എറണാകുളം-അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കത്തില്‍ വത്തിക്കാന്റെ അന്തിമ ഇടപെടല്‍ ഉടന്‍
എറണാകുളം - അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കത്തില്‍ വത്തിക്കാന്റെ അന്തിമ ഇടപെടല്‍ ഉടനെന്ന് സൂചന. പൊന്തിഫിക്കല്‍ ഡെലിഗേറ്റ് ആര്‍ച്ച്ബിഷപ്പ് സിറില്‍ വാസില്‍ വത്തിക്കാനിലെത്തി. പൗരസ്ത്യ സഭകള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയത്തിലും വിശ്വാസ കാര്യങ്ങള്‍ക്കായുള്ള കാര്യാലയത്തിലും എറണാകുളം-അങ്കമാലി അതിരൂപതയിലെ നിലവിലെ സാഹചര്യം സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കും.
ഡിസംബര്‍ 25 മുതല്‍ അതിരൂപതയില്‍ ഏകീകൃത കുര്‍ബാന നടപ്പാക്കണമെന്ന മാര്‍പാപ്പയുടെ ഉത്തരവ് പാലിക്കപ്പെട്ടോ എന്ന വിഷയത്തില്‍ അപ്പസ്‌തോലിക്ക് അഡ്മിനിസ്‌ടേറ്റര്‍ ബിഷപ്പ് ബോസ്‌കോ പുത്തൂര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് വത്തിക്കാന്‍ ഉടന്‍ പരിഗണിക്കും. അഡ്മിനിസ്‌ട്രേറ്റര്‍ക്ക് വേണ്ടി അതിരൂപത ക്യൂരിയ അംഗങ്ങളായ വികാരി ജനറല്‍ ഫാ.വര്‍ഗ്ഗീസ് പൊട്ടക്കല്‍, ചാന്‍സിലര്‍ ഫാ. മാര്‍ട്ടിന്‍ കല്ലിങ്കല്‍ എന്നിവര്‍ ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ഈ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് വത്തിക്കാന്‍ അന്തിമ നടപടികള്‍ പ്രഖ്യാപിക്കുക.
ഇതിനിടെ അപ്പസ്‌തോലിക്ക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ബോസ്‌കോ പുത്തൂരിനെ ജനുവരി രണ്ടിനകം വത്തിക്കാനിലേക്ക് വിളിപ്പിച്ചേക്കും. എന്നാല്‍, എറണാകുളം അങ്കമാലി അതിരൂപതയില്‍ കുര്‍ബാന തര്‍ക്കം കടുക്കുകയാണ്. കയ്യേറ്റവും കുര്‍ബാന തടസപ്പെടുത്തലും പള്ളി പൂട്ടലും തുടരുകയാണ്. ഇന്നും അതിരൂപതയില്‍ അക്രമ സംഭവങ്ങള്‍ അരങ്ങേറി.
ആലുവ ചുണങ്ങംവേലിയില്‍ പള്ളി വികാരിയെ ഇടവകക്കാര്‍ പൂട്ടിയിട്ടു. സിനഡ് കുര്‍ബാന അര്‍പ്പിക്കാന്‍ ശ്രമിച്ച വികാരിഫാ. ജോര്‍ജ് നെല്ലിശേരിയെയാണ് പുലര്‍ച്ചെ പള്ളിമേടയില്‍ പൂട്ടിയിട്ടത്. പിന്നീട് ഈ പള്ളിയില്‍ അസിസ്റ്റന്റ് വികാരി ജനാഭിമുഖ കുര്‍ബാന ചൊല്ലി. ഇടവക വിട്ടു പൊയ്‌ക്കോളാമെന്ന ഉറപ്പില്‍ കുര്‍ബാനക്ക് ശേഷം വികാരി ജോര്‍ജ് നെല്ലിശ്ശേരിയെ ഇടവകക്കാര്‍ മോചിപ്പിച്ചു.