'ഞാന്‍ തോറ്റപ്പോള്‍ വിഎസ് കരഞ്ഞു'; രാഷ്ട്രീയ വളര്‍ച്ചയിലെ അച്യുതാനന്ദന്റെ പങ്കിനെ കുറിച്ച് ജി സുധാകരന്‍

'ഞാന്‍ തോറ്റപ്പോള്‍ വിഎസ് കരഞ്ഞു'; രാഷ്ട്രീയ വളര്‍ച്ചയിലെ അച്യുതാനന്ദന്റെ പങ്കിനെ കുറിച്ച് ജി സുധാകരന്‍

വലിയൊരു സംഘാടകന്‍, പ്രക്ഷോഭകാരി, ഭരണാധികാരി, ചരിത്ര ബോധമുള്ള കമ്മ്യൂണിസ്റ്റ് നേതാവ് എന്നിങ്ങനെയാണ് ജി സുധാകരന്‍ വിഎസ് അച്യുതാനന്ദനെ വിശേഷിപ്പിക്കുന്നത്
Updated on
2 min read

നൂറാം വയസിലേക്ക് കടക്കുന്ന മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദനെ കുറിച്ചുള്ള പ്രിയപ്പെട്ട ഓര്‍മ്മകള്‍ പങ്കുവച്ച് ജി സുധാകരന്‍. തന്റെ രാഷ്ട്രീയ ജീവിതത്തിലും, സ്വകാര്യ ജീവിതത്തിലും വിഎസ് എന്ന വ്യക്തി ചെലുത്തിയ സ്വാധീനത്തെ കുറിച്ച് തുറന്ന് പറയുകയാണ് മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ ജി സുധാകരന്‍. വ്യക്തിളോട് അടുപ്പം സൂക്ഷിക്കുന്നതിലെ വിഎസ് ശൈലിയെ കുറിച്ചും, അടുപ്പമുള്ളവരുടെ വിജയത്തില്‍ സന്തോഷിക്കുകയും, തോല്‍വിയില്‍ സങ്കടപ്പെടുകയും ചെയ്യുന്ന നേതാവായിരുന്നു അദ്ദേഹമെന്നും ജി സുധാകരന്‍ പറയുന്നു. കേരള കൗമുദിയില്‍ എഴുതിയ ലേഖനത്തിലാണ് ജി സുധാകരന്റെ പരാമര്‍ശങ്ങള്‍.

ആദ്യമായി കണ്ടപ്പോള്‍ പേരെടുത്ത് പറഞ്ഞ് സംസാരിച്ച സംഭവം വിവരിച്ച് കൊണ്ടാണ് ജി സുധാകരന്റെ ലേഖനം ആരംഭിക്കുന്നത്. വിദ്യാര്‍ത്ഥി ജീവിതം കഴിഞ്ഞും പ്രസ്ഥാനത്തില്‍ ഉറച്ചു നില്‍ക്കണം എന്ന് നിര്‍ദേശിച്ചത് വിഎസ് ആയിരുന്നു എന്നും അദ്ദേഹം ഓര്‍മ്മിക്കുന്നു. ആളുടെ സ്വഭാവം അറിഞ്ഞേ വിഎസ് ആളുകളെ അടുപ്പിക്കുകയുള്ളു, മദ്യപിക്കുന്നവരോട് വലിയ എതിര്‍പ്പാണ്. എസ്എഫ്‌ഐ യുടെ സ്ഥാപക പ്രസിഡന്റ് എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് വിഎസ് എംഎല്‍എ ക്വാര്‍ട്ടേഴ്‌സിലെ പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസില്‍ കിടക്കാന്‍ ഒരു കട്ടില്‍ ഒരുക്കിത്തന്നിരുന്നു. പിന്നീട് ആലപ്പുഴ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ നിര്‍ദേശിച്ചതും അദ്ദേഹം തന്നെയാണെന്നും ജി സുധാകരന്‍ പറയുന്നു.

തന്റെ പരാജയങ്ങളില്‍ വികാരപരമായി പ്രതികരിച്ചിരുന്ന നേതാവായിരുന്നു വിഎസ് എന്ന കമ്മ്യൂണിസ്‌റ്റെന്നും ജി സുധാകരന്‍ ഓര്‍മ്മിക്കുന്നു. 1987 ല്‍ അലമ്പപ്പുഴയിലെ തന്റെ തോല്‍വിയാണ് സുധാകരന്‍ ഇക്കാര്യം വ്യക്തമാക്കാന്‍ ഉദാഹരിക്കുന്നത്. വിഎസിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു 1987 ല്‍ ഞാന്‍ അമ്പലപ്പുഴയില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചത്. പതിനായിരം വോട്ടിന് ജയിക്കുമെന്നായിരുന്നു പാര്‍ട്ടി കണക്കു കൂട്ടല്‍. എന്നാല്‍ 124 വോട്ടിന് പരാജയപ്പെട്ടു. 'എന്റെ ആ തോല്‍വിയില്‍ വിഎസ് അന്ന് കരഞ്ഞു'. എന്നാണ് ജി സുധാകരന്‍ പറയുന്നത്. അന്നത്തെ തോല്‍വിയ്ക്ക് കാരണം മുന്നണിയില്‍ സിപിഐയുടെ ചില പ്രശ്‌നങ്ങളായിരുന്നു എന്നും സുധാകരന്‍ ചൂണ്ടിക്കാട്ടുന്നു.

വിഎസുമായുള്ള വ്യക്തിപരമായ അടുപ്പം തുറന്ന് പറയുന്ന സുധാകരന്‍ തന്റെ വിവാഹത്തിനുള്ള താലിമാല കൈമാറിയത് അദ്ദേഹം ആയിരുന്നു എന്നും ഓര്‍മ്മിക്കുന്നു. ജൂബിലി നവപ്രഭയുമായുള്ള വിവാഹത്തിന് മുന്‍പ് ജൂബിലിയുടെ പിതാവ് പ്രൊഫ. അയ്മനം കൃഷ്ണന്‍കുട്ടിയോട് എല്ലാ കാര്യങ്ങളും സംസാരിച്ചത് വി.എസ് ആയിരുന്നു. വി.എസിന്റെ കുടുംബവുമായി അടുത്ത ബന്ധമാണ് എന്നുമുള്ളതെന്നും സുധാകരന്‍ ലേഖനത്തില്‍ വ്യക്തമാക്കുന്നു. വലിയൊരു സംഘാടകന്‍, പ്രക്ഷോഭകാരി, ഭരണാധികാരി, ചരിത്ര ബോധമുള്ള കമ്മ്യൂണിസ്റ്റ് നേതാവ് എന്നിങ്ങനെയാണ് ജി സുധാകരന്‍ വിഎസ് അച്യുതാനന്ദനെ വിശേഷിപ്പിക്കുന്നത്.

logo
The Fourth
www.thefourthnews.in