'എൻഎസ്എസിനെ തളളിപ്പറഞ്ഞിട്ടില്ല; വർ​ഗീയ വാദികളുടെ വോട്ട് വേണ്ടെന്നാണ് പറഞ്ഞത്': വി ഡി സതീശൻ

'എൻഎസ്എസിനെ തളളിപ്പറഞ്ഞിട്ടില്ല; വർ​ഗീയ വാദികളുടെ വോട്ട് വേണ്ടെന്നാണ് പറഞ്ഞത്': വി ഡി സതീശൻ

ഒരാളോടും അകല്‍ച്ചയില്ല, എല്ലാവരെയും ചേർത്തുനിർത്തുമെന്നും പ്രതിപക്ഷ നേതാവ്
Updated on
1 min read

എൻഎസ്എസിനെ തളളിപ്പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വർഗീയവാദികളുടെ വോട്ട് വേണ്ടെന്നാണ് പറഞ്ഞത്. മറ്റാരുടെയും വോട്ട് വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും സതീശന്‍ വ്യക്തമാക്കി. വോട്ട് വാങ്ങിയ ശേഷം വി ഡി സതീശന്‍ തള്ളിപ്പറഞ്ഞെന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ വിമർശനത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. ദുബായില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വി ഡി സതീശന്‍.

'പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടപ്പോഴും ഇതേ ആരോപണം എന്‍എസ്എസ് ഉന്നയിച്ചിരുന്നു. എന്നാല്‍, എന്‍എസ്‍എസിനെ തള്ളിപ്പറഞ്ഞിട്ടില്ല. സെക്കുലറിസം എന്നാല്‍ മതനിരാസമല്ല, എല്ലാവരെയും ചേർത്തുനിർത്തലാണ്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ വർഗീയവാദികളുടെ വോട്ട് വേണ്ടെന്ന് പറഞ്ഞിട്ടുണ്ട്. അതല്ലാതെ മറ്റാരുടെയും വോട്ട് വേണ്ടെന്ന് പറഞ്ഞിട്ടില്ല'. വി ഡി സതീശന്‍ പറഞ്ഞു.

സമുദായ നേതാക്കള്‍ ഇരിക്കാന്‍ പറയുമ്പോള്‍ ഇരുന്നാല്‍ മതി, കിടക്കേണ്ടതില്ല. തിരഞ്ഞെടുപ്പ് സമയത്ത് സമുദായ നേതാക്കളുടെ അടുത്തുപോയി വോട്ട് ചോദിക്കുന്നതിൽ എന്താണ് തെറ്റെന്നും വി ഡി സതീശന്‍ ചോദിച്ചു. എല്ലാ മതവിഭാഗങ്ങളുടെ അടുത്തും പോകും. ഒരാള്‍ക്കും അയിത്തം കല്‍പ്പിച്ചിട്ടില്ല. എല്ലാവരുടെ അടുത്തും പോകാം. അവരുടെ പ്രശ്നങ്ങള്‍ അന്വേഷിക്കാം. അവർക്കൊപ്പം ചേർന്നുനില്‍ക്കാം. സഹായിക്കാം. ആരോടും അകല്‍ച്ചയില്ല. സതീശന്‍ കൂട്ടിച്ചേർത്തു.

മത, സാമുദായിക നേതാക്കന്മാരുടെ തിണ്ണ നിരങ്ങുന്ന സമ്പ്രദായമില്ലെന്ന് വി ഡി സതീശൻ പറഞ്ഞെന്നായിരുന്നു സുകുമാരന്‍ നായരുടെ ആരോപണം. തിരഞ്ഞെടുപ്പ് സമയത്ത് തന്റെ അടുത്ത് വന്നിരുന്ന് പിന്തുണ അഭ്യര്‍ഥിച്ച ആളാണ് സതീശന്‍. പറവൂര്‍ താലൂക്ക് യൂണിയന്‍ പ്രസിഡന്റിനെ ഫോണില്‍ വിളിച്ച് എല്ലാ വീടുകളിലും പോയി പറയണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഒരു നായരല്ലേ, ജയിച്ചോട്ടെയെന്നാണ് കരുതിയത്. എന്നാല്‍, ജയിച്ച ശേഷം എന്‍എസ്എസിനെ തള്ളിപ്പറഞ്ഞെന്നായിരുന്നു സുകുമാരന്‍ നായർ ആരോപിച്ചത്.

logo
The Fourth
www.thefourthnews.in