വി ഡി സതീശൻ
വി ഡി സതീശൻ

രമയുടെ മേല്‍ ആരും കുതിരകയറേണ്ട; യുഡിഎഫ് അവരെ ചേർത്ത് നിർത്തുമെന്നും വി ഡി സതീശന്‍

ചന്ദ്രശേഖരനെ 52 വെട്ടു വെട്ടി കൊന്നിട്ടും സിപിഎമ്മിന് കെ കെ രമയോടുള്ള കലി അടങ്ങിയിട്ടില്ല
Updated on
1 min read

കെ കെ രമയെ സിപിഎം തുട‍ർച്ചയായി അപമാനിക്കാൻ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രമയുടെ മേല്‍ ആരും കുതിര കയറാന്‍ വരേണ്ട. യുഡിഎഫ് അവരെ ചേര്‍ത്ത് നിര്‍ത്തുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം നിയമസഭയിലുണ്ടായ സംഘർഷത്തിനിടെ കൈയിൽ പരുക്കേറ്റ കെ കെ രമയ്‌ക്കെതിരെ സച്ചിൻദേവ് എംഎൽഎയും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ വിമർശനം.

ചന്ദ്രശേഖരനെ 52 വെട്ടു വെട്ടി കൊന്നിട്ടും സിപിഎമ്മിന് കെ കെ രമയോടുള്ള കലി അടങ്ങിയിട്ടില്ല. സമൂഹ മാധ്യമങ്ങളില്‍ മുഴുവന്‍ പ്രചരണങ്ങളും നടക്കുന്നത് ഭരണപക്ഷത്തുള്ള ഒരു എംഎല്‍എയുടെ നേതൃത്വത്തിലാണ്. കെ ക രമ പ്ലാസ്റ്റര്‍ ഇട്ടത് ജനറല്‍ ആശുപത്രിയില്‍ വച്ചാണെന്നും കൈയ്ക്ക് ഒന്നും പറ്റാതെ പ്ലാസ്റ്റര്‍ ഇട്ടുകൊടുക്കുന്ന ആശുപത്രിയാണ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയെങ്കില്‍ അതിന് ഉത്തരം പറയേണ്ടത് ആരോഗ്യ മന്ത്രിയാണെന്നും വി ഡി സതീശന്‍ പ്രതികരിച്ചു.

പരാതിക്കാരയ എംഎല്‍എമാര്‍ക്കെതിരെ പത്ത് വര്‍ഷം തടവ് ശിക്ഷ ലഭിക്കുന്ന ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇവിടെ വാദി പ്രതിയായി മാറിയിരിക്കുകയാണ്. അതിനൊക്കെ പിരഹാരമുണ്ടാവണമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. സഭ ചേരണമെന്നാണ് പ്രതിപക്ഷത്തിന്റെ താത്പര്യം. സര്‍ക്കാരിനെ ജനകീയ വിചാരണ ചെയ്യാനുള്ള സമയം നഷ്ടപ്പെടുത്തരുതെന്നുമാണ് പ്രതിപക്ഷത്തിനുള്ളത്. സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും അതിന് മുന്‍കൈ എടുക്കേണ്ടത് സര്‍ക്കാര്‍ തന്നെയാണെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

പരുക്കില്ലാതെയാണ് പ്ലാസ്റ്ററിട്ടതെങ്കിൽ ആരോഗ്യവകുപ്പ് മറുപടി പറയണമെന്ന് കെ കെ രമ എം വി ഗോവിന്ദന് മറുപടി നൽകിയിരുന്നു. തന്നെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായും രമ ആരോപിച്ചു.

logo
The Fourth
www.thefourthnews.in