പരാതിക്കാരായ സ്ത്രീകള്‍ക്കുള്ള പ്രത്യേക അവകാശങ്ങളെക്കുറിച്ച് പോലീസുകാര്‍ക്ക് അറിവുണ്ടാകണം: ഡിജിപി ബി സന്ധ്യ

പരാതിക്കാരായ സ്ത്രീകള്‍ക്കുള്ള പ്രത്യേക അവകാശങ്ങളെക്കുറിച്ച് പോലീസുകാര്‍ക്ക് അറിവുണ്ടാകണം: ഡിജിപി ബി സന്ധ്യ

വനിതകളുടെ എണ്ണം പോലീസില്‍ 33 ശതമാനം ആകുന്നതുവരെ നീതിനിര്‍വഹണത്തില്‍ വിടവുകള്‍ ഉണ്ടാകുമെന്നും ഔദ്യോഗിക വിരമിക്കല്‍ പ്രസംഗത്തില്‍ പരാമര്‍ശം
Updated on
1 min read

പരാതിക്കാരായ സ്ത്രീകള്‍ക്കുള്ള പ്രത്യേക അവകാശങ്ങളെക്കുറിച്ച് ഓരോ പോലീസുകാര്‍ക്കും അറിവുണ്ടാകണമെന്ന് ഡിജിപി ഡോ.ബി സന്ധ്യ. പോലീസില്‍ വനിതകളുടെ എണ്ണം പോലീസില്‍ 33 ശതമാനം ആകുന്നതുവരെ നീതിനിര്‍വഹണത്തില്‍ വിടവുകളുണ്ടാകുമെന്നും ഔദ്യോഗിക വിരമിക്കല്‍ പ്രസംഗത്തില്‍ അവര്‍ പറഞ്ഞു.

ബലപ്രയോഗം അധികം നടത്താതെ തന്നെ കുറ്റവാളികളെ കീഴ്‌പ്പെടുത്തുന്നതിനും ദേഹപരിശോധന ചെയ്യുന്നതിനുമുള്ള പരിശീലനം പോലീസുകാര്‍ നേടിയിരിക്കണം. ഒരു നിമിഷത്തെ അശ്രദ്ധയ്ക്കും താമസത്തിനും വലിയ വില നല്‍കേണ്ടി വരുമെന്നും പേരൂര്‍ക്കട എസ്എപി പരേഡ് ഗ്രൗണ്ടില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ ഡിജിപി പറഞ്ഞു.

പോലീസില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും എല്ലാ തസ്തികകളിലേക്കും അപേക്ഷിക്കാന്‍ അവസരം ഉണ്ടാകണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നു. എസ്ഐ തസ്തികളിലേക്ക് വനിതകള്‍ക്ക് അപേക്ഷിക്കാന്‍ അവസരം സൃഷ്ടിച്ചതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഭാവിയിലെ പോലീസ് എഐ സംവിധാനങ്ങള്‍ കൂടുതല്‍ ഉപയോഗപ്പെടുത്തും. പരിസ്ഥിതി സംബന്ധമായ കുറ്റകൃത്യങ്ങള്‍ പ്രധാനപ്പെട്ടതാകുമെന്നും സന്ധ്യ പറഞ്ഞു.

1988 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയായ ബി സന്ധ്യ കോട്ടയം പാലാ സ്വദേശിയാണ്.ഡിജിപി തസ്തികയിലെത്തിയ രണ്ടാമത്തെ വനിതയാണ് ഡോ.ബി സന്ധ്യ. ഷൊര്‍ണ്ണൂര്‍ എസ്പിയായിട്ടായിരുന്നു ആദ്യ നിയമനം. 35 വര്‍ഷത്തെ സര്‍വീസിനു ശേഷം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഡിജിപിയായാണ് വിരമിക്കുന്നത്. വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അതി ഉത്കൃഷ്ട സേവാപഥക് എന്നിവ ലഭിച്ചിട്ടുണ്ട്.

സംസ്ഥാന പോലീസ് മേധാവിയാകാൻ യോഗ്യയായിരുന്ന സന്ധ്യക്ക് സര്‍ക്കാരിന്റെ നിസഹകരണം കാരണമാണ് പദവി ലഭിക്കാതിരുന്നത് എന്ന ആക്ഷേപമുയര്‍ന്നിരുന്നു. ഡിജിപി പദവിയിലെത്തിയ ആദ്യ വനിതയായ ആര്‍ ശ്രീലേഖയ്ക്കും പോലീസ് മേധാവി സ്ഥാനം ലഭിച്ചിരുന്നില്ല. സന്ധ്യയ്ക്ക് അവസരം നല്‍കാതെയാണ് ജൂനിയറായ അനില്‍ കാന്തിനെ സര്‍ക്കാര്‍ ഡിജിപിയാക്കിയത്. അനില്‍ കാന്തിന്റെ സര്‍വീസ് രണ്ട് വര്‍ഷം നീട്ടി നല്‍കിയതോടെ സന്ധ്യക്ക് അവസരം നഷ്ടമായി.

ബി സന്ധ്യയ്ക്കും എക്‌സൈസ് കമ്മീഷണര്‍ ആര്‍ അനന്ദകൃഷ്ണനും പുറമെ കേരള കേഡര്‍ ഡിജിപി അരുണ്‍കുമാര്‍ കൂടി വിരമിക്കുന്നതോടെ പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണിക്കാണ് കളമൊരുങ്ങുന്നത്. ഒന്‍പത് എസ്പിമാരും ഇന്ന് വിരമിക്കും. ഇതോടെ ജില്ലാ പോലീസ് മേധാവിമാരിലും അഴിച്ചുപണിയുണ്ടാകും. അനന്ദകൃഷ്ണനും സന്ധ്യയ്ക്കും പകരം എഡിജിപി കെ പദ്മകുമാര്‍, എഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് എന്നിവര്‍ക്ക് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കും.

സംസ്ഥാന പോലീസ് മേധാവി അനില്‍കാന്തും മനുഷ്യാവകാശ കമ്മീഷന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിയും അടുത്തമാസം വിരമിക്കും. അനില്‍ കാന്തിനു പകരം പോലീസ് മേധാവി പദവിയിലേക്ക് അര്‍ഹരായ എട്ട് ഉദ്യോഗസ്ഥരുടെ പട്ടിക കഴിഞ്ഞ മാസം സംസ്ഥാനം കേന്ദ്രത്തിനു നല്‍കിയിരുന്നു.

logo
The Fourth
www.thefourthnews.in