പാർട്ടി അച്ചടക്കത്തിന് നിർവചനം വേണമെന്ന് തരൂർ പക്ഷം ; പ്രതികരിക്കാതെ താരിഖ് അൻവർ
കോൺഗ്രസ്സിൽ ശശി തരൂർ - വിഡി സതീശൻ പോര് മുറുകുന്നതിനിടെ സംസ്ഥാനത്തിന്‍റെ ചുമതല വഹിക്കുന്ന എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ കോഴിക്കോട് എത്തി. രാവിലെ ഡിസിസി ഓഫീസ് തറകല്ലിടൽ ചടങ്ങിനെത്തിയ താരിഖ് അൻവർ കെപിസിസി അധ്യക്ഷൻ കെ സുധാകരനുമായി കൂടികാഴ്ച നടത്തി. എന്നാൽ ശശി തരൂർ വിഷയത്തിൽ കാര്യമായ പ്രതികരണം എഐസിസി ജനറൽ സെക്രട്ടറിയിൽ നിന്ന് ഉണ്ടായില്ല. തരൂരിന് ഏത് പരിപാടിയിലും പങ്കെടുക്കാമെന്ന് നേരത്തെ താരിഖ് അൻവർ നിലപാട് എടുത്തിരുന്നു. കേരളത്തിലെ കോൺഗ്രസ്സ് വെല്ലുവിളികൾ നേരിടുന്നുവെന്നും പാർട്ടി കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന സമയമാണെന്നും താരിഖ് അൻവർ പറഞ്ഞു. ജനാധിപത്യം സംരക്ഷിക്കാൻ രാഹുൽ ഗാന്ധി തീവ്ര ശ്രമം നടത്തുകയാണെന്നും ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ കോൺഗ്രസ്സിന് തിരിച്ചുവാരൻ സാധിക്കുമെന്നും താരിഖ് അൻവർ വ്യക്തമാക്കി.
അതേസമയം പാർട്ടി അച്ചടക്കത്തിന് നിർവചനം വേണമെന്ന് ശശി തരൂരിനൊപ്പം നിലകൊള്ളുന്ന എം കെ രാഘവൻ എം പി പറഞ്ഞു. താരിഖ് അൻവർ ഇരിക്കെയായിരുന്നു എം കെ രാഘവന്‍റെ പ്രതികരണം. കെപിസിസി അധ്യക്ഷൻ എന്ത് തീരുമാനിച്ചാലും അംഗീകരിക്കാൻ തയ്യാറാണെന്നും എന്നാൽ അച്ചടക്ക കാര്യത്തിൽ ഏറ്റകുറച്ചിൽ ഉണ്ടാകരുതെന്നും എല്ലാവരും ഒരുമിച്ച് പോകണമെന്നും എം കെ രാഘവൻ വ്യക്തമാക്കി. പൊതു പ്രശ്നങ്ങൾ ഏറ്റെടുക്കാത്ത നേതാക്കളെ ആർക്കും വേണ്ടെന്നായിരുന്നു ചടങ്ങിൽ കെ സുധാകരന്‍റെ പ്രതികരണം.
പ്രത്യയശാസ്ത്രം പഠിച്ചല്ല ഇപ്പോൾ ആരും രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നതെന്നും സഹായിക്കുന്നവർക്ക് ഒപ്പം നിൽക്കുന്ന രാഷ്ട്രീയമാണുള്ളതെന്നും കെ.സുധാകരൻ പറഞ്ഞപ്പോൾ എല്ലാ നേതാക്കൾക്കും കോൺഗ്രസ്സിൽ പ്രവർത്തിക്കാൻ അവസരം ഉണ്ടെന്നും പ്രതിപക്ഷ നേതാവും ശശി തരൂരും അകൽച്ചയിൽ ആണെന്നത് മാധ്യമ സൃഷ്ടിയാണെന്നുമായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.
സർക്കാരിനെതിരെ പ്രതിഷേധം ഉയരേണ്ട സമയമാണെന്നും രമേശ് ചെന്നിത്തല ഓർമ്മപ്പെടുത്തി. സർക്കാരിന്‍റെ ജനവിരുദ്ധ സമീപനങ്ങൾക്ക് എതിരെ ഒറ്റക്കെട്ടായി സമരം നയിക്കേണ്ട സമയം ആണെന്നും ചെന്നിത്തല പറഞ്ഞു.ഡിസിസി ഓഫീസ് തറക്കല്ലിടൽ ചടങ്ങിന് ശേഷം വയനാട്ടിൽ നടക്കുന്ന ജില്ലാ യുഡിഎഫ് കൺവെൻഷനിലും താരിഖ് അൻവർ പങ്കെടുക്കും. ശശീ തരൂർ വിവാദത്തിന്‍റെ പശ്ചാതലത്തിൽ താരിഖ് അൻവർ എം കെ രാഘവൻ എംപിയുമായി കൂടികാഴ്ച നടത്തിയേക്കും.