'നെഗറ്റീവ് പ്രചാരണം സിനിമകളെ ബാധിക്കുന്നു'; വ്ളോഗർമാരുടെ റിവ്യു തടയണമെന്ന ഹര്‍ജിയില്‍ സർക്കാര്‍ നിലപാട് തേടി ഹൈക്കോടതി
റിലീസ് ചെയ്യുന്നയുടൻ പുതിയ സിനിമകളെക്കുറിച്ച് ഓൺലൈൻ വ്ളോഗർമാർ നടത്തുന്ന നെഗറ്റീവ് റിവ്യൂകൾക്കെതിരെയുള്ള ഹർജിയിൽ ഹൈക്കോടതി ഇടപെടൽ. വെള്ളിയാഴ്ച റിലീസ് ചെയ്യുന്ന ‘ആരോമലിന്റെ ആദ്യത്തെ പ്രണയ’ത്തിന്റെ സംവിധായകൻ മുബീൻ റൗഫ് നൽകിയ ഹർജിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കേന്ദ്ര -സംസ്ഥാന സർക്കാറുകളുടെ വിശദീകരണം തേടി.
വിഷയത്തിൽ കോടതിയെ സഹായിക്കാൻ അഡ്വ. ശ്യാം പത്മനെ അമിക്കസ് ക്യൂറിയായും നിയമിച്ചു. വൻ മുതൽ മുടക്കിൽ നിർമിക്കുന്ന സിനിമകൾ തിയറ്റിറിലെത്തുമ്പോള്‍ കാണാതെ തന്നെ വിലയിരുത്തൽ നടത്തി വ്ളോഗര്‍മാര്‍ നെഗറ്റീവ് പ്രചാരണം നടത്തുന്നത് സിനിമയുടെ വിജയത്തെയടക്കം പ്രതികൂലമായി ബാധിക്കുന്നെന്നാണ് പരാതി.
പണമാവശ്യപ്പെട്ട് വ്ളോഗര്‍മാര്‍ ഭീഷണിപ്പെടുത്തുന്നു
നിർമാതാക്കളേയും സിനിമയുടെ പിന്നണിയിൽ പ്രവർത്തിക്കുന്നവരേയും പണമാവശ്യപ്പെട്ട് വ്ളോഗര്‍മാര്ർ ഭീഷണിപ്പെടുത്തുന്ന സംഭവങ്ങളുമുണ്ട്. ഓൺലൈൻ വ്ളോഗര്‍മാരെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ഐ ടി സെക്രട്ടറിക്ക് നിവേദനം നൽകിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്. ഓൺലൈൻ മീഡിയകളിലൂടെയുള്ള സിനിമ റിവ്യൂ നിയന്ത്രിക്കുകയും മാർഗ നിർദേശങ്ങൾ കൊണ്ടുവരണമെന്നും ഹർജിയിൽപറയുന്നു.
ചലച്ചിത്ര നിരൂപണം എന്നത് ഏറെ വിശ്വാസ്യവും ഏറെ അംഗീകാരമുള്ളതുമായ ഒരു മേഖലയായിരുന്നുന്നുവെങ്കിൽ ഇന്ന് ഒരു സ്മാർട്ട്‌ഫോൺ ഉള്ള ആർക്കും സിനിമയെന്ന കലാസൃഷ്ടിയെ കരിവാരി തേക്കാൻ നെഗറ്റീവ് റിവ്യൂ ചെയ്യാൻ കഴിയും എന്ന അവസ്ഥ മാറണം എന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.
സിനിമ റിലീസ് ചെയ്യുമ്പോൾ ഓൺലൈൻ റിവ്യൂവർമാരുടെ ഭീഷണിക്ക് സിനിമ പ്രവർത്തകർ വഴങ്ങേണ്ട സാഹചര്യം
കഴിഞ്ഞ കാലഘട്ടങ്ങളിൽ നിരവധി മലയാള സിനിമകൾക്ക് ഇത്തരത്തിലുള്ള ദുരനുഭവമുണ്ടായി. പക്ഷെ ഓടിടി പ്ലാറ്റ്ഫോമുകളിൽ ഇവയെല്ലാം മികച്ച പ്രേക്ഷകപ്രതികരണം സൃഷ്ടിച്ചു. തമിഴ് ഫിലിം പ്രൊഡ്യൂസേർസ് കൗൺസിൽ സിനിമ റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളിൽ നെഗറ്റീവ് റിവ്യൂ ചെയ്യരുത് എന്നാവശ്യപ്പെട്ട് മുന്നോട്ടു വന്നിട്ടുണ്ട്.
സിനിമ റിലീസ് ചെയ്യുമ്പോൾ ഓൺലൈൻ റിവ്യൂവർമാരുടെ ഭീഷണിക്ക് സിനിമ പ്രവർത്തകർ വഴങ്ങേണ്ട സാഹചര്യവും നിലവിലുണ്ട്. അതിനാൽ സോഷ്യൽ മീഡിയകളിലെ സിനിമ റിവ്യൂവിന് മാർഗനിർദേശങ്ങൾ കൊണ്ട് വരികയും നിയന്ത്രണം നടപ്പിലാക്കുകയും ചെയ്യണമെന്ന് ഹർജിക്കാരൻ ആവശ്യപെട്ടു. ഹരജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.