വിഴിഞ്ഞം: ലത്തീന്‍ സഭയും ഹൈക്കോടതിയിലേക്ക് ;  വഴിമുട്ടി സര്‍ക്കാര്‍- സഭ ചര്‍ച്ച
ഫോട്ടോ: അജയ് മധു

വിഴിഞ്ഞം: ലത്തീന്‍ സഭയും ഹൈക്കോടതിയിലേക്ക് ; വഴിമുട്ടി സര്‍ക്കാര്‍- സഭ ചര്‍ച്ച

അദാനിയുടെ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ തീരുമാനം
Updated on
1 min read

വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ ലത്തീന്‍ സഭയും ഹൈക്കോടതിയിലേക്ക്. കേന്ദ്ര സേനയുടെ സംരക്ഷണമാവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേരുമെന്ന് സഭ അറിയിച്ചു. തിങ്കളാഴ്ച ഹൈക്കോടതില്‍ ഹര്‍ജി സമര്‍പ്പിക്കും.

വിഴിഞ്ഞം പദ്ധതിക്കെതിരായ മത്സ്യ തൊഴിലാളികളുടെ സമരം ഒത്തുതീര്‍പ്പാക്കുന്നതിനായി സര്‍ക്കാര്‍ നിരവധി തവണ ചര്‍ച്ച നടത്തിയെങ്കിലും ഇതുവരെയും തീരുമാനമായിട്ടില്ല. ഈ സാഹചര്യത്തിലാണ് നിയമപരാമായ പോരാട്ടത്തിലേയ്ക്ക് കൂടി ലത്തീന്‍ സഭ കടക്കുന്നത്. അദാനി നല്‍കിയ ഹര്‍ജിയില്‍ സഭ കക്ഷി ചേരും. വിഴിഞ്ഞം പദ്ധതി മത്സ്യത്തൊഴിലാളി സമൂഹത്തിന് ആപത്താണെന്ന് ചൂണ്ടിക്കാട്ടാനാണ് തീരുമാനം. മത്സ്യത്തൊഴിലാളികളുടെ സമരം തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന തൊഴിലാളികളുടെ ജീവന് ഭീഷണിയാണെന്നും അതിനാല്‍ ആവശ്യത്തിന് സുരക്ഷ നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നുമാവശ്യപ്പെട്ടാണ് അദാനി ഗ്രൂപ്പ് ഹൈക്കോടതില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

സമരക്കാരുമായി മന്ത്രിസഭ ഉപസമിതി നിശ്ചയിച്ചിരുന്ന ചര്‍ച്ച നടന്നില്ല. അറിയിപ്പ് ലഭിച്ചില്ലെന്ന് ലത്തീന്‍ സഭ പ്രതിനിധികള്‍ പറഞ്ഞു. എന്നാല്‍ ചര്‍ച്ച സംബന്ധിച്ച വിവരം ഔദ്യോഗികമായി സമരക്കാരെ അറിച്ചിരുന്നതായാണ് ഫിഷറീസ് വകുപ്പ് മന്ത്രിയുടെ ഓഫീസ് നല്‍കുന്ന വിശദീകരണം.

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള സമരം തുടരുകയാണ്. വിഴിഞ്ഞം തുറമുഖ നിര്‍മ്മാനം തടസപ്പെടുത്തി നടത്തുന്ന സമരം അവസാനിപ്പിക്കണമൈന്ന് ആവശ്യപ്പെട്ട് പ്രാദേശിക സമര വിരുദ്ധ കൂട്ടായ്മയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാവിലെ 6 മണി മുതല്‍ വൈകുന്നേരം 6 മണിവരെ വിഴിഞ്ഞം, വെങ്ങന്നൂര്‍, കോട്ടുകാല്‍ വില്ലേജുകളില്‍ കടകമ്പോളങ്ങള്‍ അടച്ചു കരിദിനം ആചരിക്കും. മത്സ്യത്തൊഴിലാളികളുടെ സമരം പരിഹാരമാവാതെ മുന്നോട്ട് കൊണ്ടു പോകാനാണ് ലത്തീന്‍ സഭയുടെ തീരുമാനം.

logo
The Fourth
www.thefourthnews.in