'വിഴിഞ്ഞത്ത് സർക്കാർ പ്രകോപനമുണ്ടാക്കി,സമരം ചെയ്യുന്നവർ ശത്രുക്കളാണെന്ന് എല്ലാ ഏകാധിപതികള്‍ക്കും തോന്നും':വി ഡി സതീശന്‍
വിഴിഞ്ഞം സമരത്തില്‍ സര്‍ക്കാര്‍ മനഃപൂര്‍വം പ്രകോപനമുണ്ടാക്കാനുള്ള ശ്രമം നടത്തിയെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. സമരത്തിലെ അക്രമ സംഭവങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ല. സമരക്കാർ കലാപകാരികളാണെന്ന് വരുത്തിതീർക്കാന്‍ സർക്കാർ ശ്രമിച്ചു. അതാണ് കലാപത്തിലെത്തിച്ചത്. സമരം ചെയ്യുന്നവര്‍ ശത്രുക്കളാണെന്ന് എല്ലാ ഏകാധിപതികള്‍ക്കും തോന്നും. അത് നരേന്ദ്രമോദിക്കും തോന്നുന്നുണ്ട്, പിണറായി വിജയനും തോന്നുന്നുണ്ട്. ഏകാധിപതികളുടെ പൊതുസ്വഭാവമാണതെന്നും സതീശന്‍ പറഞ്ഞു.
തീവ്രവാദബന്ധമുള്ളവരായി ഒൻപത് പേരുടെ ചിത്രമാണ് സിപിഐഎം മുഖപത്രമായ ദേശാഭിമാനി കൊടുത്തിട്ടുള്ളതെന്നും അതിലൊരാള്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ സഹോദരനാണ്. മന്ത്രി പറയട്ടെ അദ്ദേഹത്തിന്റെ സഹോദരന് തീവ്രവാദ ബന്ധമുണ്ടെന്ന്- വി ഡി സതീശന്‍ പറഞ്ഞു.
ആര്‍ച്ച് ബിഷപ്പിനെ ഒന്നാം പ്രതിയാക്കി. സഹായ മെത്രാനെ രണ്ടാം പ്രതിയാക്കി. അന്വേഷിച്ച് ചെന്ന പള്ളികമ്മിറ്റിക്കാരെ അകത്താക്കി. മനഃപൂര്‍വം ജനങ്ങളെ പ്രകോപിപ്പിച്ചു. അവിടെ നടക്കുന്നത് കലാപമാണ്, തീവ്രവാദമാണ് എന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമമാണ് നടന്നതെന്ന് വി ഡി സതീശന്‍ പറഞ്ഞു.
സമരസമിതിയുമായി സംസാരിക്കാന്‍ സര്‍ക്കാര്‍ എന്തുകൊണ്ടാണ് തയ്യാറാകാത്തത്?
വി ഡി സതീശന്‍
അദാനിയുടെ ഉച്ചഭാഷിണിയായി സംസ്ഥാന സര്‍ക്കാര്‍ മാറുകയാണ്. വികസനത്തിന്റെ ഇരകളായി മാറിയ പാവങ്ങളെ പുനരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട്, സമര സമിതിയുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. വാടക വീട്ടില്‍ താമസിപ്പിക്കാനും ഭാവിയില്‍ വീടെടുത്ത് കൊടുക്കാനും ഈ സര്‍ക്കാരിന് സാധിക്കുമോയെന്നും ഉറപ്പുതരുന്നില്ല. മുഖ്യമന്ത്രി തീരുമാനിച്ചാല്‍ ഒരു മണിക്കൂറുകൊണ്ട് സമരം അവസാനിക്കും. സമരസമിതിയുമായി സംസാരിക്കാന്‍ സര്‍ക്കാര്‍ എന്തുകൊണ്ടാണ് തയ്യാറാകാത്തതെന്നും സതീശന്‍ ചോദിച്ചു.
അനീതിയാണ് ചെയ്യുന്നത്. അവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്തിട്ടാണ് സര്‍ക്കാര്‍, സമരസമിതിയെ കുറ്റപ്പെടുത്തുന്നതെങ്കില്‍ കുഴപ്പമില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. സമരം ചെയ്യുന്നവര്‍ ശത്രുക്കളാണെന്ന് എല്ലാ ഏകാധിപതികള്‍ക്കും തോന്നും. എല്ലാ ഏകാധിപതികള്‍ക്കും ഒരു അരക്ഷിതബോധം ഉണ്ടാകും. അതുകൊണ്ടാണ് എന്ത് സമരമുണ്ടായാലും അത് തനിക്കെതിരേയാണെന്ന് തോന്നുന്നത്. അത് നരേന്ദ്രമോദിക്കും തോന്നുന്നുണ്ട് പിണറായി വിജയനും തോന്നുന്നുണ്ട്. അത് ഏകാധിപതികളുടെ പൊതുസ്വഭാവമാണ്. നാട്ടില്‍ വികസനമുണ്ടാകുമ്പോള്‍ വികസനത്തിന്റെ ഇരകളാവുന്നവരെ സംരക്ഷിക്കേണ്ട ബാധ്യത ഒരു ക്ഷേമ രാഷ്ട്രത്തിനുണ്ട്. ആ ഉത്തരാവദിത്വമാണ് ഈ സര്‍ക്കാര്‍ പാലിക്കാത്തതെന്നും വി ഡി സതീശന്‍ പറഞ്ഞു.