മുഖ്യമന്ത്രി പിണറായി വിജയന്‍
മുഖ്യമന്ത്രി പിണറായി വിജയന്‍

വിഴിഞ്ഞം സമരം; സമവായനീക്കങ്ങൾ ഫലം കണ്ടില്ല,നാളെ വീണ്ടും ചർച്ച

ഉന്നയിച്ച ആവശ്യങ്ങളിൽ സർക്കാർ കൃത്യമായ ഉറപ്പ് നൽകിയാൽ ചർച്ചക്ക് തയ്യാറെന്നാണ് സമരസമിതി നിലപാട്
Updated on
1 min read

വിഴിഞ്ഞം സമരം ഒത്ത് തീർപ്പാക്കാനുള്ള മന്ത്രിസഭ ഉപസമിതിയുടെ ചർച്ചയിൽ തീരുമാനമായില്ല. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ കെ രാജൻ, അഹമ്മദ് ദേവർ കോവിൽ, അബ്ദുറഹ്മാൻ, ആന്റണി രാജു എന്നിവരാണ് സെക്രട്ടേറിയറ്റിൽ ചേർന്ന യോഗത്തിൽ പങ്കെടുത്തത്. തീരശോഷണം പഠിക്കാനുള്ള വിദഗ്ധ സമിതിയിൽ സമരസമിതിയെ ഉൾപ്പെടുത്തണമെന്ന ആവശ്യത്തിൽ ഇപ്പോഴും അനിശ്ചിതത്വമാണ്. നാളെയോ മറ്റന്നാളോ സമരസമിതി പ്രതിനിധികളുമായി മന്ത്രിസഭ ഉപസമിതി ചർച്ച ചെയ്യുമെന്നാണ് സൂചന.

അതേസമയം ഉന്നയിച്ച ആവശ്യങ്ങളിൽ സർക്കാർ കൃത്യമായ ഉറപ്പ് നൽകിയാൽ ചർച്ചക്ക് തയ്യാറെന്നാണ് സമരസമിതി സ്വീകരിച്ചിരിക്കുന്ന നിലപാട്. രണ്ടു ദിവസത്തിനകം സമരം ഒത്തുതീർപ്പാക്കാനാണ് സർക്കാർ ശ്രമം. ഇന്ന് കർദ്ദിനാൾ ക്ലിമീസ് കാതോലിക്കാ ബാവയും സമരസമിതിയും പലതട്ടിൽ ആശയവിനിമയം നടത്തിയിരുന്നു.

വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കണം, വാടക വീട്ടില്‍ താമസിക്കുന്നവർക്ക് നല്‍കുന്ന തുക 5500 രൂപയില്‍ നിന്ന് 7000 രൂപയാക്കി ഉയർത്തണം തുടങ്ങിയവയാണ് ആവശ്യം. തീരശോഷണത്തെ കുറിച്ച് പഠിക്കുന്ന സമിതിയിൽ മത്സ്യത്തൊഴിലാളികളുടെ പ്രതിനിധികളെ ചേർക്കുന്നത് സംബന്ധിച്ചും യോഗത്തിൽ ചർച്ച ചെയ്യും. അതിനിടെ മന്ത്രി ആന്റണി രാജു ക്ലിമ്മീസ് കാതോലിക്കാ ബാവയോട് നേരിട്ട് സംസാരിച്ച ശേഷമുള്ള നിർദേശങ്ങളും മുഖൃമന്ത്രിയെ അറിയിച്ചിട്ടുണ്ട്.

വിഴിഞ്ഞം തുറമുഖ സമരത്തില്‍ മത്സ്യത്തൊഴിലാളികളെ പരിഗണിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഇന്ന് നിയമസഭയില്‍ പറഞ്ഞു. വിഴിഞ്ഞം സമരം ആരംഭിച്ചത് മുതല്‍ സര്‍ക്കാര്‍ പല തവണ ചര്‍ച്ച നടത്തിയിരുന്നു. തുറമുഖനിര്‍മാണം നിര്‍ത്തി വെക്കണം എന്നതൊഴികെയുള്ള മറ്റെല്ലാം അംഗീകരിച്ചതാണ്. ഇനി നിര്‍മാണ പ്രവര്‍ത്തനം നിര്‍ത്തി വെക്കണം എന്ന് പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും മന്ത്രി സഭയിൽ പറഞ്ഞു.

പദ്ധതിയുടെ 80 ശതമാനത്തോളം പണി പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇനി നിര്‍മാണ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കണം എന്ന് പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഇത് സംബന്ധിച്ച വിഷയത്തിൽ കടകംപള്ളി സുരേന്ദ്രനും സഭയില്‍ വ്യക്തമാക്കി. ആദ്യഘട്ടത്തില്‍ സമരം സമാധാനപരമായിരുന്നു. പിന്നീടാണ് അക്രമത്തിന്റെ പാതയിലേക്ക് മാറിയത്. പോലീസ് സ്‌റ്റേഷന് നേരെ വരെ വലിയ ആക്രമണം ഉണ്ടായി. എന്നിട്ടും പോലീസ് സംയമനം പാലിക്കുകയാണ് ചെയ്തതെന്നും കടകംപള്ളി സുരേന്ദ്രന്‍ സഭയില്‍ വിശദീകരിച്ചു. വിഴിഞ്ഞം വിഷയം കടകംപള്ളി സുരേന്ദ്രനാണ് നിയമസഭയില്‍ ശ്രദ്ധ ക്ഷണിക്കലായി കൊണ്ടു വന്നത്.

logo
The Fourth
www.thefourthnews.in