'അധികാര തർക്കങ്ങളുടെ പേരിൽ താരങ്ങളുടെ ഭാവി കളയരുത്'; ദേശീയ ഗെയിംസിൽനിന്ന് വോളിബോൾ ഒഴിവാക്കിയതിനെതിരെ ഹൈക്കോടതി

'അധികാര തർക്കങ്ങളുടെ പേരിൽ താരങ്ങളുടെ ഭാവി കളയരുത്'; ദേശീയ ഗെയിംസിൽനിന്ന് വോളിബോൾ ഒഴിവാക്കിയതിനെതിരെ ഹൈക്കോടതി

വൈകിയ സാഹചര്യത്തില്‍ താരങ്ങളോട് സഹാനുഭൂതി പ്രകടിപ്പിക്കാനേ കഴിയൂവെന്ന് വ്യക്തമാക്കിയ ജസ്സിസ് ദേവൻ രാമചന്ദ്രൻ ഹർജിയിലെ നടപടികള്‍ അവസാനിപ്പിച്ചു
Updated on
1 min read

ദേശീയ ഗെയിംസിൽനിന്ന് വോളിബോൾ മൽസരം ഒഴിവാക്കിയതിൽ ഇന്ത്യൻ ഒളിംപിക് അസോസിയേഷന് ഹൈക്കോടതിയുടെ വിമർശനം. അധികാര തർക്കങ്ങളുടെ പേരിൽ താരങ്ങളുടെ ഭാവി കളയുന്ന പ്രവർത്തനങ്ങൾ അസോസിയേഷൻ ചെയ്യരുതെന്നായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വിമർശനം. ആഭ്യന്തര തർക്കത്തിന്റെ പേരിൽ താരങ്ങൾക്ക് അവസരം നിഷേധിക്കുന്നത് നാണക്കേടാണ്. താരങ്ങളോട് സഹാനുഭൂതി പ്രകടിപ്പിക്കാനെ കഴിയൂ. ഈ സാഹചര്യത്തിൽ കോടതി നിസഹായ അവസ്ഥയിലാണെന്നും ജസ്റ്റിസ് ചൂണ്ടിക്കാട്ടി. റോളി പഥക് ഉൾപ്പെടെ നാല് കേരള വോളിബോൾ താരങ്ങളും പുരുഷ, വനിത ടീം കോച്ചുമാരുമടക്കം നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.

കഴിഞ്ഞ തവണ മെഡൽ വാങ്ങിയ താരങ്ങള്‍ക്കാണ് ദേശീയ ഗെയിംസിൽ നഷ്ടമായത്. ഓക്ടോബർ 21ന് വോളിബോൾ താരങ്ങളെ ഉൾപ്പെടുത്തിയ ലിസ്റ്റ് കൊടുക്കണമെന്ന് അഡ് ഹോക് കമ്മറ്റിയെ അറിയിച്ചിരുന്നതാണ്. ഈ സാഹചര്യത്തിൽ കോടതി നിസഹായ അവസ്ഥയിലാണ്. ഒളിംപിക്‌സ് അസോസിയേഷൻ ഈ പ്രശ്നം പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും വ്യക്തമാക്കിയ കോടതി ഹർജിയിലെ നടപടികൾ അവസാനിപ്പിച്ചു.

കേസ് പരിഗണിച്ച ഉടനെ ടീമുകളെ ഇനി തിരഞ്ഞെടുക്കാൻ കഴിയുമോ എന്ന് കോടതി ചോദിച്ചു. എന്നാൽ ദേശീയ ഗെയിംസ് തുടങ്ങിയെന്ന് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ അറിയിച്ചു . തുടർന്ന് അസോസിയേഷൻ ഭാരവാഹികളോട് സംസാരിക്കാൻ അഭിഭാഷകന് സമയം നൽകിയ കോടതി ഹർജി വീണ്ടും പരിഗണിക്കുകയായിരുന്നു. എന്നാൽ ചർച്ചയ്ക്ക് ശേഷവും താരങ്ങളെ ഉൾപെടുത്താനാവില്ലെന്ന് അസോസിയേഷൻ കോടതിയെ അറിയിച്ചു.

ഗോവയിൽ നടക്കുന്ന ദേശീയ ഗെയിംസിൽ വോളിബോൾ ഉൾപ്പെടുത്തേണ്ടെന്ന് അഡ്ഹോക് കമ്മിറ്റി ഇന്ത്യൻ ഒളിംപിക് അസോസിയേഷന് ശുപാർശ നൽകിയതായാണ് ഹർജിയിൽ പറയുന്നത്. ഈ തീരുമാനം നിയമ വിരുദ്ധവും ഭരണഘടന വിരുദ്ധവും വിവേചനപരവുമാണ്. വോളിബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അംഗീകാരം പല കാരണങ്ങളാൽ കേന്ദ്ര സ്പോർട്സ് മന്ത്രാലയം പുതുക്കിയിരുന്നില്ലെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.

സ്പോർട്സ് മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ വോളിബോളുമായി ബന്ധപ്പെട്ട് അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചത്. നവംബർ രണ്ടുമുതൽ ആറു വരെ നടക്കുന്ന വോളിബോൾ മത്സരങ്ങളിൽ ഉൾപ്പെടെ പങ്കെടുക്കാൻ കളിക്കാരെ സഹായിക്കേണ്ടത് കമ്മിറ്റിയാണ്. ഇതിനായി അഡ്ഹോക് കമ്മിറ്റിയാണ് കളിക്കാരുടെ പട്ടിക നൽകേണ്ടതെന്നിരിക്കെയാണ് ഈ വർഷം മത്സരം വേണ്ടെന്ന് ശുപാർശ നൽകിയിരിക്കുന്നതെന്നാണ് ഹർജിയിൽ പറഞ്ഞിരുന്നത്.

logo
The Fourth
www.thefourthnews.in