"വന്ദേഭാരതം ഇറങ്ങി മലയാളികൾ അടി തുടങ്ങീ"... ഫെലിക്‌സിൻ്റെ പാരഡി സൂപ്പർ ഹിറ്റ്

"വന്ദേഭാരതം ഇറങ്ങി മലയാളികൾ അടി തുടങ്ങീ"... ഫെലിക്‌സിൻ്റെ പാരഡി സൂപ്പർ ഹിറ്റ്

മനോഹരമായ ആനിമേഷന്റെ പിന്തുണയോടെ ചിത്രീകരിക്കപ്പെട്ട ഫെലിക്സിന്റെ പാരഡി ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്
Updated on
1 min read

ന്യൂഡൽഹിയിലേക്കുള്ള രാജധാനി എക്സ്‌പ്രസിനോ കാസർഗോഡേക്കുള്ള വന്ദേഭാരതിനോ വേഗക്കൂടുതൽ എന്നതിനെ കുറിച്ചുള്ള ചൂടൻ മാധ്യമ ചർച്ചയിൽ നിന്നാണ് ഫെലിക്സ് ദേവസ്യയുടെ കാതിലും മനസ്സിലും ആ വാക്ക് കയറിവന്നത്: രാജധാനി. രസികനൊരു പാട്ടിന്റെ വരികളും വന്നു പിന്നാലെ:

"വന്ദേഭാരതം ഇറങ്ങി മലയാളികൾ അടി തുടങ്ങീ, രാജധാനിയെക്കാൾ വേഗതയുണ്ടേലും കെ റെയ്‌ലിനെക്കാളും സ്ലോ അല്ലേ?"

നിറകുടം എന്ന സിനിമക്ക് വേണ്ടി ബിച്ചു തിരുമല - ജയവിജയ കൂട്ടുകെട്ടിൽ പിറന്ന "നക്ഷത്രദീപങ്ങൾ തിളങ്ങി നവരാത്രി മണ്ഡപമൊരുങ്ങി" എന്ന ഗാനത്തിന്റെ ഈണത്തിലായിരുന്നു ആ വരവ്. മനോഹരമായ ആനിമേഷന്റെ പിന്തുണയോടെ ചിത്രീകരിക്കപ്പെട്ട ഫെലിക്സിന്റെ പാരഡി ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റ്.

എന്തു വിഷയത്തിലും മുൻ-പിൻ നോക്കാതെ കലഹിക്കുക, അടിയുണ്ടാക്കുക എന്നത് നമ്മൾ മലയാളികളുടെ ശീലമാണല്ലോ? ആ ശീലത്തെ ഒന്ന് നർമമധുരമായി കൈകാര്യം ചെയ്യാമെന്ന ഉദ്ദേശ്യമേ ഉണ്ടായിരുന്നുള്ളൂ തനിക്കെന്ന് ഫെലിക്സ്. അല്ലാതെ ഇതിൽ കക്ഷിരാഷ്ട്രീയമൊന്നുമില്ല; പക്ഷപാതവും. വീഡിയോയിൽ മൂന്ന് കഥാപാത്രങ്ങൾ. മൂന്നും ഫെലിക്സ് തന്നെ. ഫെലിക്സ് ഒന്നാമൻ വന്ദേഭാരത് അനുകൂലി. രണ്ടാമൻ കെ റെയിൽ ആരാധകൻ. ഇടയ്ക്കുള്ള ഫെലിക്സ് മൂന്നാമനാണ് യഥാർഥത്തിൽ കാവിലെ പാട്ടു മത്സരത്തിലെ അംപയർ.

മുൻപും കുറിക്കുകൊള്ളുന്ന പാരഡികളിലൂടെ മലയാളികളെ ചിരിപ്പിച്ചിട്ടുണ്ട് കോട്ടയം ചിങ്ങവനം സ്വദേശിയും ആനിമേറ്ററുമായ ഫെലിക്സ്.

മുൻപും കുറിക്കുകൊള്ളുന്ന പാരഡികളിലൂടെ മലയാളികളെ ചിരിപ്പിച്ചിട്ടുണ്ട് കോട്ടയം ചിങ്ങവനം സ്വദേശിയും ആനിമേറ്ററുമായ ഫെലിക്സ്. വെക്കേഷൻ കാലത്തെ കുട്ടികളുടെ അഭ്യാസങ്ങളുമായി വന്ന "വേനലവധിയായി" ആയിരുന്നു ആദ്യത്തെ ഹിറ്റ്. ചൊട്ട മുതൽ ചുടല വരെ എന്ന പാട്ടിന്റെ ഈണം പിന്തുടർന്ന പേട്ട മുതൽ കൊച്ചി വരെ പുകയിൽ മുങ്ങി എന്ന ഗാനം കൊച്ചി നഗരത്തിലെ മാലിന്യക്കൂമ്പാരത്തെയും അന്തരീക്ഷ മലിനീകരണത്തേയും കുറിച്ചായിരുന്നു. "ഒന്നാന്തരം വീടൊന്നവൻ കുത്തിമറിച്ചിട്ടന്നേ" ജനത്തെ നട്ടം തിരിപ്പിക്കുന്ന അരിക്കൊമ്പനെ കുറിച്ചും. എങ്കിലും പാരഡികളല്ല ഫെലിക്സിന്റെ മുഖ്യ മേച്ചിൽപ്പുറം; പാട്ടിനെ കുറിച്ചുള്ള കൗതുക നുറുങ്ങുകളാണ്. പിന്നെ അക്കാപ്പെല്ലയും കവർ വെർഷനുകളും.

പാട്ടു പഠിച്ചിട്ടില്ലെങ്കിലും സംഗീതത്തോട് ചെറുപ്പം മുതലേയുണ്ട് കമ്പം. അത് പാരഡിയിലേക്ക് വഴിമാറിയത് തികച്ചും യാദൃച്ഛികമായി. "ചിരിക്കൂട്ട് എന്നൊരു വാട്ട്സാപ്പ് ഗ്രൂപ്പുണ്ട് ഞങ്ങൾക്ക്. ഇടക്ക് ആരെങ്കിലുമൊക്കെ അതിൽ പാരഡികൾ എഴുതിയിടും. ചിലതൊക്കെ പാടിയും പങ്കുവയ്ക്കും. വെറുതെ ഒരു രസത്തിന് ഞാനും ഒരു കൈ നോക്കി. ഒ എൻ വി സാറിന്റെ ഏറെ പ്രിയപ്പെട്ട ഒരു ദലം മാത്രം വിടർന്നൊരു ചെമ്പനീർ മുകുളമായ് നീയെന്റെ മുന്നിൽ നിന്നു എന്ന പാട്ടിലാണ് ആദ്യം കൈവച്ചത്. ആദരണീയനായ കവിയോട് മനസ്സുകൊണ്ട് മുൻ‌കൂർ ക്ഷമാപണം നടത്തിയ ശേഷമായിരുന്നു ആ സാഹസം. പലരും അത് ഇഷ്ടപ്പെട്ട് ഷെയർ ചെയ്തു. അവിടെ നിന്നാണ് പാരഡിപ്രവാഹം തുടങ്ങിയത്."

ആനിമേഷനാണ് ഫെലിക്സിന്റെ ഇഷ്ടമേഖല. മനോരമയുടെ കിലുക്കാം പെട്ടിക്ക് വേണ്ടി ചെയ്ത വീഡിയോകൾ സൂപ്പർ ഹിറ്റാണ് യൂട്യൂബിൽ. പച്ചത്തീയാണ് നീ, കാക്കച്ചിപ്പെണ്ണിന് കല്യാണം, ഏനുണ്ടോടീ തുടങ്ങിയ പാട്ടുകളും വൈറൽ.

logo
The Fourth
www.thefourthnews.in