അരയില്‍ മൊബൈല്‍ ഫോണ്‍, ചെവിയില്‍ ബ്‌ളൂടൂത്ത്; വിഎസ്എസ്‌സി പരീക്ഷയില്‍ ഹൈടെക് കോപ്പിയടി, രണ്ട് പേര്‍ പിടിയില്‍
തിരുവനന്തപുരം വിക്രം സാരാഭായി സ്‌പേസ് സെന്ററില്‍ നടന്ന റിക്രൂട്ട്‌മെന്റ് പരീക്ഷയില്‍ ഹൈടെക് മോഡല്‍ കോപ്പിയടി. സംഭവത്തില്‍ ഹരിയാന സ്വദേശികളായ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ടെക്‌നീഷ്യന്‍ ബി ക്യാറ്റഗറി തസ്തികയിലേക്കുള്ള പരീക്ഷയിലാണ് ഫോണും ബ്ലൂട്ടൂത്ത് ഉപകരണവും ഉപയോഗിച്ചുള്ള കോപ്പിയടി നടന്നത്.
ഹരിയാന സ്വദേശികളായ സുനില്‍, സുനിത്ത് എന്നിവരാണ് പോലീസ് പിടിയിലായത്. മൊബൈല്‍ ഫോണ്‍ ബെല്‍റ്റ് കൊണ്ട് അരയില്‍ കെട്ടിവെച്ചും ബ്ലൂട്ടൂത്ത് ഉപകരണം പുറത്തുകാണാത്ത വിധത്തില്‍ ചെവിക്കുള്ളിലേക്ക് കയറ്റിവെച്ചുമാണ് പ്രതികള്‍ പരീക്ഷയ്ക്ക് എത്തിയത്. ചോദ്യപേപ്പര്‍ ഹരിയാനയിലെ സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്തശേഷം ബ്ലൂട്ടൂത്ത് ഉപകരണം വഴി കേട്ട് എഴുതുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. പരീക്ഷാ ഹാളില്‍ നിന്ന ഇന്‍വിജിലേറ്റര്‍ക്ക് പോലും മനസിലാകാത്ത തരത്തില്‍ സമര്‍ഥമായാണ് കോപ്പിയടി നടന്നത്.
എന്നാല്‍ ഹരിയാനയില്‍ നിന്നെത്തുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഹൈടെക് സംവിധാനങ്ങള്‍ ഉപയോഗിച്ച് കോപ്പിയടിക്കാന്‍ പദ്ധതിയിടുന്നുവെന്ന് മ്യൂസിയം പോലീസിന് ലഭിച്ച രഹസ്യ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ഇവരെ പിടികൂടുകയായിരുന്നു.
തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ സുനിലിനെ മ്യൂസിയം പോലീസാണ് അറസ്റ്റ്‌ചെയ്തത്. ഇയാള്‍ എഴുപത്തി അഞ്ചിലധികം ഉത്തരങ്ങള്‍ എഴുതിയിരുന്നു. പട്ടം സെന്റ് മേരീസ് സ്‌കൂളില്‍ പരീക്ഷയെഴുതിയ സുമിത്തിനെ മെഡിക്കല്‍ കോളേജ് പോലീസാണ് പിടികൂടിയത്. ഇയാള്‍ 25 ഉത്തരങ്ങളും എഴുതിയിരുന്നു. ഹരിയാനയില്‍ നിന്നെത്തിയ മറ്റ് ഉദ്യോഗാര്‍ഥികളും ഇത്തരത്തില്‍ കൃത്രിമം കാണിച്ചിട്ടുണ്ടോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.