വിഴിഞ്ഞം സമരം
വിഴിഞ്ഞം സമരം

വിഴിഞ്ഞം സമരം: നഷ്ടം ലത്തീന്‍ അതിരൂപതയില്‍ നിന്ന് ഈടാക്കാന്‍ സര്‍ക്കാര്‍, പള്ളികളില്‍ സര്‍ക്കുലര്‍ വായിച്ച് അതിരൂപത

സമരസമിതി ഉന്നയിക്കുന്ന ആവശ്യങ്ങളിൽ ഒന്നിൽ പോലും സർക്കാർ ന്യായമായ പരിഹാരം കണ്ടിട്ടില്ലെന്ന് സർക്കുലറിൽ കുറ്റപ്പെടുത്തുന്നു
Updated on
1 min read

വിഴിഞ്ഞം സമരത്തിനെതിരെ നിലപാട് കടുപ്പിച്ച് സർക്കാർ. സമരത്തിനിടെ യുണ്ടായ നഷ്ടം ലത്തീൻ അതിരൂപതയിൽ നിന്ന് തന്നെ ഈടാക്കാനാണ് തീരുമാനം. ഈ നിലപാട് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കും. 200 കോടിക്ക് മുകളിലാണ് ഇതുവരെയുള്ള നഷ്ടമെന്നാണ് സര്‍ക്കാര്‍ വാദം.

അതേസമയം വിഴിഞ്ഞം സമരം ശക്തമായി തുടരുമെന്ന നിലപാടിലാണ് സമരസമിതി. ലത്തീൻ അതിരൂപത പള്ളികളിൽ സർക്കുലർ വായിച്ചു. സമരസമിതി ഉന്നയിക്കുന്ന ആവശ്യങ്ങളിൽ ഒന്നിൽ പോലും സർക്കാർ ന്യായമായ പരിഹാരം കണ്ടിട്ടില്ലെന്ന് സർക്കുലറിൽ കുറ്റപ്പെടുത്തുന്നു. ഓഖി വർഷികമായ 29ന് വീടുകളിൽ മെഴുകുതിരി കത്തിക്കണമെന്നും വിഴിഞ്ഞം തുറമുഖ കവാടത്തിലെ സമരപ്പന്തലിലെ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കണം എന്നും സർക്കുലറിൽ ആഹ്വാനം ഉണ്ട്. തുറമുഖ കവാടത്തിലെ സമരപ്പന്തലിലെ ഡിസംബർ 11 വരെയുള്ള സമരക്രമവും സർക്കുലറിൽ വായിക്കും. ഇത് ഏഴാം തവണയാണ് വിഴിഞ്ഞം സമരത്തോട് അനുബന്ധിച്ച് പള്ളികളിൽ സർക്കുലർ വായിക്കുന്നത്. ഉപരോധ സമരം ഇന്ന് 104ആം ദിനമാണ്.

തുറമുഖ നിർമാണം പുനരാരംഭിക്കാനുള്ള അദാനി ഗ്രൂപ്പിന്റെ ശ്രമത്തെ കഴിഞ്ഞ ദിവസം തീരവാസികൾ തടഞ്ഞിരുന്നു. തുടർന്ന് പദ്ധതിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. ശക്തമായ കല്ലേറും ഉണ്ടായി. നിർമ്മാണ സാമഗ്രികളുമായെത്തിയ ലോറി തടഞ്ഞ പ്രതിഷേധക്കാർ വാഹനത്തിന് മുന്നിൽ കിടന്നും പ്രതിഷേധിച്ചു. എതിർപ്പ് ശക്തമായതോടെ നിർമാണ സാമഗ്രികളുമായി എത്തിയ ലോറികൾക്ക് പദ്ധതി പ്രദേശത്തേക്ക് കടക്കാൻ കഴിയാതെ മടങ്ങിപ്പോയി. ഒരു ലോറിയുടെ ചില്ല് സമരക്കാർ തകർത്തു. സമരപ്പന്തൽ മറികടന്ന് മുന്നോട്ട് പോകാൻ ലോറികൾക്ക് കഴിഞ്ഞിരുന്നില്ല. നൂറ്റമ്പതോളം ദിവസമായി പ്രദേശത്തെ പദ്ധതി നിർമ്മാണം തടസപ്പെട്ടിരിക്കുകയാണ്.

പോലീസ് സംരക്ഷണത്തോടെ നിർമ്മാണ പ്രവർത്തികളുമായി മുന്നോട്ട് പോകാൻ കോടതി നിർദ്ദേശമുണ്ട്. സംരക്ഷണമൊരുക്കണമെന്ന് കോടതി സംസ്ഥാന സർക്കാരിനോടും നിർദ്ദേശിച്ചിരുന്നു. തുറമുഖ നിർമ്മാണ പ്രവർത്തനങ്ങൾ അനിശ്ചിതമായി നിർത്തിവയ്ക്കുന്നത് വൻ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നു എന്ന കാരണം പറഞ്ഞാണ് നിർമ്മാണ സാമഗ്രികൾ അദാനി പോർട്ട് അധികൃതർ വിഴിഞ്ഞത്തേക്ക് എത്തിച്ചത്. കനത്ത പൊലീസ് വിന്യാസം നിലനിൽക്കെയാണ് 27 ലോറികളിൽ നിർമ്മാണ സാമാഗ്രികളെത്തിച്ചത്. സമരപ്പന്തൽ മറികടന്ന് പദ്ധതി പ്രദേശത്തേക്ക് കടക്കാൻ പക്ഷേ വാഹനങ്ങൾക്കായില്ല.

logo
The Fourth
www.thefourthnews.in