അട്ടപ്പാടി മധു വധക്കേസ്: 14 പേർ കുറ്റക്കാർ; രണ്ട് പേരെ വെറുതെവിട്ടു, ശിക്ഷാവിധി നാളെ

അട്ടപ്പാടി മധു വധക്കേസ്: 14 പേർ കുറ്റക്കാർ; രണ്ട് പേരെ വെറുതെവിട്ടു, ശിക്ഷാവിധി നാളെ

മധു കൊല്ലപ്പെട്ട് അഞ്ച് വർഷം പിന്നിടുമ്പോഴാണ് കേസിൽ അന്തിമ വിധി വരുന്നത്
Updated on
3 min read

അട്ടപ്പാടി മധു വധക്കേസില്‍ 16 പ്രതികളില്‍ നാല്, പതിനൊന്ന് പ്രതികളൊഴികെ 14 പ്രതികളും കുറ്റക്കാർ. ഹുസൈൻ മേച്ചേരിയില്‍, കിളയില്‍ മരയ്ക്കാർ, ഷംസുദ്ദീൻ, രാധാകൃഷ്ണൻ, അബൂബക്കർ, സിദ്ദീഖ്, ഉബൈദ് , നജീബ്, ജൈജുമോൻ, സജീവ്, സതീഷ്, ഹരീഷ്, ബിജു, മുനീർ എന്നീ പ്രതികള്‍ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. നാലാം പ്രതി അനീഷ് 11-ാം പ്രതി അബ്ദുള്‍ കരീം എന്നിവരെ വെറുതെവിട്ടു. മണ്ണാർക്കാട് എസ് സി- എസ് ടി കോടതി ജഡ്ജ് കെ എം രതീഷ് കുമാറാണ് രാജ്യത്തെ നടുക്കിയ കേസില്‍ വിധി പറഞ്ഞത്. ശിക്ഷ നാളെ വിധിക്കും.

ഒന്നാം പ്രതി ഹുസൈനെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304(2) പ്രകാരമുള്ള മനഃപൂർവമല്ലാത്ത നരഹത്യ കുറ്റമാണ് തെളിഞ്ഞിരിക്കുന്നത്. മറ്റ് 12 പേർക്ക് 326, 367 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റവും പട്ടിക ജാതി പട്ടിക വർഗ നിയമപ്രകാരമുള്ള കുറ്റവും നിലനില്‍ക്കുമെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. 326 വകുപ്പ് പ്രകാരം അപകടകരമായ ആയുധങ്ങൾ ഉപയോഗിച്ച് ഗുരുതരമായ പരിക്കേൽപ്പിച്ചതിന് ജീവപര്യന്തം തടവുവരെ ലഭിക്കാവുന്നതാണ്. തട്ടിക്കൊണ്ടുപ്പോകലിന്റെ പരിധിയില്‍ വരുന്ന 367ാം വകുപ്പ് പ്രകാരം 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്നതാണ്.

മൂന്ന് മാസവും തടവും പിഴയും കിട്ടുന്ന 352 വകുപ്പ് പ്രകാരമുള്ള കുറ്റമാണ് 16-ാം പ്രതി മുനീറിനെതിരെ തെളിഞ്ഞത്. ജാമ്യം ലഭിക്കുന്നതിന് മുൻപ് ഈ കാലയളവ് ഇയാള്‍ ജയിലില്‍ കിടന്നിരുന്നു.

ഒന്നാം പ്രതി ഹുസൈൻ മേച്ചേരിയില്‍

സംഘം ചേർന്ന് കാട്ടിലെത്തി മധുവിനെ പിടികൂടി മുക്കാലിയിലെത്തിച്ചു. മധുവിനെ ചവിട്ടിവീഴ്ത്തി. ഈ വീഴ്ചയിലാണ് മധുവിന്റെ തലപൊട്ടിയത്. ഹുസൈൻ ചവിട്ടിവീഴ്ത്തിയെന്ന 13-ാം സാക്ഷിയുടെ മൊഴിയാണ് നിർണായകമായത്.

രണ്ടാം പ്രതി കിളയില്‍ മരയ്ക്കാർ

മധു കാട്ടിലുണ്ടെന്നറിഞ്ഞ് സംഘം ചേർന്നെത്തി. മധുവിനെ ക്രൂരമായി മർദിക്കുന്നതില്‍ പങ്കാളിയായി. ആക്രമണത്തിന്റെ ദൃശ്യങ്ങളുടെ ഡിജിറ്റല്‍ തെളിവ് കണക്കിലെടുത്താണ് മരയ്ക്കാർ കുറ്റക്കാരനെന്ന് കണ്ടെത്തിയത്.

മൂന്നാം പ്രതി ഷംസുദ്ദീൻ

ബാഗിന്റെ സിബ്ബ് ഊരി മധുവിന്റെ കയ്യില്‍ കെട്ടി, വടി വെച്ച് അതിക്രൂരമായി മർദിച്ചു. വാരിയെല്ല് തകർത്തു.

അഞ്ചാം പ്രതി രാധാകൃഷ്ണൻ

സംഘത്തിനൊപ്പെ കാട്ടിലെത്തി, മധുവിന്റെ മുണ്ടഴിച്ച് കൈ കെട്ടി, ദൃശ്യങ്ങള്‍ പകർത്തി.

ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി സിദ്ദിഖ്

ആറും ഏഴും പ്രതികള്‍ സമാന കുറ്റം ചെയ്തവരാണ്. ആറാം പ്രതി അബൂബക്കറും ഏഴാം പ്രതി സിദ്ദിഖും കാട്ടിലെത്തി മധുവിനെ പിടികൂടി സംഘം ചേർന്ന് മർദിച്ചു

എട്ടാം പ്രതി ഉബൈദ്

കാട്ടില്‍നിന്ന് മധുവിനെ കൊണ്ടുവരാൻ സംഘം ചേർന്നു. ദൃശ്യങ്ങളെടുത്ത് പ്രചരിപ്പിച്ചു.

ഒൻപതാം പ്രതി നജീബ്

മധുവിനെ കാട്ടില്‍നിന്ന് കൊണ്ടുവരാൻ പോയ ജീപ്പ് ഓടിച്ചു. മധുവിനെ ദേഹോപദ്രവമേല്‍പ്പിച്ചു.

10-ാം പ്രതി ജൈജുമോൻ

സംഘത്തിനൊപ്പം ചേർന്നു കാട്ടിലെത്തി. മധു മോഷ്ടിച്ചെന്ന് ആരോപിക്കപ്പെടുന്ന അരിയും സാധനങ്ങളുമടങ്ങുന്ന ചാക്കുകെട്ട് ഗുഹയില്‍നിന്ന് പുറത്തെടുത്തു. മധുവിന്റെ തോളില്‍വച്ച് കെട്ടി.

12-ാം പ്രതി സജീവ്, 13-ാം പ്രതി സതീഷ്

പന്ത്രണ്ടും പതിമൂന്നും പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത് സമാനമായ കുറ്റമാണ്. 12-ാം പ്രതി സജീവും 13-ാം പ്രതി സതീഷും സജീവും മറ്റ് പ്രതികള്‍ക്കൊപ്പം കാട്ടിലെത്തി. മധുവിന്റെ മുണ്ടഴിച്ച് കൈ കെട്ടാൻ സഹായിച്ചു. മർദിച്ചു. ദൃശ്യങ്ങള്‍ പകർത്തി.

14-ാം പ്രതി ഹരീഷ്

പിടിച്ചുകൊണ്ടുവന്ന സംഘത്തിനൊപ്പം ചേർന്നു. മധുവിനെ മർദിച്ചു.

15-ാം പ്രതി ബിജു

പിടിച്ചുകൊണ്ടുവന്ന സംഘത്തിനൊപ്പം ചേർന്നു. കയ്യില്‍ കെട്ടിയ ബാഗിന്റെ സിബ്ബില്‍ പിടിച്ച് നടത്തിച്ചു. മധുവിന്റെ മുതുകില്‍ ഇടിച്ചു.

16-ാം പ്രതി മുനീർ

മധുവിനെ മുക്കാലിയിലെത്തിച്ച സംഘത്തിനൊപ്പമുണ്ടായിരുന്നു. കാല്‍മുട്ടുകൊണ്ട് ഇടിച്ചു.

ദൃശ്യങ്ങള്‍ പകർത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്ന കുറ്റമാണ് കോടതി വെറുതെവിട്ട നാലാം പ്രതി അനീഷിനെതിരെ ചുമത്തിയിരുന്നത്. 11-ാം പ്രതി അബ്ദുള്‍ കരീമിനെതിരെ സാക്ഷിമൊഴി ഉണ്ടായിരുന്നു. എന്നാൽ പിന്നീട് സാക്ഷി മൊഴി മാറ്റി. സാക്ഷിമൊഴിയോ ഡിജിറ്റല്‍ തെളിവോ ഇയാള്‍ക്കെതിരെയില്ല. മുക്കാലിയിലെത്തിച്ച ശേഷമാണ് അബ്ദുള്‍ കരീം രംഗത്തെത്തുന്നത്. മധുവിനെ 'കള്ളാ' എന്ന് വിളിച്ച് അപമാനിച്ചെന്നാണ് അബ്ദുള്‍ കരീമിനെതിരെ ചുമത്തിയിരുന്ന കുറ്റം.

മധു കൊല്ലപ്പെട്ട് അഞ്ച് വർഷം പിന്നിടുമ്പോഴാണ് കേസിൽ അന്തിമ വിധി വന്നിരിക്കുന്നത്. 2018 ഫെബ്രുവരി 22നാണ് ഇരുപത്തിയേഴുകാരനായ മധുവിനെ ഭക്ഷണം മോഷ്ടിച്ചെന്നാരോപിച്ച് ആള്‍ക്കൂട്ട വിചാരണ നടത്തി അതിക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്.

അട്ടപ്പാടി മധു വധക്കേസ്: 14 പേർ കുറ്റക്കാർ; രണ്ട് പേരെ വെറുതെവിട്ടു, ശിക്ഷാവിധി നാളെ
ഇന്നലെ കാണാനാവാത്തത് ഇന്ന് കണ്ടു ; മധു വധക്കേസില്‍ മൊഴി തിരുത്തിയത് ഇങ്ങനെ

പാലക്കാട് അട്ടപ്പാടി ചിണ്ടക്കി സ്വദേശിയായ മധു എന്ന ആദിവാസി യുവാവിനെ ആൾക്കൂട്ട വിചാരണ നടത്തി മർദിച്ച് കൊലപ്പെടുത്തിയത് കേരളം ഞെട്ടലോടെയാണ് കേട്ടത്. കാടിനുസമീപത്തെ മുക്കാലിക്കവലയിലെ കടയിൽനിന്ന് അരിയും മറ്റു സാധനങ്ങളും മോഷ്ടിച്ചുവെന്നാരോപിച്ചായിരുന്നു നാട്ടുകാരുടെ വിചാരണയും ക്രൂരമര്‍ദനവും. മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ കെട്ടിയിട്ട് മർദിച്ചതിനൊപ്പം ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിലും പ്രചരിപ്പിച്ചു.

അട്ടപ്പാടി മധു വധക്കേസ്: 14 പേർ കുറ്റക്കാർ; രണ്ട് പേരെ വെറുതെവിട്ടു, ശിക്ഷാവിധി നാളെ
'എന്താണ് സംഭവിച്ചതെന്ന് പോലും അറിയില്ല'; മധു വധക്കേസില്‍ 36-ാം സാക്ഷിയും കൂറുമാറി

നാട്ടുകാരിൽ ഒരാൾ അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി മധുവിനെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയിരുന്നു. എന്നാൽ ജീപ്പിൽ വച്ച് മധു കുഴഞ്ഞുവീഴുകയും ഛർദിക്കുകയും ചെയ്തതിന് പിന്നാലെ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിൽ എത്തിക്കും മുൻപ് മധു മരിച്ചിരുന്നു. ആന്തരികാവയവങ്ങൾക്കേറ്റ ഗുരുതര ക്ഷതമായിരുന്നു മരണകാരണം.

അട്ടപ്പാടി മധു വധക്കേസ്: 14 പേർ കുറ്റക്കാർ; രണ്ട് പേരെ വെറുതെവിട്ടു, ശിക്ഷാവിധി നാളെ
അട്ടപ്പാടി മധു വധക്കേസ്; പ്രതികളുടെ ജാമ്യം റദ്ദാക്കിയ നടപടി ശരിവെച്ച് ഹൈക്കോടതി

സംഭവം നടന്ന് നാല്‌ വർഷം കഴിഞ്ഞാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. കേസിൽ ആകെയുണ്ടായിരുന്ന 127 സാക്ഷികളിൽ 103 പേരെ വിസ്തരിച്ചെങ്കിലും 24 പേര്‍ വിചാരണയുടെ പല ഘട്ടങ്ങളിലായി കൂറുമാറി. മധുവിന്റെ ബന്ധുക്കളടക്കം കൂറുമാറിയവരിൽ പെടുന്നു. മധുവിനെ മർദിക്കുന്ന ദൃശ്യങ്ങള്‍ തിരിച്ചറിയാൻ സാധിക്കുന്നില്ലെന്ന് മൊഴി മാറ്റിയ സാക്ഷിയെ കാഴ്ച പരിശോധനയ്ക്ക് അയയ്ക്കുകയും തുടർന്ന് ദൃശ്യങ്ങള്‍ തിരിച്ചറിയാമെന്ന് മൊഴി തിരുത്തുകയും ചെയ്ത അപൂർവമായ നടപടി വരെ വിചാരണ കാലത്തുണ്ടായി.

അട്ടപ്പാടി മധു വധക്കേസ്: 14 പേർ കുറ്റക്കാർ; രണ്ട് പേരെ വെറുതെവിട്ടു, ശിക്ഷാവിധി നാളെ
അട്ടപ്പാടി മധു വധക്കേസ്; കൂറുമാറിയ സാക്ഷികള്‍ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി

മധുവിന്റെ അമ്മ മല്ലിയുടെയും സഹോദരി സരസുവിന്റെയും അഞ്ച് വര്‍ഷം നീണ്ട പോരാട്ടത്തിനൊടുവിലാണ് കേസ് ഇപ്പോൾ അന്തിമ ഘട്ടത്തിലെത്തിയിരിക്കുന്നത്. വിചാരണയുടെ ഘട്ടത്തില്‍ കുടുംബത്തിന് പലയിടത്ത് നിന്നും ഭീഷണിയുയർന്നു. കേസ് പിൻവലിക്കാനുണ്ടായ ഭീഷണിക്കൊപ്പം കൂറുമാറാതിരിക്കാൻ പണം നല്‍കാനുള്ള സാക്ഷികളുടെ സമ്മർദവും വലുതായിരുന്നു. ഭീഷണിപ്പെടുത്തിയവർക്കെതിരെ കുടുംബം നല്‍കിയ കേസും നടക്കുന്നുണ്ട്.

logo
The Fourth
www.thefourthnews.in