പുതുപ്പള്ളിയില്‍ നാളെ ജനവിധി; പോളിങ് ശതമാനം കൂടുമോ കുറയുമോ?

പുതുപ്പള്ളിയില്‍ നാളെ ജനവിധി; പോളിങ് ശതമാനം കൂടുമോ കുറയുമോ?

കഴിഞ്ഞ 25 വര്‍ഷങ്ങള്‍ക്കിടയില്‍ പുതുപ്പള്ളി മണ്ഡലത്തിലെ ഏറ്റവും ഉയര്‍ന്ന പോളിങ് ശതമാനം രേഖപ്പെടുത്തിയത് 2016-ലും 2021-ലുമാണ്.
Updated on
2 min read

പതിറ്റാണ്ടുകളായി ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ മാത്രം വിധിയെഴുതിയ പുതുപ്പള്ളി മണ്ഡലം നാളെ മറ്റൊരാളെ പകരക്കാരനായി തിരഞ്ഞെടുക്കും. ജനവിധി എന്തായാലും 1970-നു ശേഷം പുതിയ ഒരു ജനപ്രതിനിധിയെയാണ് പുതുപ്പള്ളി നാളെ തിരഞ്ഞെടുക്കാന്‍ പോകുന്നത്. 53 വര്‍ഷത്തിനു ശേഷം തങ്ങളെ പ്രതിനിധീകരിക്കാന്‍ ഒരു പുതുമഖത്തെ കണ്ടെത്താന്‍ പോകുമ്പോള്‍ പുതുപ്പള്ളിക്കാര്‍ ഒന്നടങ്കം പോളിങ് ബൂത്തിലേക്ക് എത്തുമോ? പുതുപ്പള്ളി എഴുതാന്‍ പോകുന്ന ജനവിധി സംബന്ധിച്ച് ആര്‍ക്കും 'അവകാശവാദങ്ങളില്ലാത്ത' സ്ഥിതിക്ക് പോളിങ് ദിനമായ നാളെ ബൂത്തുകളിലേക്ക് ജനമൊഴുകമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

1970 മുതല്‍ അഞ്ചു പതിറ്റാണ്ടിലേറെയായി മണ്ഡലം വിശ്വസിച്ചത് ഉമ്മന്‍ ചാണ്ടിയെയാണ്. മാറി മാറി വന്ന രാഷ്ട്രീയ സാഹചര്യങ്ങളിലും പുതുപ്പള്ളിക്കാര്‍ അദ്ദേഹത്തെ കൈവിട്ടിട്ടില്ല. എന്നാല്‍ അദ്ദേഹത്തിനു വേണ്ടി പുതുപ്പള്ളിയിലെ ജനങ്ങള്‍ ഒന്നടങ്കം രംഗത്തിറങ്ങിയത് കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പു വേളകളിലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

കാരണം കഴിഞ്ഞ 25 വര്‍ഷങ്ങള്‍ക്കിടയില്‍ പുതുപ്പള്ളി മണ്ഡലത്തിലെ ഏറ്റവും ഉയര്‍ന്ന പോളിങ് ശതമാനം രേഖപ്പെടുത്തിയത് 2016-ലും 2021-ലുമാണ്. രാഷ്ട്രീയ ആരോപണങ്ങളാല്‍ ഉമ്മന്‍ ചാണ്ടി ഏറെ വിമര്‍ശനം നേരിട്ട ഈ കാലഘട്ടങ്ങളില്‍ നടന്ന രണ്ടു തിരഞ്ഞെടുപ്പിലും പോളിങ് ശതമാനം 75 കടന്നിരുന്നു.

2016-ല്‍ 77.36 ശതമാനമായിരുന്നു പോളിങ്ങെങ്കില്‍ അഞ്ചു വര്‍ഷത്തിനു ശേഷം 2021-ല്‍ അത് 0.02 ശതമാനമുയര്‍ന്ന് 77.36 ആയി. കോണ്‍ഗ്രസ് അനുകൂല തരംഗം വീശിയടിച്ച 2011-ല്‍ ഉമ്മന്‍ ചാണ്ടിയെ മുഖ്യമന്ത്രിക്കസേരയിലെത്തിച്ച തിരഞ്ഞെടുപ്പില്‍പ്പോലും പുതുപ്പള്ളിയില്‍ 75 ശതമാനത്തയില്‍ താഴെയായിരുന്നു വോട്ടിങ് ശതമാനം. അന്ന് 74.44 ശതമാനം പേരാണ് മണ്ഡലത്തില്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തിയത്.

ഇക്കുറി പോളിങ് ശതമാനം ഉയര്‍ന്നാല്‍ അത് നേട്ടം ചെയ്യുന്നത് യുഡിഫഫ് സ്ഥാനാര്‍ത്ഥിയും ഉമ്മന്‍ ചാണ്ടിയുടെ മകനുമായ ചാണ്ടി ഉമ്മനായിരിക്കുമെന്നാണ് പരക്കെയുള്ള അഭിപ്രായം. കാരണം മറ്റൊന്നുമല്ല, മണ്‍മറഞ്ഞ തങ്ങളുടെ പ്രിയ നേതാവിനോടുള്ള ആദരസൂചകമായി പുതുപ്പള്ളിക്കാര്‍ ഒന്നടങ്കം പോളിങ് ബൂത്തിലേക്ക് എത്തുമെന്ന നിഗമനമാണ്.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പമായി ബന്ധപ്പെട്ട് ദ ഫോര്‍ത്ത്-എഡ്യുപ്രസ് സര്‍വെയിലും വ്യക്തമായത് ഇതേ കാര്യമാണ്. പുതുപ്പള്ളിയില്‍ 60 ശതമാനത്തിലേറെ വോട്ടിങ് രേഖപ്പെടുത്തിയാല്‍ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം 50000 കടക്കുമെന്നാണ് ഫോര്‍ത്തിന്റെ സര്‍വെയില്‍ വ്യക്തമായത്. അതേ പോളിങ് ശതമാനം കഴിഞ്ഞ രണ്ടു തവണത്തേതിനൊപ്പമെത്തിയാല്‍, അതായത് 70-നു മുകളില്‍ കടന്നാല്‍ ഭൂരിപക്ഷം 60,000 കടക്കുമെന്നും സര്‍വെ സൂചിപ്പിക്കുന്നു.

ഇരുമുന്നണികളും സര്‍വെ ഫലത്തോട് ഏറെക്കുറേ ഒപ്പം നിന്നതോടെ ഇരുപാളയങ്ങളും ഇപ്പോള്‍ ജനവിധിയെന്തെന്ന ചോദ്യമല്ല ഉയരുന്നത്, മറിച്ച് പോളിങ് ശതമാനമെത്ര, ഭൂരിപക്ഷമെത്ര എന്നതാണ്. ആകെ 1.76 ലക്ഷം വോട്ടര്‍മാരാണ് പുതുപ്പള്ളി മണ്ഡലത്തിലുള്ളത്. ഇതില്‍ 1.40 ലക്ഷം പേര്‍ പോളിങ് ബൂത്തിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വോട്ടര്‍പട്ടികയിലുള്ള പരമാവധി ആള്‍ക്കാരെ എത്തിക്കാനാണ് യുഡിഎഫ് പാളയം ലക്ഷ്യം വയ്ക്കുന്നത്. ഉമ്മന്‍ ചാണ്ടിയുടെ വ്യക്തിപ്രഭാവം ഇതിനു സഹായകരമാകുന്നുവെന്നും യുഡിഎഫ് ക്യാമ്പുകളില്‍ നിന്നു വ്യക്തമാകുന്നു.

അന്യനാടുകളിലേക്കു ചേക്കേറിയ വോട്ടര്‍മാര്‍ പോലും ഇക്കുറി തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്താന്‍ എത്തുമെന്നാണ് യുഡിഎഫ് ക്യാമ്പ് വിശ്വസിക്കുന്നത്. ഓണം അവധിക്കു പോലും നാട്ടില്‍ എത്താന്‍ കഴിയാഞ്ഞവരെക്കൂടി പോളിങ് ബൂത്തിലേക്ക് എത്തിക്കാനാണ് അവരുടെ ശ്രമം. അതേസമയം മറുവശത്ത് ഈ സഹതാപ തരംഗം എങ്ങനെ മറികടക്കണമെന്ന ബദല്‍ ആലോചിക്കുകയാണ് ഇടതുപക്ഷം.

logo
The Fourth
www.thefourthnews.in