എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയിലേക്കു നയിച്ച കൈക്കൂലി ആരോപണം; പ്രശാന്തനെ പുറത്താക്കാന്‍ നടപടി, നിയമോപദേശം തേടി ആരോഗ്യവകുപ്പ്

എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയിലേക്കു നയിച്ച കൈക്കൂലി ആരോപണം; പ്രശാന്തനെ പുറത്താക്കാന്‍ നടപടി, നിയമോപദേശം തേടി ആരോഗ്യവകുപ്പ്

പ്രശാന്തന്‍ സര്‍ക്കാര്‍ ജീവനക്കാരനല്ലെന്നും കരാര്‍ ജീവനക്കാരന്‍ മാത്രമാണെന്നും മന്ത്രി
Updated on
1 min read

പെട്രോള്‍ പമ്പിന് അനുമതിക്കായി എഡിഎം നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയെന്ന് ആരോപണം ഉന്നയിച്ച പരിയാരം മെഡിക്കല്‍ കോളേജിലെ ജീവനക്കാരന്‍ ടി വി പ്രശാന്തനെ ജോലിയില്‍നിന്ന് നീക്കുമന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഇതിനായുള്ള നിയോമപദേശം ആരോഗ്യവകുപ്പ് തേടിയിട്ടുണ്ട്. പ്രശാന്തനെതിരെ വകുപ്പുതല അന്വേഷണം നടത്തും.പ്രശാന്തന്‍ സര്‍ക്കാര്‍ ജീവനക്കാരനല്ലെന്നും കരാര്‍ ജീവനക്കാരന്‍ മാത്രമാണെന്നും മന്ത്രി വ്യക്തമാക്കി.

സർക്കാർ ഏറ്റെടുത്ത പരിയാരം മെഡിക്കൽ കോളജിലെ ജീവനക്കാരെ സർക്കാർ ജീവനക്കാരാക്കുന്നതിനുള്ള ആഗിരണ പ്രക്രിയയാണ് ഇപ്പോൾ നടക്കുന്നത്. പ്രശാന്തന്റെ റെഗുലറൈസേഷൻ നടപടി നിർത്തിവെക്കും. ഇത്തരക്കാരനായ ഒരാൾ സർവിസിൽ തുടരേണ്ടെന്നാണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു.

നടപടികൾ വേഗത്തിലാക്കുന്നതിന് ആരോഗ്യവകുപ്പ് അഡീഷണൽ സെക്രട്ടറിയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോയിന്റെ സെക്രട്ടറിയും നാളെ പരിയാരത്തെത്തുന്നുണ്ട്. എഡിഎമ്മിനെതിരെ ആരോപണം ഉന്നയിച്ചതിനുപിന്നാലെ പ്രശാന്തൻ ജോലിക്കു ഹാജരായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡിഎംഇക്ക് നല്‍കിയ റിപ്പോര്‍ട്ട് തൃപ്തികരമല്ല. പെട്രോള്‍ പമ്പിന്‌റെ അപേക്ഷകന്‍ പ്രശാന്തന്‍ ആണോയെന്ന് അറിയില്ലെന്നാണ് ഡിഎംഇ അറിയിച്ചത്. ഈ സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിതന്നെ നേരിട്ട് പരിയാരത്തെത്തി കാര്യങ്ങള്‍ അന്വേഷിക്കും. പ്രശാന്തന്‍ ഇനി സര്‍വിസില്‍ വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി പറഞ്ഞു.

എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയിലേക്കു നയിച്ച കൈക്കൂലി ആരോപണം; പ്രശാന്തനെ പുറത്താക്കാന്‍ നടപടി, നിയമോപദേശം തേടി ആരോഗ്യവകുപ്പ്
നിജ്ജർ വധം: 'ഇന്ത്യ-കാനഡ ബന്ധം വഷളാക്കിയത് ട്രൂഡോ, കൊലപാതകം തെറ്റായ കാര്യം'; ആരോപണങ്ങള്‍ തള്ളി ഇന്ത്യൻ ഹൈക്കമ്മിഷണർ

എഡിഎം നവീന്‍ ബാബു പത്തനംതിട്ടയിലേക്കു സ്ഥലം മാറി പോകുന്നതിന് മുന്നോടിയായി കളക്ടറേറ്റില്‍ നടന്ന യാത്രയയപ്പ് ചടങ്ങിലെത്തിയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അഴിമതി ആരോപണമുന്നയിച്ചത്. ഇതിനു പിന്നാലെയായിരുന്നു നവീന്‍ബാബുവിന്റെ ആത്മഹത്യ.

ചെങ്ങളായിലെ പെട്രോള്‍ പമ്പിന് എന്‍ ഒ സി നല്‍കുന്നത് എ ഡി എം വൈകിച്ചുവെന്നും അവസാനം സ്ഥലംമാറി പോകുന്നതിനു തൊട്ടുമുൻപ് അനുമതി നൽകിയെന്നുമായിരുന്നു പി പി ദിവ്യയുടെ ആരോപണം. എൻഒസി നൽകിയത് എങ്ങനെയാണെന്ന് തനിക്കറിയാമെന്നു പറഞ്ഞ ദിവ്യ, എഡിഎമ്മിന് ഉപഹാരം നൽകുന്ന ചടങ്ങിൽ താനുണ്ടാകണമെന്ന് ആഗ്രഹിക്കുന്നില്ല, അതിന് പ്രത്യേക കാരണങ്ങളുമുണ്ടെന്നും അതു രണ്ടു ദിവസം കൊണ്ട് നിങ്ങൾ അറിയുമെന്നും പറഞ്ഞിരുന്നു. കളക്ടറുടെ സാന്നിധ്യത്തിലായിരുന്നു ദിവ്യ നവീനെതിരെ അഴിമതി ആരോപണം ഉന്നയിച്ചത്.

പെട്രോൾ പമ്പിന് എൻഒസി ലഭിക്കുന്നതിന് എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയതായി ആരോപിച്ച് പമ്പ് ഉടമ ടി വി പ്രശാന്തൻ മുഖ്യമന്ത്രിക്കു പരാതി നൽകിയിരുന്നതായി റിപ്പോർട്ട് പുറത്തുവന്നെങ്കിലും പരാതിയിലെ ഒപ്പ് വ്യാജമാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. പെട്രോള്‍ പമ്പ് സ്ഥാപിക്കാന്‍ ഉദ്ദേശിച്ച സ്ഥലത്തിനുള്ള പാട്ടക്കരാറിലേയും അതുപോലെ കൈക്കൂലി പരാതിയിലും ഒപ്പ് വേവ്വെറെയാണെന്നാണ് സംശയത്തിന് കാരണമായത്. പെട്രോള്‍ പമ്പിന് എട്ടാം തീയതിയാണ് എന്‍ഒസി അനുവദിച്ചതെന്നാണ് പരാതിയിലുള്ളത്. എന്നാല്‍ ഒമ്പതാം തീയതിയാണ് എഡിഎം എന്‍ഒസി നല്‍കിയത്.

logo
The Fourth
www.thefourthnews.in