'എട്ട് മണിക്കൂർ നീണ്ട സങ്കീർണ ശസ്ത്രക്രിയ, ഒടുവിൽ ആശ്വാസം'; എസ്എംഎ ബാധിച്ച സിയ മെഹറിനെ സന്ദർശിച്ച് മന്ത്രി
നട്ടെല്ലിലെ വളവ് പരിഹരിക്കുന്ന അതിനൂതനമായ ശസ്‌ത്രക്രിയ കഴിഞ്ഞ് സുഖം പ്രാപിച്ച കോഴിക്കോട് സ്വദേശിനിയായ പതിനാല് വയസുകാരി സിയ മെഹറിനെ സന്ദർശിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ കഴിയുന്ന സിയയുമായും ബന്ധുക്കളുമായും മന്ത്രി സംസാരിച്ചു. എട്ട് മണിക്കൂര്‍ നീണ്ടുനിന്ന സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ നട്ടെല്ലിലെ കശേരുക്കളില്‍ ടൈറ്റാനിയം നിര്‍മിത റോഡുകളുള്‍പ്പെടെയുള്ളവ ഘടിപ്പിച്ചാണ് വളവ് നേരെയാക്കിയത്. ആരോഗ്യകിരണം പദ്ധതി വഴി സൗജന്യമായാണ് സിയയ്ക്ക് ശസ്ത്രക്രിയ നടത്തിയത്.
സർക്കാർ മേഖലയിൽ ആദ്യമായിട്ടാണ് ഇത്തരമൊരു ശസ്ത്രക്രിയ നടന്നത്. എസ്എംഎ ബാധിച്ച കുട്ടികൾക്കുള്ള അതി നൂതനമായ ശസ്ത്രക്രിയയാണ് 14 വയസ്സുള്ള സിയയ്ക്ക് നടത്തിയത്. എസ്എംഎ ബാധിച്ച് കഴിഞ്ഞ 11 വര്‍ഷമായി വീല്‍ച്ചെയറില്‍ കഴിയുകയാണ് സിയ. നട്ടെല്ല് വളഞ്ഞിരുന്നതിനാൽ നേരെ ഉറങ്ങാൻ പോലും കഴിഞ്ഞിരുന്നില്ല. കൂടാതെ ശ്വാസം മുട്ടലും ഉണ്ടായിരുന്നു. നിവർന്നിരിക്കാൻ കഴിയുന്നതിന്റെ സന്തോഷവും വേദനകൾ മാറിയതിന്റെ ആശ്വാസവും സിയ മന്ത്രിയുമായി പങ്കുവച്ചു.
ഓര്‍ത്തോപീഡിക്സ് വിഭാഗത്തിലേയും അനസ്തേഷ്യ വിഭാഗത്തിലേയും നഴ്സിംഗ് വിഭാഗത്തിലേയും പ്രത്യേക പരിശീലനം ലഭിച്ചവരാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്. വലിയ ചെലവേറിയ ഇത്തരം ശസ്ത്രക്രിയ സ്വകാര്യ മേഖലയിൽ മാത്രമാണ് നടന്നിരുന്നത്. എസ്എംഎ ബാധിച്ച കുട്ടികളിൽ ഉണ്ടാകുന്ന നട്ടെല്ലിലെ വളവ് പരിഹരിക്കുന്ന അതിനൂതനമായ ശസ്‌ത്രക്രിയ സർക്കാർ മേഖലയിൽ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മേയ് 25നാണ് ആരംഭിച്ചത്.