വിശ്വനാഥൻ്റെ മരണം : സ്വമേധയാ കേസെടുത്ത്‌ ദേശീയ പട്ടിക വർഗ കമ്മീഷൻ

വിശ്വനാഥൻ്റെ മരണം : സ്വമേധയാ കേസെടുത്ത്‌ ദേശീയ പട്ടിക വർഗ കമ്മീഷൻ

പോലീസ് റിപ്പോർട്ട് തള്ളി സംസ്ഥാന എസ് സി, എസ് ടി കമ്മിഷൻ
Updated on
1 min read

ആദിവാസി യുവാവ് വിശ്വനാഥന്‍റെ മരണത്തിൽ സ്വമേധയാ കേസെടുത്ത്‌ ദേശീയ പട്ടിക വർഗ കമ്മീഷൻ. ഡി ജി പി അനിൽ കാന്ത്, കോഴിക്കോട് ജില്ലാ കലക്ടർ ഡോ. നരസിംഹുഗരി ടി എൽ റെഡ്ഡി, പോലീസ് കമ്മീഷണർ രജ്പാൽ മീണ എന്നിവരോട് ദേശീയ പട്ടിക വർഗ കമ്മീഷൻ റിപ്പോർട്ട് തേടി. കമ്മീഷന്‍റെ നോട്ടീസ് കൈപ്പറ്റി 3 ദിവസത്തിനകം കേസിൽ സ്വീകരിച്ച നടപടികൾ അറിയിക്കാനാണ് പട്ടിക വർഗ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുള്ളത്.

പട്ടികജാതി വർഗ അതിക്രമങ്ങൾ തടയുന്ന നിയമപ്രകാരം കേസെടുത്തിട്ടുണ്ടോ എന്ന് കമ്മീഷൻ ആരാഞ്ഞു.കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ വിവരങ്ങൾ, പ്രതിപട്ടികയിലുള്ളവർക്ക് എതിരെ എടുത്ത വകുപ്പുകൾ, , വിശ്വനാഥന്‍റെ ആശ്രിതർക്ക് ആശ്വാസ സഹായമായി തുക അനുവദിച്ചതിന്‍റെ വിവരങ്ങൾ എന്നിവ നൽകാനാണ് കമ്മീഷൻ നോട്ടീസിൽ വ്യക്തമാക്കിയിട്ടുള്ളത്. ഇക്കാര്യത്തിൽ വീഴ്ച വരുത്തിയാൽ മൂവരും പട്ടിക വർഗ കമ്മീഷന് മുന്നിൽ നേരിട്ട് ഹാജരാകണമെന്നും നോട്ടീസിൽ പറയുന്നുണ്ട്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ ആണ് കമ്മീഷൻ കേസെടുത്തത്.

അതിനിടെ വിശ്വനാഥന്‍റെ മരണം സംബന്ധിച്ച പോലീസ് റിപ്പോർട്ട് സംസ്ഥാന എസ് സി, എസ് ടി കമ്മീഷൻ തള്ളി. ആദിവാസി യുവാവിന്‍റെ മരണം സാധാരണ കേസ് ആയി ആണോ കണ്ടതെന്ന് എസ് സി കമ്മീഷൻ പോലീസിനോട് ആരാഞ്ഞു. മൃതദേഹം എക്സിക്യുട്ടീവ് മജിസ്ട്രേറ്റിന്‍റെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടത്താത്തത് വീഴ്ചയാണെന്നും ട്രൈബൽ പ്രൊമോട്ടറുടെ മൊഴി എടുക്കണമെന്നും എസ് സി, എസ് ടി കമ്മീഷൻ നിർദേശിച്ചു. മരണത്തിൽ ദുരൂഹതയില്ലെന്നും ആത്മഹത്യയാണെന്നുമായിരുന്നു പോലീസിന്‍റെ നിലപാട്.

പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മർദ്ദനത്തിന് തെളിവില്ലെന്നായിരുന്നു ഫോറൻസിക് സർജ്ജനും വ്യക്തമാക്കിയത്. ആൾക്കൂട്ട മർദ്ദനം സംബന്ധിച്ച് തെളിവില്ലെന്ന് സിറ്റി പോലീസ് കമ്മിഷണറടക്കം വ്യക്തമാക്കിയിരുന്നു. ലാഘവത്തോടെയാണ് ആദിവാസി യുവാവിന്‍റെ മരണത്തെ പൊലീസ് സമീപിച്ചതെന്നാണ് എസ് സി, എസ് ടി കമ്മിഷന്‍റെ വിലയിരുത്തൽ.

logo
The Fourth
www.thefourthnews.in