'പോലീസുകാരെ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തി' ; നഷ്ടം 85 ലക്ഷമെന്ന് എഫ്‌ഐആര്‍, കണ്ടാലറിയാവുന്ന 3000 പേര്‍ക്കെതിരെ കേസ്

'പോലീസുകാരെ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തി' ; നഷ്ടം 85 ലക്ഷമെന്ന് എഫ്‌ഐആര്‍, കണ്ടാലറിയാവുന്ന 3000 പേര്‍ക്കെതിരെ കേസ്

അറസ്റ്റ് ചെയ്ത നാല് സമരക്കാരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു; സെല്‍ട്ടണ്‍ റിമാന്‍ഡില്‍
Updated on
1 min read

കസ്റ്റഡിയിലെടുത്ത പ്രതികളെ വിട്ടയച്ചില്ലെങ്കില്‍ പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിച്ച് കൊല്ലുമെന്ന് വിഴിഞ്ഞം സമരക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് എഫ്‌ഐആര്‍. ഭീഷണിക്ക് ശേഷമാണ് സ്റ്റേഷന് നേരെയും പോലീസുകാരെ ബന്ദികളാക്കിയും സമരക്കാര്‍ ആക്രമണം അഴിച്ചുവിട്ടതെന്ന് എഫ്‌ഐആറില്‍ പറയുന്നു. ഇന്നലത്തെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 3000 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ലഹളയുണ്ടാക്കല്‍, പോലീസ് സ്റ്റേഷന്‍ ആക്രമം, വധശ്രമം, പോലീസുകാരെ തടഞ്ഞ് വയ്ക്കല്‍, കൃത്യനിര്‍വഹണത്തിന് തടസ്സം സൃഷ്ടിക്കല്‍, പൊതുമുതല്‍ നശിപ്പിക്കുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വൈദികരെയടക്കം ആരെയും പേരെടുത്ത് പറഞ്ഞ് പ്രതി ചേര്‍ത്തിട്ടില്ല.

85 ലക്ഷം രൂപയുടെ നഷ്ടമാണ് ഇന്നലത്തെ സംഘര്‍ഷത്തിലുണ്ടായതെന്ന് എഫ്‌ഐആറില്‍ പറയുന്നു. രണ്ട് കെഎസ്ആര്‍ടിസി ബസുകളും സമരക്കാര്‍ തകര്‍ത്തു.

''വൈകിട്ട് ആറ് മണിയോടെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 3000ത്തിലധികം പേര്‍ മാരകായുധങ്ങളുമായി സ്റ്റേഷനിലേക്ക് അതിക്രമിച്ച് കയറി. പോലീസുകാരെ ബന്ദിയാക്കി വെച്ചു. പിരിഞ്ഞുപോകണമെന്ന ആവശ്യം നിരസിച്ച് കത്തിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. സ്റ്റേഷന്‍ കോമ്പൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ ഉള്‍പ്പെടെ അടിച്ച് നശിപ്പിച്ചു'' - എഫ്‌ഐആറില്‍ വിശദീകരിക്കുന്നു.

അതിനിടെ വിഴിഞ്ഞത്ത് കഴിഞ്ഞ ദിവസം അറസ്റ്റിലായ നാല് സമരക്കാരെ പോലീസ് വിട്ടയച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷമാണ് ലിയോണ്‍, മുത്തപ്പന്‍, പുഷ്പരാജ്, ഷാജി എന്നിവരെ വിട്ടയച്ചത്. നേരത്തെ അറസ്റ്റ് രേഖപ്പെടുത്തിയ സെല്‍ട്ടണെ റിമാന്‍ഡ് ചെയ്തു. സെല്‍ട്ടണെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയപ്പോഴായിരുന്നു മറ്റ് നാലുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തത്. അഞ്ചുപേരുടെയും മോചനം ആവശ്യപ്പെട്ടാണ് ഇന്നലെ വിഴിഞ്ഞത്ത് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.

Attachment
PDF
FIR_15291051221221.pdf
Preview

നിലവില്‍ വന്‍ സുരക്ഷാ സംവിധാനമാണ് വിഴിഞ്ഞത്ത് ഒരുക്കിയിരിക്കുന്നത്. സമീപജില്ലകളില്‍ നിന്നുള്ള പോലീസുകാരെ എത്തിച്ച് പ്രദേശത്ത് വിന്യസിച്ചു. സമരക്കാര്‍ വിഴിഞ്ഞത്തെ വഴികളെല്ലാം വലിയ വള്ളങ്ങള്‍ ഉപയോഗിച്ച് തടഞ്ഞിരിക്കുന്നതാണ് സാഹചര്യം. വിഴിഞ്ഞത്ത് നിന്നുള്ള കെഎസ്ആര്‍ടിസി സര്‍വീസുകളൊന്നും ഇതുവരെ ആരംഭിച്ചിട്ടില്ല.

സംഘര്‍ഷങ്ങത്തില്‍ 36 പോലീസുകാര്‍ക്ക് പരുക്കേറ്റു. ഇവരെ മെഡിക്കല്‍ കോളേജ് അടക്കമുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുരുതരമായി പരുക്കേറ്റ എസ്ഐ ലോജി പി മണിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.

ഇന്ന് വിഴിഞ്ഞത്ത് സമാധാനം പുനഃസ്ഥാപിക്കുക ലക്ഷ്യമിട്ട് കളക്ടറുടെ നേതൃത്വത്തില്‍ സര്‍വകക്ഷിയോഗവും പ്രത്യേക ചര്‍ച്ചകളും നടക്കും. ലത്തീന്‍ അതിരൂപത വിശ്വാസികളും സമരക്കാരുമായി ചര്‍ച്ച നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in