സംവരണം അട്ടിമറിച്ചു; വിദ്യയുടെ പിഎച്ച്‍ഡി പ്രവേശനവും ചട്ടവിരുദ്ധം, രേഖ പുറത്ത്
മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ രേഖ നിർമിച്ച് ഗസ്റ്റ് ലക്ചറർ നിയമനം നേടാൻ ശ്രമിച്ച വിദ്യയുടെ പിഎച്ച്‍ഡി പ്രവേശനവും വഴിവിട്ട നീക്കങ്ങളിലൂടെയെന്ന് വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ പുറത്തുവന്നു. ചട്ടം മറികടന്ന് കാലടി സർവകലാശാല റിസർച്ച് കമ്മിറ്റി വിദ്യയുടെ പേര് തിരുകി കയറ്റിയ യോഗത്തിന്റെ മിനുട്ട്സാണ് പുറത്തായത്. സംവരണം മറികടന്നാണ് വിദ്യയെ ഉൾപ്പെടുത്തിയതെന്ന് ആക്ഷേപമുയർന്നിരുന്നു.
15-ാം പേരായാണ് വിദ്യയെ ഉൾപ്പെടുത്തിയത്. ആദ്യ പത്ത് പേരിൽ രണ്ട് പേർ എസ്‍സി- എസ്‍ടി എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അഞ്ച് പേരെ പുതുതായി ഉൾപ്പെടുത്തിയപ്പോൾ സംവരണം പാലിച്ചില്ലെന്നാണ് മിനിറ്റ്സിൽ വ്യക്തമാകുന്നത്. ഇതിനിടെ കേസില്‍ മഹാരാജാസ് കോളേജിലെ ജീവനക്കാരുടെ മൊഴി പോലീസ് രേഖപ്പെടുത്തി.
വിദ്യക്കെതിരെ കേസെടുത്ത സാഹചര്യത്തിൽ കാലടി സർവകലാശാലയും നടപടിക്കൊരുങ്ങുകയാണ്. ഗവേഷണ വിദ്യാർഥിയായ വിദ്യയെ സസ്പെൻഡ് ചെയ്യാനും സർവകലാശാല ആലോചിക്കുന്നുണ്ട്. കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാൽ പുറത്താക്കുമെന്നാണ് സർവകലാശാലയുടെ നിലപാട്.
അതേസമയം, വിദ്യ എസ്എഫ്‍ഐ നേതാവല്ലെന്ന് എല്‍ഡിഎഫ് കൺവീനർ ഇ പി ജയരാജൻ. കൂടുതൽ വോട്ട് നേടാൻ കഴിയുന്നവരെ യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കും. ഭാരവാഹികൾ ആകുന്നവർ നേതാവാകില്ല. നേതാക്കൾ മത്സരിക്കണമെന്നുമില്ല. വ്യാജ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യ ചെയ്തത് തെറ്റാണ്. പിഎച്ച്‍ഡി പ്രവേശനത്തിൽ അട്ടിമറി നടന്നെങ്കിൽ തെളിവ് കൊണ്ടുവരണം. ഒരു കുറ്റവാളിയെയും സർക്കാരും എസ്എഫ്‍ഐയും സംരക്ഷിക്കില്ല. വിദ്യയ്ക്ക് സഹായം ലഭിച്ചതിന്റെ തെളിവുകളുണ്ടെങ്കിൽ വരട്ടെയെന്നും ഇ പി ജയരാജൻ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
സംവരണ തത്വങ്ങൾ അട്ടിമറിച്ചെങ്കിൽ അന്വേഷണം വരട്ടെ. അറിയപ്പെടാത്ത എന്തെല്ലാം കാര്യങ്ങളുണ്ട്. എസ്‍എഫ്‍ഐക്കാർ വഴിയേ നടന്നുപോയാലും ആരോപണമാണ്. വെറുതെ ആരോപണം ഉന്നയിക്കരുത്. നേതാക്കൾക്കൊപ്പമുള്ള ഫോട്ടോ ആധികാരിക രേഖയല്ല. ഗൂഢാലോചനയുണ്ടോയെന്ന് കണ്ടെത്തട്ടെയെന്നുമാണ് ജയരാജന്റെ പ്രതികരണം.
അതേസമയം, മാർക്ക് ലിസ്റ്റ് വിവാദത്തിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷൊ ഡിജിപിക്ക് പരാതി നൽകി. വിവാദത്തിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്നും അത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി. മാർക്ക് ലിസ്റ്റ് വിവാദത്തിൽ ആർഷൊയ്ക്ക് പങ്കില്ലെന്ന് ഇ പി ജയരാജൻ പ്രതികരിച്ചു.