട്ടുപോകാനായിരുന്നു സഭാ നേതൃത്വത്തിന്റെ തീരുമാനം. കുര്‍ബാന ഏകീകരണത്തില്‍ വിശ്വാസികള്‍ക്കും വൈദികര്‍ക്കും ഇടയില്‍ ഭിന്നത വളര്‍ത്തിയത് ബിഷപ്പ് കരിയിലിന്റെ നിലപാടുകളാണെന്ന അഭിപ്രായമായിരുന്നു വത്തിക്കാന്‍ മുന്നോട്ടുവെച്ചത്. വിമത വൈദികരുടെ പ്രതിഷേധങ്ങള്‍ക്ക് ഒത്താശ ചെയ്തത് ബിഷപ്പ് കരിയിലാണെന്ന കര്‍ദിനാള്‍ പക്ഷത്തിന്റെ വാദമാണ് വത്തിക്കാനും അംഗീകരിച്ചത്. അതിന്റെ ബാക്കിപത്രമാണ് ബിഷപ്പ് കരിയിലിനെതിരായ നടപടി.
വത്തിക്കാന്‍ സ്ഥാനപതിയായ അപ്പോസ്‌തോലിക് നൂണ്‍ഷ്യോ ബിഷപ്പ് കരിയിലിനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് തീരുമാനം അറിയിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ദിവസങ്ങള്‍ക്കുമുന്‍പ് കത്ത് നല്‍കിയെങ്കിലും ഇക്കാര്യം അനുസരിക്കാന്‍ ബിഷപ്പ് കരിയില്‍ തയ്യാറായിട്ടില്ല. കത്തിന് മറുപടിയും നല്‍കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് നൂണ്‍ഷ്യോ ലിയോപോര്‍ഡോ ജിറേലി ചൊവ്വാഴ്ച കൊച്ചിയിലെത്തുന്നത്. രാജി എഴുതി വാങ്ങിക്കാനാണ് വത്തിക്കാന്‍ സ്ഥാനപതി നേരിട്ടെത്തുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഓഗസ്റ്റ് ആറിന് സിറോ മലബാര്‍ സഭ സിനഡ് കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ചേരുന്നുണ്ട്. ബിഷപ്പ് കരിയിലിനെ മാറ്റിനിര്‍ത്തിയശേഷം പുതിയ ബിഷപ്പിനെ പ്രഖ്യാപിക്കാനാണ് നീക്കമെന്നാണ് സൂചന.
ആലഞ്ചേരി അനുകൂല സാമുഹിക മാധ്യമങ്ങളിലൂടെയാണ് ഇത്തരമൊരു വിവരം പുറത്തുവന്നതെന്ന് വിമതപക്ഷത്തുള്ള വൈദികന്‍ 'ദി ഫോര്‍ത്തി'നോട് പറഞ്ഞു. അവര്‍ പുറത്തുവിട്ട വാര്‍ത്തകള്‍ ശരിയായ ചരിത്രമാണുള്ളത്.
അതേസമയം, വിഷയത്തില്‍ ബിഷപ്പ് കരിയില്‍ പരസ്യമായി പ്രതികരിച്ചിട്ടില്ല. ആലഞ്ചേരി അനുകൂല സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇത്തരമൊരു വിവരം പുറത്തുവന്നതെന്ന് വിമതപക്ഷത്തുള്ള വൈദികന്‍ 'ദി ഫോര്‍ത്തി'നോട് പറഞ്ഞു. അവര്‍ പുറത്തുവിട്ട വാര്‍ത്തകള്‍ ശരിയായ ചരിത്രമാണുള്ളത്. അതുകൊണ്ടാണ് വൈദികര്‍ ബിഷപ്പ് ഹൗസില്‍ യോഗം ചേര്‍ന്നത്. ബിഷപ്പിനെതിരെ സഭാ നേതൃത്വം കുറ്റപത്രമൊന്നും നല്‍കിയിട്ടില്ല. അതിനാല്‍ ബിഷപ്പ് ഇപ്പോള്‍ രാജിവയ്‌ക്കേണ്ടതില്ലെന്നാണ് യോഗത്തിന്റെ തീരുമാനം. പുറത്താക്കാന്‍ അധികാരമുണ്ടെങ്കില്‍ പുറത്താക്കട്ടെ. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ബിഷപ്പാണ്. അതിനൊപ്പം നില്‍ക്കുമെന്നും വൈദികന്‍ കൂട്ടിച്ചേര്‍ത്തു. ചേര്‍ത്തല സ്വദേശിയായ ആന്റണി കരിയില്‍ സിഎംഐ സന്യാസ സമൂഹത്തില്‍ നിന്നുള്ള ബിഷപ്പാണ്. മണ്ഡ്യ ബിഷപ്പായിരുന്ന അദ്ദേഹം, എറണാകുളം അങ്കമാലി അതിരൂപതയുടെ സ്വതന്ത്ര ചുമതലുള്ള ബിഷപ്പായി 2019ലാണ് ചുമതലയേറ്റത്.
ഏറെ വിവാദമായ ഭൂമി ഇടപാടില്‍ വ്യാപക ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. അതിരൂപത മൂന്നരക്കോടി രൂപ പിഴയൊടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. കേസില്‍, കര്‍ദിനാള്‍ ആലഞ്ചേരി, അതിരൂപത മുന്‍ ഫിനാന്‍സ് ഓഫീസര്‍ ഫാദര്‍ ജോഷി പുതുവ, ഭൂമി സ്വന്തമാക്കിയ സാജു വര്‍ഗീസ് എന്നിവര്‍ വിചാരണ നേരിടണമെന്ന് കീഴ്‌ക്കോടതിയും വിധിച്ചിരുന്നു. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍ കീഴ്‌ക്കോടതിയുടെയും ഹൈക്കോടതിയുടെയും പരിഗണനയിലുണ്ട്. കേസ് അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കര്‍ദിനാള്‍ സുപ്രീം കോടതിയെയും സമീപിച്ചിട്ടുണ്ട്. ഭൂമി ഇടപാടില്‍ കര്‍ദിനാളിന് ക്ലീന്‍ ചിറ്റ് നല്‍കുന്നതായിരുന്നു സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ മറുപടി. ഭൂമിയിടപാടില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് എറണാകുളം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ സി ബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയെന്നാണ് സര്‍ക്കാരിന്റെ സത്യവാങ്മൂലം. ഇതിനെല്ലാം പിന്നാലെയാണ് സഭാ നേതൃത്വം ബിഷപ്പ് കരിയിലിനെതിരെ നീങ്ങിയിരിക്കുന്നത്.