സമരത്തില്‍ ബാഹ്യ ഇടപെടല്‍; പദ്ധതി നിര്‍മ്മാണം നിര്‍ത്തില്ലെന്ന് പിണറായി; സഭയെ ഇളക്കിമറിച്ച് വിഴിഞ്ഞം ചര്‍ച്ച

സമരത്തില്‍ ബാഹ്യ ഇടപെടല്‍; പദ്ധതി നിര്‍മ്മാണം നിര്‍ത്തില്ലെന്ന് പിണറായി; സഭയെ ഇളക്കിമറിച്ച് വിഴിഞ്ഞം ചര്‍ച്ച

കേന്ദ്രസേനയെ ഇറക്കി സുരക്ഷ ഉറപ്പാക്കുമെന്നത് യുഡിഎഫ് സർക്കാരിന്റെ കരാറെന്നും പിണറായി
Updated on
1 min read

നിയമസഭയിലും വേലിയേറ്റം സൃഷ്ടിച്ച് വിഴിഞ്ഞം വിഷയത്തിലെ അടിയന്തര പ്രമേയ ചർച്ച. സർക്കാരിനെ കടന്നാക്രമിച്ച് പ്രതിപക്ഷ എംഎല്‍എമാർ. തിരിച്ചടിച്ച് ഭരണപക്ഷം. മുന്നോട്ടെന്ന് ആവർത്തിച്ച് മുഖ്യമന്ത്രിയും. മൂന്ന് മണിക്കൂർ നീണ്ട അടിയന്തര പ്രമേയ ചർച്ച വിഴിഞ്ഞം പദ്ധതിയില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ നിറഞ്ഞു.

വിഴിഞ്ഞം പ്രശ്ന പരിഹാരത്തിന് സർക്കാർ ഇടപെടലുകള്‍ നടത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മറിച്ചുള്ള ആരോപണം കണ്ണടച്ച് ഇരുട്ടാക്കുന്നതാണ്. വിവിധ ഘട്ടങ്ങളായി ഔദ്യോഗികമായും അനൗദ്യോഗികമായും ചർച്ചകള്‍ നടത്തി. ചീഫ് സെക്രട്ടറിയടക്കം ചര്‍ച്ചകളില്‍ പങ്കെടുത്തു. മന്ത്രിതല സമിതിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. എല്ലാ വാതിലുകളും തുറന്നുവെയ്ക്കുന്ന സമീപനമാണ് സർക്കാരിന്റെത്. എന്നാല്‍ 80 ശതമാനം പൂർത്തിയായ സാഹചര്യത്തില്‍ പദ്ധതി നിർമ്മാണം നിർത്തിവെയ്ക്കാനാവില്ലെന്നും പിറണായി വിജയൻ പറഞ്ഞു.

സമരരംഗത്തുള്ള ചിലരെ നയിക്കുന്നത് ബാഹ്യശക്തികളാണെന്ന സംശയമുണ്ട്. ഇതേ സംശയം യുഡിഎഫ് സർക്കാരിന്റെ കാലത്തും ഉണ്ടായിരുന്നു. ഇതിനായി കെ ബാബു മന്ത്രിയായിരുന്ന കാലത്ത് നല്‍കിയ മറുപടി മുഖ്യമന്ത്രി സഭയില്‍ വായിക്കുകയും ചെയ്തു.

ഏകപക്ഷീയമായ ആക്രമണമാണ് ഉണ്ടായത്. പോലീസ് സ്റ്റേഷൻ ആക്രമണം പെട്ടന്ന് ഉണ്ടായതല്ല. നിയമം കയ്യിലെടുക്കുന്നവരെ പോലീസിന് നിയന്ത്രിച്ചെ മതിയാകുകയുള്ളൂവെന്നും പിണറായി വിജയൻ പറഞ്ഞു. സർക്കാർ സംയമനത്തിന്റെ അതിരുവിട്ട ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിഴിഞ്ഞം പദ്ധതിക്കായി കേന്ദ്ര സേനയുടെ സംരക്ഷണം എന്നത് യുഡിഎഫ് സർക്കാര്‍ ഉണ്ടാക്കിയ കരാറാണ്. നിർമ്മാണ കമ്പനിയാണ് കേന്ദ്ര സേനയുടെ സംരക്ഷണം ആവശ്യപ്പെട്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേസും അറസ്റ്റുമാണ് പ്രകോപനമുണ്ടാക്കിയതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. വർഗീയ സംഘർഷത്തിലേക്ക് കടക്കുന്ന ഘട്ടത്തിലും സർക്കാരിന് അത് തടയാൻ കഴിഞ്ഞില്ല. കേന്ദ്രസേന എന്ന ആവശ്യത്തിന് സർക്കാർ അന്തരീക്ഷമൊരുക്കി. മുഖ്യമന്ത്രി മുൻകൈ എടുത്ത് വിഷയം തീർക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.

കോവളം എല്‍എഎ എം വിൻസെന്റാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. സർക്കാർ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് വിൻസെന്റ് ആവശ്യപ്പെട്ടു. മൂന്ന് മണിക്കൂർ നീണ്ട ചർച്ചയ്ക്ക് ശേഷം സഭയുടെ അനുമതിയോടുകൂടി പ്രമേയം പിൻവലിക്കുകയും ചെയ്തു.

logo
The Fourth
www.thefourthnews.in