വിശദീകരണം നല്‍കി വിസിമാര്‍; ഹിയറിങ്ങിന് ശേഷം തുടര്‍ നടപടികളിലേക്ക് കടക്കാന്‍ ഗവര്‍ണര്‍
ചാന്‍സലറുടെ കാരണം കാണിക്കല്‍ നോട്ടീസിന് പത്ത് വിസിമാരും മറുപടി നല്‍കി. കണ്ണൂര്‍ വിസി ഗോപിനാഥ് രവീന്ദ്രനാണ് സമയപരിധി അവസാനിക്കുന്നതിന് തൊട്ടുമുന്‍പായി, ഏറ്റവുമൊടുവില്‍ മറുപടി നല്‍കിയത്. അഭിഭാഷകന്‍ മുഖേനെയാണ് കണ്ണൂര്‍ വിസി ഗവര്‍ണറെ മറുപടി അറിയിച്ചത്. യുജിസി മാര്‍ഗനിര്‍ദേശം അനുസരിച്ച് യോഗ്യതയുണ്ടെന്ന വിശദീകരണമാണ് വി സിമാര്‍ ചാന്‍സലറെ അറിയിച്ചിരിക്കുന്നത്. വൈകിട്ട് അഞ്ച് മണിക്കായിരുന്നു നേരിട്ടോ അല്ലാതെയോ വിശദീകരണം നല്‍കാന്‍ വിസിമാര്‍ക്ക് നല്‍കിയ സമയപരിധി അവസാനിച്ചത്. അതിനിടെ കെടിയു വിസിയുടെ ചുമതല ഏറ്റെടുത്ത ഡോ. സിസ തോമസ് ഗവർണറുമായി കൂടിക്കാഴ്ച നടത്തി.
വി സിമാര്‍ക്ക് ഹിയറിങ് നടത്തിയ ശേഷം തുടര്‍നടപടികളിലേക്ക് കടക്കാനാണ് ഗവര്‍ണറുടെ തീരുമാനം. ഹിയറിങ്ങിന് നേരിട്ട് ഹാജരാകില്ലെന്ന് കണ്ണൂര്‍ വി സി ഗോപിനാഥ് രവീന്ദ്രന്‍ വ്യക്തമാക്കി. ആവശ്യമെങ്കില്‍ അഭിഭാഷകന്‍ ഹാജരാകുമെന്നും അദ്ദേഹം അറിയിച്ചു.
ശാസ്ത്ര സാങ്കേതിക സര്‍വകലാശാല വിസി നിയമനം അസാധുവാക്കിയ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ വിസിമാര്‍ക്ക് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയത്. നേരത്തെ രാജിവയ്ക്കണമെന്ന് ഗവര്‍ണര്‍ നിര്‍ദേശിച്ച 9 വിസിമാരുള്‍പ്പെടെയുള്ളവര്‍ക്കാണ് നോട്ടീസ് നല്‍കിയത്. യുജിസി ചട്ട ലംഘനം സംബന്ധിച്ച് വിശദീകരണം നല്‍കാനായിരുന്നു കാരണംകാണിക്കല്‍ നോട്ടീസിലെ നിര്‍ദേശം. ഇതിനിടെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ സ്ഥാനമൊഴിഞ്ഞ കെടിയു വിസി ഡോ. എംഎസ് രാജശ്രീക്ക് പകരം ഡോ. സിസ തോമസ് സ്ഥാനമേറ്റെടുക്കുകയും ചെയ്തിരുന്നു.
ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസിനെതിരെ വൈസ് ചാന്‍സലര്‍മാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. വിഷയത്തില്‍ ഹൈക്കോടതി സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാകും.