എല്‍ദോസ് കുന്നപ്പിള്ളില്‍
എല്‍ദോസ് കുന്നപ്പിള്ളില്‍

മുൻകൂർ ജാമ്യാപേക്ഷയില്‍ വിധി വ്യാഴാഴ്ച; എല്‍ദോസ് കുന്നപ്പിള്ളില്‍ ഒളിവിലല്ലെന്ന് അഭിഭാഷകന്‍

തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിരുന്ന മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി
Updated on
1 min read

ബലാത്സംഗ കേസില്‍ അന്വേഷണം നേരിടുന്ന എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ 20 ന് വിധി. വഞ്ചിയൂർ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലെ വാദം പൂര്‍ത്തിയായി. എംഎല്‍എ ഒളിവിലല്ലെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ആവശ്യപ്പെട്ടാല്‍ ഏത് സമയത്തും കോടതിയില്‍ ഹാജരാകാന്‍ എംഎല്‍എ തയ്യാറാണെന്നും അഭിഭാഷകര്‍ പറഞ്ഞു. ജാമ്യം അനുവദിച്ചാല്‍ എല്‍ദോസ് കുന്നപ്പിള്ളില്‍ സാക്ഷികളെ സ്വാധീനിക്കുമെന്നായിരുന്നു പരാതിക്കാരിയുടെ വാദം.

കെട്ടിച്ചമച്ചതാണ് തനിക്കെതിരായ കേസെന്നായിരുന്നു എല്‍ദോസ് കുന്നപ്പിള്ളിലിന്‍റെ പ്രധാന വാദം. ഇതിനായി പരാതിക്കാരിയുമായി ബന്ധപ്പെട്ട കേസുകള്‍ എല്‍ദോസിന്‍റെ അഭിഭാഷകൻ കോടതിയില്‍ ചൂണ്ടിക്കാട്ടി. സമാനമായ ആരോപണമാണ് തനിക്കെതിരെയും ഉന്നയിക്കുന്നതെന്ന് എല്‍ദോസ് ആരോപിച്ചു. ശാരീരികമായി ഉപദ്രവിച്ചെന്ന് മാത്രമാണ് ആദ്യം പരാതിയില്‍ വ്യക്തമാക്കിയിരുന്നത്. വഞ്ചിയൂർ സ്റ്റേഷനിലെത്തിയപ്പോഴാണ് പീഡനം ആരോപിക്കുന്നത്. ഇതിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് അഭിഭാഷകൻ പറഞ്ഞു. രാഷ്ട്രീയ ഭാവിയുള്ള നേതാവാണ് എല്‍ദോസ്. അത് തകർക്കാനാണ് ശ്രമം. ഈ സാഹചര്യത്തില്‍ സ്വാഭാവിക നീതിയായ ജാമ്യം അനുവദിക്കണമെന്ന് എല്‍ദോസ് കുന്നപ്പിള്ളിലിന്‍റെ അഭിഭാഷകൻ പറഞ്ഞു.

പരാതി നല്‍കിയിട്ടും പോലീസിന്‍റെ ഭാഗത്ത് നിന്ന് നീതി ലഭിച്ചില്ലെന്ന് പരാതിക്കാരി പറഞ്ഞു. 12 ദിവസം കഴിഞ്ഞിട്ടാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്യാൻ പോലും തയ്യാറായത്. കേസില്‍ വീഴ്ച വരുത്തിയെന്ന പരാതിയില്‍ കോവളം എസ്എച്ച്ഒക്കെതിരെ സർക്കാർ വരെ അന്വേഷണം നടത്തുന്നുണ്ടെന്ന കാര്യവും പരാതിക്കാരിയുടെ അഭിഭാഷകൻ കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇരയുടെ സ്വഭാവം പരിഗണിക്കരുതെന്ന് സുപ്രീംകോടതി നിർദേശവും അഭിഭാഷകന്‍ കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു.

വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചെന്നും ദേഹോപദ്രവം ഏല്‍പ്പിച്ചെന്നുമാണ് എംഎല്‍എയ്ക്ക് എതിരെ അധ്യാപിക പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ എല്‍ദോസ് കുന്നപ്പിള്ളിലിനെതിരെ ബലാത്സംഗത്തിന് കേസ് എടുക്കുകയും ചെയ്തിരുന്നു. പരാതിക്കാരിയായ അധ്യാപിക കഴിഞ്ഞ ദിവസം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ രഹസ്യമൊഴി നല്‍കി. പിന്നാലെയാണ് എംഎല്‍എ മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചത്.

പീഡന പരാതിയില്‍ വിശദീകരണം തേടിയിട്ടുള്ള കെപിസിസി എംഎല്‍എയ്ക്ക് നല്‍കിയിരിക്കുന്ന അവസാന തീയതിയും ഒക്ടോബര്‍ 20 ആണ്. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്നുമാണ് കെപിസിസി നിലപാട്.

logo
The Fourth
www.thefourthnews.in