വി ഡി സതീശന്‍
വി ഡി സതീശന്‍

പ്രിയാ വര്‍ഗീസിനെതിരായ കോടതി ഉത്തരവ്: പിന്‍വാതില്‍ നിയമനം കിട്ടിയവര്‍ രാജിവെയ്ക്കണമെന്ന് വി ഡി സതീശന്‍

പ്രതിപക്ഷം പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് കോടതി അടിവരയിട്ട് പറഞ്ഞതെന്നും പ്രതികരണം
Updated on
1 min read

കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമന വിവാദത്തില്‍ ഹൈക്കോടതിയുടെ ഉത്തരവ് സ്വാഗതാര്‍ഹമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പ്രതിപക്ഷം പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് കോടതി അടിവരയിട്ട് പറഞ്ഞത്. പ്രതിപക്ഷത്തിന്റെ വാദം ശരിയാണെന്ന് തെളിഞ്ഞു. പിന്‍വാതില്‍ നിയമനം കിട്ടിയവര്‍ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ രാജിവെച്ച് പുറത്തുപോകാനുള്ള ധാര്‍മികത കാണിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

പിന്‍വാതില്‍ നിയമനം കിട്ടിയവര്‍ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ രാജിവെച്ച് പുറത്തുപോകാനുള്ള ധാര്‍മികത കാണിക്കണം
വി ഡി സതീശന്‍, പ്രതിപക്ഷ നേതാവ്

പിഎസ്‌സി റാങ്ക് ലിസ്റ്റിലുള്ള പലരും ഇപ്പോള്‍ പുറത്താണ്. അതേസമയം, താല്‍കാലിക നിയമനം കിട്ടിയവർ ഇപ്പോഴും സര്‍വീസില്‍ തുടരുന്ന സാഹചര്യവുമുണ്ട്. ലിസ്റ്റിലുള്ളവരെ പരിഗണിച്ചാല്‍ പിന്‍വാതിലൂടെ നിയമനം നേടിയവര്‍ പുറത്തു പോകേണ്ടി വരുമെന്നും സതീശന്‍ പ്രതികരിച്ചു. ചോദിക്കാനും പറയാനും ആരും ഇല്ലാത്തതുപോലെയാണ് നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും. സര്‍ക്കാര്‍ പണംമുടക്കിയാണ് കേസ് നടത്തുന്നതെന്നും സതീശന്‍ കുറ്റപ്പെടുത്തി.

സര്‍വകലാശാല നിയമനങ്ങളില്‍ യുജിസി മാനദണ്ഡങ്ങള്‍ അട്ടിമറിച്ച് സിപിഎം നടത്തിയ വഴിവിട്ട ഇടപെടലുകള്‍ക്കും, കൈകടത്തലുകള്‍ക്കും കിട്ടിയ കനത്ത പ്രഹരമാണ് പ്രിയാ വര്‍ഗീസിന്റെ നിയമനക്കേസുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ നേരത്തെ പ്രതികരിച്ചിരുന്നു.

അസോസിയേറ്റ് പ്രൊഫസർ റാങ്ക് പട്ടികയിലെ രണ്ടാം റാങ്കുകാരനായ പ്രൊഫസർ ജോസഫ് സ്കറിയ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർണായക വിധി. റാങ്ക് പട്ടികയും പ്രിയാ വര്‍ഗീസിന്റെ യോഗ്യതകളും സര്‍വകലാശാല പുനഃപരിശോധിക്കണമെന്നാണ് ഉത്തരവ്.

logo
The Fourth
www.thefourthnews.in