വിഴിഞ്ഞം സംഘര്‍ഷം
വിഴിഞ്ഞം സംഘര്‍ഷം

വിഴിഞ്ഞം സംഘര്‍ഷം: സമര സമിതിക്കെതിരെ ഒന്‍പത് കേസ്, വെെദികര്‍ ഉള്‍പ്പെടെ പ്രതികള്‍

വധശ്രമം, കലാപാഹ്വാനവും ഗൂഢാലോചനയും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസ്
Updated on
1 min read

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ കേസെടുത്ത് പോലീസ്. സമരസമിതിക്ക് എതിരെയും പദ്ധതിയെ അനുകൂലിക്കുന്നവര്‍ക്ക് എതിരെയാണ് കേസ്. സമരസമിതി അംഗങ്ങള്‍ക്കെതിരെ വധശ്രമം, കലാപാഹ്വാനവും ഗൂഢാലോചനയും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി ഒന്‍പത് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. യൂജിന്‍ പെരേര ഉള്‍പ്പെടെയുള്ള വൈദികരും കേസില്‍ പ്രതികളാണ്. ജനകീയ സമരസമിതി പ്രവര്‍ത്തകന്റെ തല അടിച്ച് പൊട്ടിച്ചതിലാണ് വധശ്രമത്തിന് കേസെടുത്തത്. എന്നാല്‍, കേസിനെ ഭയപ്പെടുന്നില്ലെന്നും, നിയമരമായി നേരിടുമെന്നും സമരത്തിന് നേതൃത്വം നല്‍കുന്ന ഫാദര്‍ യൂജിന്‍ പെരേര വ്യക്തമാക്കി. സമരക്കാരെ അടിച്ചൊതുക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. ഹൈക്കോടതിയെ സമീപിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ അത്ഭുതമില്ലെന്നും സമരസമിതി വ്യക്തമാക്കി.

അതേസമയം, വിഴിഞ്ഞം സമരത്തിനെതിരെ നിലപാട് കടുപ്പിക്കാന്‍ തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനം. സമരക്കാരുടെ ആവശ്യങ്ങളെല്ലാം അംഗീകരിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാരിന്റെ വാദം. സമരത്തിലുണ്ടായ നഷ്ടം ലത്തീന്‍ അതിരൂപതയില്‍ നിന്ന് തന്നെ ഈടാക്കാനും, ഈ നിലപാട് ഹൈക്കോടതിയെ അറിയിക്കാനുമാണ് സര്‍ക്കാരിന്‍റെ തീരുമാനം. 200 കോടിക്ക് മുകളിലാണ് ഇതുവരെയുള്ള നഷ്ടമെന്നാണ് സര്‍ക്കാര്‍ വാദം.

ലത്തീന്‍ അതിരൂപത പള്ളികളില്‍ ഇന്ന് സര്‍ക്കുലര്‍ വായിച്ചു. സമരസമിതി ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ ഒന്നില്‍ പോലും സര്‍ക്കാര്‍ ന്യായമായ പരിഹാരം കണ്ടിട്ടില്ലെന്ന് സര്‍ക്കുലറില്‍ കുറ്റപ്പെടുത്തുന്നു.

തുറമുഖ നിര്‍മാണം പുനരാരംഭിക്കാനുള്ള അദാനി ഗ്രൂപ്പിന്റെ ശ്രമത്തെ കഴിഞ്ഞ ദിവസം തീരവാസികള്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് പദ്ധതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. ശക്തമായ കല്ലേറും ഉണ്ടായി. നിര്‍മ്മാണ സാമഗ്രികളുമായെത്തിയ ലോറി തടഞ്ഞ പ്രതിഷേധക്കാര്‍ വാഹനത്തിന് മുന്നില്‍ കിടന്നും പ്രതിഷേധിച്ചു. കനത്ത പൊലീസ് വിന്യാസം നിലനില്‍ക്കെയാണ് 27 ലോറികളില്‍ നിര്‍മ്മാണ സാമാഗ്രികളെത്തിച്ചത്. സമരപ്പന്തല്‍ മറികടന്ന് പദ്ധതി പ്രദേശത്തേക്ക് കടക്കാന്‍ പക്ഷേ വാഹനങ്ങള്‍ക്കായില്ല.

എതിര്‍പ്പ് ശക്തമായതോടെ നിര്‍മാണ സാമഗ്രികളുമായി എത്തിയ ലോറികള്‍ക്ക് പദ്ധതി പ്രദേശത്തേക്ക് കടക്കാന്‍ കഴിയാതെ മടങ്ങിപ്പോയി. ഒരു ലോറിയുടെ ചില്ല് സമരക്കാര്‍ തകര്‍ത്തു. സമരപ്പന്തല്‍ മറികടന്ന് മുന്നോട്ട് പോകാന്‍ ലോറികള്‍ക്ക് കഴിഞ്ഞിരുന്നില്ല. നൂറ്റമ്പതോളം ദിവസമായി പ്രദേശത്തെ പദ്ധതി നിര്‍മ്മാണം തടസപ്പെട്ടിരിക്കുകയാണ്.

logo
The Fourth
www.thefourthnews.in