ശശി തരൂര്‍
ശശി തരൂര്‍

എല്ലാ ജില്ലകളിലും പ്രസംഗിക്കണമെന്ന് ആവശ്യപ്പെട്ടത് പ്രതിപക്ഷ നേതാവ്: ശശി തരൂർ

അനാവശ്യ വിവാദങ്ങൾ എന്തിനെന്ന് മനസ്സിലാകുന്നില്ലെന്ന് ശശി തരൂർ
Updated on
1 min read

കേരളത്തില്‍ എല്ലാ ജില്ലകളും സന്ദർശിക്കാനും പ്രസംഗിക്കാനും പ്രതിപക്ഷ നേതാവ് പലതവണ ആവശ്യപ്പെട്ടിരുന്നെന്ന് ശശി തരൂർ എംപി. അതിന് താന്‍ ശ്രമിക്കുമ്പോള്‍ എന്തിന് വിവാദമുണ്ടാകുന്നുവെന്ന് മനസിലാകുന്നില്ല. വിവാദമുണ്ടാക്കുന്നവരാണ് അതിന് മറുപടി തരേണ്ടത്. തന്റെ സന്ദര്‍ശനം പത്തനംതിട്ട ഡിസിസിയെ അറിയിച്ചതാണ്. എല്ലാ ജില്ലകളിലും പോകുമ്പോള്‍ ഡിസിസി പ്രസിഡന്റുമാരെ അറിയിക്കാറുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു.

ഒരു ഗ്രൂപ്പിലും താന്‍ അംഗമല്ല. ഇപ്പോള്‍ നിലവിലുള്ള ഐ യും എ യും ഒന്നുമല്ല വേണ്ടത്. കോൺഗ്രസ് ഒന്നിച്ച് മുന്നോട്ടുപോകണം

ശശി തരൂർ

കോട്ടയം ഡിസിസി പ്രസിഡന്റിന്റെ പരാതിയില്‍ മറുപടി നല്‍കുമെന്നും തരൂർ വ്യക്തമാക്കി. ഒരു ഗ്രൂപ്പിലും താന്‍ അംഗമല്ല. ഇപ്പോള്‍ നിലവിലുള്ള ഐ യും എ യും ഒന്നുമല്ല വേണ്ടത്. ഒന്നിച്ചാണ് കോൺഗ്രസ് മുന്നോട്ടുപോകേണ്ടതെന്നും അദ്ദേഹം കൂട്ടിചേർത്തു.

സമാന്തര പ്രവര്‍ത്തനം നടത്തുന്നില്ലെന്ന വിശദീകരണവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ കെ എസ് ശബരീനാഥനും രംഗത്തെത്തി. ഈരാറ്റുപേട്ടയിലെ പരിപാടിയില്‍ നിരവധി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുത്തെന്ന് ശബരീനാഥന്‍ വ്യക്തമാക്കി. യൂത്ത് കോൺഗ്രസ്‌ കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈരാട്ടുപേട്ടയിൽ നടന്ന സമ്മേളനം തരൂരാണ് ഉദ്ഘാടനം ചെയ്തത്. ഡിസിസി പ്രസിഡന്റിനെ പോലെ തലയെണ്ണാന്‍ തനിക്കറിയില്ലെന്നും ശബരീനാഥന്‍ വ്യക്തമാക്കി.

മലബാർ സന്ദർശനത്തിന് ശേഷം ശശി തരൂർ മധ്യകേരളത്തിൽ മത മേലധ്യക്ഷൻമാരെ കാണുകയും പാർട്ടി പരിപാടികളില്‍ സജീവമാകുകയും ചെയ്തതോടെയാണ് കോൺഗ്രസിനകത്ത് തരൂരിനെ ചൊല്ലിയുള്ള തർക്കങ്ങൾ രൂക്ഷമായത്.

logo
The Fourth
www.thefourthnews.in