സ്വപ്‌നം തീരമണയുന്നു: വിഴിഞ്ഞത്തെ ആദ്യ കപ്പലിനെ ഉറ്റുനോക്കി ലോകം

സ്വപ്‌നം തീരമണയുന്നു: വിഴിഞ്ഞത്തെ ആദ്യ കപ്പലിനെ ഉറ്റുനോക്കി ലോകം

തുറമുഖത്തെത്തിയ ആദ്യകപ്പല്‍ ഷെന്‍ഹുവ 15ന് ഇന്ന് വൈകിട്ട് ഔദ്യോഗിക സ്വീകരണം നല്‍കും. നാലിന് കപ്പലിനെ ബെര്‍ത്തിലെത്തിക്കുന്ന മൂറിങ് ചടങ്ങുകള്‍ നടക്കും.
Updated on
3 min read

വിഴിഞ്ഞം അന്താരഷ്ട്ര തുറമുഖത്ത് തീരമണയുന്ന ആദ്യ കപ്പലിനെ ഉറ്റുനോക്കി ലോകം. തുറമുഖത്തെത്തിയ ആദ്യകപ്പല്‍ ഷെന്‍ഹുവ 15ന് ഇന്ന് വൈകിട്ട് ഔദ്യോഗിക സ്വീകരണം നല്‍കും. നാലിന് കപ്പലിനെ ബെര്‍ത്തിലെത്തിക്കുന്ന മൂറിങ് ചടങ്ങുകള്‍ നടക്കും. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക വീശിയും ബലൂണ്‍ പറത്തിയും കപ്പലിനെ വരവേല്‍ക്കും. കേന്ദ്ര തുറമുഖമന്ത്രി സര്‍ബാനന്ദ സോനോവാള്‍ മുഥ്യാതിഥിയാകും. സംസ്ഥാന തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ അദാനി വിഴിഞ്ഞം പോര്‍ട്ട് ലിമിറ്റഡ് ചെയര്‍മാന്‍ കരണ്‍ അദാനി, കേന്ദ്രമന്ത്രി വി മുരളീധരന്‍, പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

കപ്പല്‍ രണ്ടു ദിവസം മുന്‍പ് ബെര്‍ത്തില്‍ അടുത്തതാണെങ്കിലും സ്വീകരണ പരിപാടിക്കായി ഇന്ന് വീണ്ടും ബെര്‍ത്ത് ചെയ്യും. ആദ്യ ചരക്കു കപ്പല്‍ എത്തുമ്പോള്‍ ക്യാപ്റ്റനു മൊമന്റോ നല്‍കി സ്വീകരിക്കുന്ന ചടങ്ങ് 12നു നടന്നിരുന്നു. നിര്‍മാണഘട്ടത്തിലുള്ള തുറമുഖമായതിനാല്‍ കപ്പലിലെ ജീവനക്കാര്‍ക്ക് കരയിലിറങ്ങാന്‍ അനുവാദമുണ്ടായിരുന്നില്ല.

സ്വപ്‌നം തീരമണയുന്നു: വിഴിഞ്ഞത്തെ ആദ്യ കപ്പലിനെ ഉറ്റുനോക്കി ലോകം
കിഫ്ബി വികസനത്തിന് അത്ഭുതകരമായ വേഗത കൊണ്ടുവന്ന പദ്ധതി; കെ എന്‍ ബാലഗോപാല്‍

അന്താരാഷ്ട്ര കപ്പല്‍ പാതയ്ക്ക് ഏറ്റവുമുടുത്തുള്ള ഇന്ത്യയിലെ ഏറ്റവും ആഴമുള്ള തുറമുഖം എന്നതാണ് വിഴിഞ്ഞത്തിന്റെ പ്രത്യേകത. തുറമുഖത്തിനാവശ്യമായ മൂന്ന് ക്രയിനുകളുമായി ഗുജറാത്തിലെ മുന്ദ്രതീരത്തു നിന്ന് ഷെന്‍ഹുവ പുറംകടലില്‍ എത്തിയിട്ടുണ്ട്. 100 മീറ്റര്‍ ഉയരവും 60 മീറ്ററോളം കടലിലേക്ക് തള്ളിനില്‍ക്കുന്നതുമായ സൂപ്പര്‍ പോസ്റ്റ് പനാമകസ് ക്രെയിനും 30 മീറ്റര്‍ ഉയരമുള്ള രണ്ട് ഷോര്‍ ക്രെയിനുമാണ് കപ്പലില്‍ എത്തിച്ചിരിക്കുന്നത്. നാളെ മുതല്‍ ക്രെയിന്‍ കപ്പലില്‍ നിന്നിറക്കി ബെര്‍ത്തില്‍ സ്ഥാപിക്കും. 20ന് കപ്പല്‍ തിരിച്ചു പോകും. ക്രെയിനുകളുമായി അടുത്ത കപ്പല്‍ ചൈനയില്‍നിന്ന് നവംബര്‍ 15നു പുറപ്പെടും.

എട്ട് സൂപ്പര്‍ പോസ്റ്റ് പനാമക്‌സ് ക്രെയിനുകളും 32 ഷോര്‍ ക്രെയിനുകളുമാണ് തുറമുഖ നിര്‍മാണത്തിന് ആവശ്യം. ഇതിനാവശ്യമായ ക്രെയിനുകളുമായി കൂടുതല്‍ കപ്പലുകള്‍ വൈകാതെ തുറമുഖത്തെത്തും.

2024 മേയില്‍ തുറമുഖ നിര്‍മാണം പൂര്‍ത്തിയാക്കി ഡിസംബറോടെ പ്രവര്‍ത്തനസജ്ജമാകുമെന്നാണ് പ്രതീക്ഷ. ഇതോടെ കൂറ്റന്‍ ചരക്കുകപ്പലുകള്‍ക്ക് എത്താനാകും. നിത്യോപയോഗ സാധനങ്ങളും കണ്ടെയ്‌നറുകളുമായി ഇവ എത്തുന്നതോടെ വന്‍തുക സര്‍ക്കാരിന് നികുതിഇനത്തിലും ലഭിക്കും. 2027-ല്‍അവസാനഘട്ടം പൂര്‍ത്തിയാകുന്നതോടെ പ്രതിവര്‍ഷം 30 ലക്ഷം കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യാനാകും. വര്‍ഷം 2500 കോടിയുടെ വരുമാനമാണ് തുറമുഖത്തിനു പ്രതീക്ഷിക്കുന്നത്. ഷെന്‍ഹുവ എത്തിയപ്പോള്‍ 30 കോടിരൂപയാണ് ജിഎസ്ടി ഇനത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ലഭിച്ചത്.

2015-ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് 7700 കോടിയുടെ പൊതു സ്വകാര്യ പദ്ധതിയായി വിഴിഞ്ഞം തുറമുഖത്തിന് അദാനി ഗ്രൂപ്പുമായി കരാറൊപ്പിട്ടത്. നാലു വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കണമെന്നായിരുന്നു സര്‍ക്കാരും അദാനി ഗ്രൂപ്പുമായുണ്ടായിരുന്ന കരാര്‍. 2015 ഡിസംബറില്‍ നിര്‍മാണപ്രവര്‍ത്തനം തുടങ്ങി. ഇതിനിടെ പ്രതിപക്ഷം അഴിമതി ആരോപണവുമായി രംഗത്തെത്തിയിരുന്നു. പരിസ്ഥിതി സംഘടനകള്‍ കേസുമായി മുന്നോട്ടുപോയി. ലത്തീന്‍ അതിരൂപതയുടെ കടുത്ത എതിര്‍പ്പുമുണ്ടായിരുന്നു. അദാനി ഗ്രൂപ്പിനെ തുറമുഖപദ്ധതി ഏല്‍പ്പിക്കുന്നതിനെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എതിര്‍ത്തു. എന്നാല്‍ സോണിയാഗാന്ധിയെ നേരില്‍ക്കണ്ട് കാര്യങ്ങള്‍ വിശദീകരിച്ച് ആ എതിര്‍പ്പിനെ മറികടക്കാന്‍ ഉമ്മന്‍ചാണ്ടിക്കായി. ഒരുഘട്ടത്തില്‍ പദ്ധതി ഉപേക്ഷിച്ചേക്കാമെന്ന അവസ്ഥവരെയെത്തിയിരുന്നെങ്കിലും എല്ലാ എതിര്‍പ്പുകളും മറികടന്ന് പദ്ധതിയുമായി മുന്നോട്ടു പോകാന്‍ ഉമ്മന്‍ചാണ്ടിക്കു സാധിച്ചു. ബിജെപി ഭരിക്കുന്ന കേന്ദ്രസര്‍ക്കാരിനെ പദ്ധതിയുടെ ഭാഗമാക്കിക്കൊണ്ട് ഗ്യാപ് വയബിലിറ്റി ഫണ്ട് അനുവദിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടിക്കു കഴിഞ്ഞുവെന്നത് മറ്റൊരു നേട്ടം. എന്നാല്‍ ഓഖി, കോവിഡ്, പാറക്ഷാമം, പ്രദേശത്തെ സമരം തുടങ്ങി പ്രതികൂലമായ വിവിധ കാരണങ്ങളാല്‍ നിര്‍മാണം വൈകുകയായിരുന്നു.

സ്വപ്‌നം തീരമണയുന്നു: വിഴിഞ്ഞത്തെ ആദ്യ കപ്പലിനെ ഉറ്റുനോക്കി ലോകം
വിഴിഞ്ഞം പദ്ധതി പ്രധാനം: കിഫ്ബി വഴി 1000 കോടി; ലോകോത്തര നിലവാരമുള്ള വ്യാവസായിക ഇടനാഴി സൃഷ്ടിക്കും

രാജഭരണകാലത്തുതന്നെ വിഴിഞ്ഞം തുറമുഖപദ്ധതിയെക്കുറിച്ച് പഠനം നടന്നിരുന്നു. സ്വാതന്ത്ര്യത്തിനുമുന്‍പ് ചിത്തിര തിരുനാള്‍ ബാലരാമവര്‍മ മഹാരാജാവിന്റെ കാലത്താണ് ആദ്യ പഠനം നടന്നത്. പിന്നീട് 1991-ല്‍ കെ കരുണാകരന്‍ മന്ത്രിസഭയുടെ കാലത്ത് അന്നത്തെ തുറമുഖമന്ത്രിയായിരുന്ന എം വി രാഘവന്‍ വിഴിഞ്ഞം പദ്ധതിക്കായി മുന്നിട്ടിറങ്ങിയിരുന്നു. എന്നാല്‍ ഇത് ചര്‍ച്ചകളില്‍ മാത്രം ഒതുങ്ങിപ്പോയി. തുടര്‍ന്ന് 1996-ല്‍ നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് വിഴിഞ്ഞം തുറമുഖ പദ്ധതി ചര്‍ച്ചകളില്‍ വന്നിരുന്നു. 2004-ല്‍ എ കെ ആന്റണി സര്‍ക്കാരിന്റെ കാലത്ത് പിപിപി മാതൃകയില്‍ ടെന്‍ഡര്‍ വിളിച്ചെങ്കിലും ചൈനീസ് കമ്പനിയുടെ പങ്കാളിത്തം വിവാദമാകുകയായിരുന്നു. പിന്നീട് വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായ കാലത്താണ് വിഴിഞ്ഞം പദ്ധതി വീണ്ടും സജീവമാകുന്നത്. ഗ്ലോബല്‍ ടെന്‍ഡറിലൂടെ പദ്ധതി നടപ്പാക്കാമെന്ന ആശയം മുന്നോട്ടുവന്നെങ്കിലും സാങ്കേതിക പ്രശ്‌നങ്ങളില്‍തട്ടി അത് വീണ്ടും നിലച്ചുപോകുകയായിരുന്നു.

എതിര്‍പ്പുകള്‍ പലത് കടന്ന് ഇപ്പോള്‍ പദ്ധതി യാഥാര്‍ഥ്യമായെങ്കിലും ലത്തീന്‍ അതിരൂപത ഇപ്പോഴും പിണക്കത്തിന്റെ പാതയിലാണ്. ആര്‍ച്ച് ബിഷപ്പ് ഉള്‍പ്പടെ സഭാനേതൃത്വത്തെ പ്രതിനിധീകരിച്ച് ആരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ലെന്നാണ് വികാരി ജനറല്‍ ഫാ.യൂജിന്‍ പെരേര അറിയിച്ചിരിക്കുന്നത്. എന്നാല്‍ ചടങ്ങില്‍ പങ്കെടുക്കുന്ന ആരെയും വിലക്കില്ല. അനുമതി ഇല്ലാതെ ആര്‍ച്ച് ബിഷപ്പിന്റെയും സൂസെപാക്യത്തിന്റെയും പേര് നോട്ടീസില്‍വച്ച് ഭരണാധികാരികള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം പറയുന്നു. അതേസമയം വിഴിഞ്ഞം ഇടവക ചടങ്ങില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

വിഴിഞ്ഞം തുറമുഖം
വിഴിഞ്ഞം തുറമുഖം

ഇന്ന് കേരളത്തിന് അഭിമാന നിമിഷമാണെങ്കിലും പിതൃത്വം അവകാശപ്പെട്ടുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ ആരോപണ പ്രത്യാരോപണങ്ങള്‍ ഇപ്പോഴും നിലച്ചിട്ടില്ല. എ കെ ആന്റണി പ്രതിരോധ മന്ത്രിയായിരുന്ന കാലത്ത് അനുമതി ലഭിക്കാതെ പോയതാണ് വിഴിഞ്ഞം പദ്ധതി വൈകാനിടയാക്കിയതെന്നാണ് മന്ത്രി കെ എന്‍ ബാലഗോപാല്‍ പറയുന്നത്. തുറമുഖത്തിന് ഉമ്മന്‍ചാണ്ടിയുടെ പേര് നല്‍കണമെന്ന് കെപിസിസി പ്രസിഡന്‌റ് കെ സുധാകരനും യുഡിഎഫ് കണ്‍വീനര്‍ എം എം ഹസനും മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. രാജ്യാന്തര തുറമുഖ പദ്ധതി എല്‍ഡിഎഫിന്റേതാണെന്നും നായനാരും വിഎസുമാണ് തുടങ്ങിവച്ചതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു. പിന്നീടുവന്ന യുഡിഎഫ് സര്‍ക്കാര്‍ പദ്ധതി അദാനിക്കു കൊടുത്തതിലെ അഴിമതിയാണ് സിപിഎം ഉന്നയിച്ചതെന്നാണ് ഗോവിന്ദന്‌റെ പക്ഷം.

വിമര്‍ശനങ്ങളും ആരോപണങ്ങളും അതിന്റെ വഴിക്കു നടക്കുമ്പോഴും പദ്ധതി യാഥാര്‍ഥ്യമായതിന്റെ ആഹ്ളാദത്തിലാണ് നാടെങ്ങും. ആദ്യകപ്പലിനെ സ്വീകരിക്കുന്ന ചടങ്ങിനു മുന്നോടിയായി കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പൊലിസ്, അഗ്നിനരക്ഷാസേന, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്‌റ് എന്നിവയുടെ നേതൃത്വത്തിലായിരിക്കും കരയിലും കടലിലുമായി സുരക്ഷയൊരുക്കുക. വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കുന്ന ചടങ്ങിനായി 1200-ല്‍ അധികം പൊലിസുകാരെ വിന്യസിച്ചിട്ടുണ്ട്. കപ്പലിനെ അടുപ്പിക്കുന്ന ബെര്‍ത്ത് ഉള്‍പ്പെട്ട കടല്‍മേഖലയില്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, കോസ്റ്റല്‍ പൊലിസ് എന്നിവരുടെ പട്രോളിങ്ങും നിരീക്ഷണവും ഉണ്ടാകും. 5000 പേരാണ് ചടങ്ങില്‍ പങ്കെടുക്കുക. മുല്ലൂരിലുള്ള തുറമുഖ പ്രവേശന കവാടത്തില്‍ ഡോര്‍ ഫ്രെയിം മെറ്റല്‍ ഡിററക്ടര്‍, സിസിടിവി കാമറകള്‍, ഡ്രോണ്‍ അടക്കമുള്ള സുരക്ഷാ സംവിധാനങ്ങല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 25 പേര്‍ക്കാണ് കപ്പലിന് അടുത്തു നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനാകുക. വേദിയിലെ ചടങ്ങുകള്‍ കാണാനായി പ്രത്യക സ്‌ക്രീന്‍ സജ്ജമാക്കിയിട്ടുണ്ട്.

മുഴുവന്‍ ജനങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്ക് വിധേയമായി പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കും. പ്രവേശനത്തിന് പ്രത്യേക പാസുകളില്ല. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ മൂന്നു മണിക്ക് മുന്‍പായി തുറമുഖത്ത് എത്തിച്ചേരണം. പ്രധാന കാവടത്തോട് ചേര്‍ന്നുള്ള പാര്‍ക്കിങ് ഏരിയയില്‍ വാഹനം പാര്‍ക് ചെയ്ത് സുരക്ഷാപരിശോധനയ്ക്കുശേഷം അകത്തേക്ക് പ്രവേശിക്കാം. ഇവിടെനിന്ന് പ്രത്യേകം തയാറാക്കിയ വാഹനത്തില്‍ സദസിലേക്ക് എത്തിക്കും. തമ്പാനൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍നിന്ന് ഉച്ചയ്ക്ക് രണ്ടു മുതല്‍ വിഴിഞ്ഞത്തേക്കും ആറു മുതല്‍ തിരിച്ചും സൗജന്യ ബസ് സര്‍വീസുമുണ്ട്.

logo
The Fourth
www.thefourthnews.in