വിസ്മയ കേസില്‍ കിരണ്‍ കുമാര്‍ ജയിലില്‍ തുടരും; ശിക്ഷ റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി
വിസ്മയ കേസില്‍ ശിക്ഷ റദ്ദാക്കി ജാമ്യം അനുവദിക്കണമെന്ന പ്രതി കിരണ്‍കുമാറിന്റെ ആവശ്യം ഹൈക്കോടതി തള്ളി. 10 വർഷം കഠിന തടവും 12.5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച കൊല്ലം അഡീഷണൽ സെഷൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു കിരണ്‍കുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്. പ്രതിയുടെ ശിക്ഷ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് വിസ്മയയുടെ പിതാവ് ത്രിവിക്രമൻ നായർ സമര്‍പ്പിച്ച അപ്പീൽ ഹര്‍ജിയും കോടതി പരിഗണിച്ചു.
കേവലം 23 വയസ് മാത്രം പ്രായമായ ഡോക്ടറാകാൻ ആഗ്രഹിച്ച ഒരു പെൺകുട്ടിയാണ് ഭർതൃവീട്ടിലെ പീഡനത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്തതെന്ന് കോടതി പറഞ്ഞു. നിയമം മൂലം നിരോധിച്ച സ്ത്രീധനം ആവശ്യപ്പെട്ടതായി തെളിവുണ്ട്. സ്ത്രീധനമെന്നത് സാമൂഹിക തിന്മയാണ്. പ്രതിക്ക് ശിക്ഷ മരവിപ്പിച്ച് ജാമ്യം നൽകിയാൽ അത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും കോടതി വ്യക്തമാക്കി.
സ്ത്രീധന പീഡനത്തെ തുടർന്ന് വിസ്മയ കൊല്ലത്തെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച സംഭവത്തിലെ അപ്പീൽ ഹര്‍ജികളിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. വേണ്ടത്ര തെളിവുകളില്ലാതെയാണ് തന്നെ ശിക്ഷിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കിരണ്‍കുമാറിന്റെ ഹര്‍ജി. പ്രതിക്കുള്ള ശിക്ഷ കുറഞ്ഞു പോയെന്നാരോപിച്ചാണ് വിസ്മയയുടെ പിതാവ് കോടതിയെ സമീപിച്ചത്.
നിലമേൽ കൈതോട് സ്വദേശിനിയായ വിസ്മയയെ 2021 ജൂൺ 21 നാണ് ശാസ്താംകോട്ട പോരുവഴിയിലെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് സ്ത്രീധന പീഡനം, ഗാർഹിക പീഡന നിരോധന നിയമം, ആത്മഹത്യാ പ്രേരണക്കുറ്റവും തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കിരൺകുമാറിനെതിരെ കേസെടുക്കുകയായിരുന്നു.