വെറ്ററിനറി സർവകലാശാല വിദ്യാർഥിയുടെ മരണം: സിദ്ധാർത്ഥനെ തല്ലിക്കൊന്നത് എസ്എഫ്ഐ നേതൃത്വത്തിലെന്ന് സതീശന്‍

വെറ്ററിനറി സർവകലാശാല വിദ്യാർഥിയുടെ മരണം: സിദ്ധാർത്ഥനെ തല്ലിക്കൊന്നത് എസ്എഫ്ഐ നേതൃത്വത്തിലെന്ന് സതീശന്‍

സിദ്ധാർഥിന്റെ മരണത്തില്‍ നടപടിയെടുത്തില്ലെങ്കില്‍ പ്രതിഷേധം ഉയരുമെന്നും സതീശന്‍ മുന്നറിയിപ്പ് നല്‍കി
Updated on
1 min read

വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥിയായ തിരുവനന്തപുരം സ്വദേശി സിദ്ധാർത്ഥനെ എസ്എഫ്‌ഐ നേതാക്കളുടെ നേതൃത്വത്തില്‍ തല്ലിക്കൊന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കോളേജിലെ ഒരു പരിപാടിയില്‍ ഡാന്‍സ് ചെയ്തതിന്റെ പേരിലാണ് ഇത്തരമൊരു ക്രൂരത നേരിടേണ്ടി വന്നത്. കേരളത്തിലെ ഒരു കോളേജിലാണ് ഇത് സംഭവിച്ചതെന്ന് എല്ലാവരും അറിയണം. ക്രിമനലുകളുടെ സംഘമായി എസ്എഫ്ഐ മാറിക്കഴിഞ്ഞു. സിദ്ധാർഥിന്റെ മരണത്തില്‍ നടപടിയെടുത്തില്ലെങ്കില്‍ പ്രതിഷേധം ഉയരുമെന്നും സതീശന്‍ മുന്നറിയിപ്പ് നല്‍കി.

"കഴിഞ്ഞ ദിവസം പൂക്കോട് വെറ്ററിനറി സർവകലാശലയില്‍ രണ്ടാം വർഷ വിദ്യാർഥിയെ ക്രൂരമായി മർദിച്ചു. അത് കൊലപാതകമാണെന്ന് കുടുംബം പരാതിപ്പെട്ടിരിക്കുകയാണ്. തിരുവനന്തപുരം നെടുമങ്ങാടുള്ള സിദ്ധാർത്ഥനെന്ന വിദ്യാർഥിയാണ്. സീനിയർ വിദ്യാർഥികളുടെ കൂടെ കോളേജിലെ ഒരു പരിപാടിയില്‍ നൃത്തം ചെയ്തെന്ന പേരിലാണ് നൂറുകണക്കിന് വിദ്യാർഥികള്‍ നോക്കിനില്‍ക്കെ സിദ്ധാർത്ഥനെ വിവസ്ത്രനാക്കി ക്രൂരനായി മർദിച്ചത്. ഇരുമ്പ് ദണ്ഡുകൊണ്ടും ബെല്‍റ്റുകൊണ്ടുമായിരുന്നു മർദനം," സതീശന്‍ പറഞ്ഞു.

വെറ്ററിനറി സർവകലാശാല വിദ്യാർഥിയുടെ മരണം: സിദ്ധാർത്ഥനെ തല്ലിക്കൊന്നത് എസ്എഫ്ഐ നേതൃത്വത്തിലെന്ന് സതീശന്‍
'ബെൽറ്റിന് തല്ലി, വിവസ്ത്രനാക്കി റാഗ് ചെയ്തു;' പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥിയുടെ മരണം കൊലപാതകമെന്ന് കുടുംബം

"ഒരു കുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷയായ ഒരു കുഞ്ഞിനെയാണ് എസ്എഫ്ഐ നേതാക്കളുടെ നേതൃത്വത്തില്‍ തല്ലിക്കൊന്നത്. എന്തൊരു ക്രൂരതയാണ്, അവിശ്വസനീയമായ ക്രൂരതയാണ്. വെറ്ററിനറി സർവകലാശാലയിലെ ഡീനടക്കമുള്ള അധ്യാപകർ ഇത് മറച്ചുവെക്കാന്‍ ശ്രമിച്ചുവെന്നത് അത്ഭുതപ്പെടുത്തുന്നു. വിദ്യാർഥിയുടെ ബന്ധുക്കള്‍ പരാതിയുമായി എത്തിയപ്പോള്‍ പുറത്തുപറയരുതെന്ന് നിർബന്ധിച്ചു. ഈ പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയാറായിട്ടില്ല," സതീശന്‍ വിമർശിച്ചു.

"കേരളത്തിലെ ഒരു ക്യാമ്പസിലാണ് ഒരു കുഞ്ഞിന് ഇത്തരമൊരു സ്ഥിതിയുണ്ടായതെന്ന് നമ്മള്‍ അറിയണം. നാട്ടിലേക്ക് മടങ്ങിയ കുട്ടിയെ കൊച്ചിയിലെത്തിയപ്പോള്‍ അത്യാവശ്യമുണ്ടെന്ന് പറഞ്ഞ് കോളേജിലേക്ക് തിരിച്ചുവെച്ചായിരുന്നു ആക്രമിച്ചത്. എന്തും ചെയ്യാന്‍ മടിക്കാത്ത ക്രിമിനലുകളുടെ സംഘമായി സിപിഎം നേതാക്കള്‍ എസ്എഫ്ഐയെ വളർത്തിക്കൊണ്ടു വരുന്നു. പ്രതികള്‍ക്കെതിരെ എത്രയും വേഗം നടപടിയെടുത്തില്ലെങ്കില്‍ ശക്തമായ സമരങ്ങളുമായി ഞങ്ങളെല്ലാവരും രംഗത്തിറങ്ങും," സതീശന്‍ കൂട്ടിച്ചേർത്തു.

logo
The Fourth
www.thefourthnews.in