സമസ്തയെ വിശ്വാസത്തിലെടുത്ത് വഖഫില്‍ സര്‍ക്കാരിന്റെ രാഷ്ട്രീയ നീക്കം; ലീഗിനൊരു മുന്നറിയിപ്പ്
വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവച്ച വഖഫ് ബോര്‍ഡിലെ പിഎസ് സി നിയമന വിഷയത്തില്‍ സര്‍ക്കാന്‍ നിലപാടില്‍ നിന്നും പിന്നോട്ട് പോയിരിക്കുന്നു. വഖഫ് ബോര്‍ഡ് നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. ബോര്‍ഡിലേക്കുള്ള നിയമനങ്ങള്‍ക്ക് പുതിയ സംവിധാനം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മുസ്ലീം ലീഗ് നേതാവും എഎല്‍എയുമായ പി കെ കുഞ്ഞാലിക്കുട്ടി അവതരിപ്പിച്ച സബ്മിഷന് മറുപടിയായാണ് സര്‍ക്കാര്‍ നേരത്തെ തന്നെ എടുത്ത നിലപാട് അറിയിച്ചത്.
'വഖഫ് ബോര്‍ഡ് വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് നേരത്തെ വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ മുസ്‌ലീം സംഘടനകളുമായി നടത്തിയ യോഗത്തില്‍ ഉരുത്തിരിഞ്ഞ പൊതു അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് നിയമ ഭേദഗതി' കൊണ്ടുവരുന്നത് എന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. വഖഫ് നിയമനങ്ങള്‍ പിഎസ്സിക്ക് വിടാനുള്ള തീരുമാനത്തിനെതിരെ മുസ്ലിം സംഘടനകള്‍ കടുത്ത പ്രതിഷേധമുയര്‍ത്തിയിരുന്നു. എന്നാല്‍, തീരുമാനത്തില്‍ നിന്നുള്ള പിന്‍മാറ്റം പ്രഖ്യാപിക്കുമ്പോഴും വിഷയം മുസ്‌ലീം ലീഗ് പ്രതിഷേധത്തിന്റെ വിജയമായി മാറരുത് എന്ന ലക്ഷ്യവും സര്‍ക്കാരിനുണ്ടെന്ന് വ്യക്തം. മുഖ്യമന്ത്രി നടത്തിയ പ്രതികരണത്തിലും ഇക്കാര്യങ്ങള്‍ ഉറപ്പിക്കുന്നു.
മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്
'വഖഫ് ബോര്‍ഡിലെ നിയമനം പിഎസ്‌സിക്ക് വിടുന്ന തീരുമാനം ഈ സഭ ചര്‍ച്ച ചെയ്തതാണ്. രഹസ്യമായി വന്നതല്ല. പക്ഷേ നിയമനിര്‍മാണത്തെ കുറിച്ച് മുസ്‌ലീം സമുദായ സംഘടനകള്‍ക്ക് ആശങ്കയുണ്ടായിരുന്നു. തുടര്‍ന്ന് മുസ്ലിംസംഘടനാ പ്രതിനിധികളുടെ യോഗം വിളിക്കുകയും തുറന്ന സമീപനത്തോടെ മാത്രമേ ഇക്കാര്യത്തില്‍ തീരുമാനം എടുക്കൂ എന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. മുസ്‌ലീം സംഘടനാ പ്രതിനിധികളുടെ യോഗത്തിലുണ്ടായ യോജിച്ച അഭിപ്രായം സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിക്കുകയാണ് . നിയമഭേദഗതിക്കാവശ്യമായ നടപടികള്‍ സ്വീകരിക്കാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. യോഗ്യരായവരെ നിയമിക്കാനുള്ള പുതിയ സംവിധാനം നിയമഭേദഗതിയോടെ നിലവില്‍ വരും. വഖഫ് ബോര്‍ഡിലേക്കുള്ള നിയമനം പി എസ് സിയിലേക്ക് വിടുന്നതുമായി ബന്ധപ്പെട്ട് നടപടികള്‍ ഒന്നും സര്‍ക്കാര്‍ തലത്തില്‍ ഉണ്ടായിട്ടില്ല' മുഖ്യമന്ത്രി വ്യക്തമാക്കി.
മുസ്‌ലീം ലീഗിന്റെ ഇടപെടലിന് പിന്നില്‍ രാഷ്ട്രീയമാണെന്ന സൂചന നല്‍കി മുഖ്യമന്ത്രി
ഇതിനൊപ്പം ലീഗ് ഇടപെടല്‍ തീരുമാനത്തിന് കാരണമായില്ലെന്ന സൂചനയും മുഖ്യമന്ത്രി നല്‍കി. ബില്ല് നിയമസഭയില്‍ അവതരിപ്പിച്ചപ്പോള്‍ അവിടെ തുടരുന്ന താത്കാലിക ജോലിക്കാരെ സ്ഥിരപ്പെടുത്തുമെന്ന ഉറപ്പോടെ ആയിരുന്നു ബില്ല് പാസാക്കിയത്. ഇതിന് ശേഷം കുറച്ച് കാലം കഴിഞ്ഞാണ് ഇതൊരു പ്രശ്നമായി ലീഗ് ഉയര്‍ത്തിയത് എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മുസ്‌ലീം ലീഗിന്റെ ഇടപെടലിന് പിന്നില്‍ രാഷ്ട്രീയമാണെന്ന സൂചന കൂടിയാണ് മുഖ്യമന്ത്രി നല്‍കിയത്.
ജീവിക്കുന്ന രേഖകളുണ്ടെന്ന് മുസ്ലീം ലീഗ്
സര്‍ക്കാരിന്റെ പിന്‍മാറ്റം ഗത്യന്തരമില്ലാതെയാണെന്നായിരുന്നു വിഷയത്തില്‍ മുസ്‌ലീം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദിന്റെ പ്രതികരണം. മുസ്‌ലീം ജനവിഭാഗത്തിന് ഇടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ച് സര്‍ക്കാര്‍ പരാജയപ്പെട്ടു. ലീഗിനെ മാറ്റി നിര്‍ത്താനാണ് ശ്രമിച്ചത്. മുസ്‌ലീം സംഘടനകളുടെ യോഗം വിളിച്ചപ്പോള്‍ മുസ്‌ലീം ലീഗിനെ മാറ്റി നിര്‍ത്തിയത് ഇതിന്റെ ഭാഗമാണ്. എല്ലാ സംഘടനകളും സര്‍ക്കാര്‍ തീരുമാനത്തിന് വിരുദ്ധമായി നിന്നതോടെയാണ് സര്‍ക്കാരിന് തീരുമാനത്തില്‍ നിന്നും പിന്നോട്ട് പോരേണ്ടിവന്നത് എന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
നിയമം അവതരിപ്പിച്ചപ്പോള്‍ ലീഗിന് ആശങ്കയുണ്ടായിരുന്നില്ല എന്ന് മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളമാണെന്നും ലീഗ് നേതാക്കള്‍ ആരോപിച്ചു. നിയമം സഭയില്‍ അവതരിപ്പിച്ച 27- 10- 2021 ന് തന്നെ നിരാകരണ പ്രമേയം നല്‍കിയിരുന്നു എന്ന് മണ്ണാര്‍ക്കാട് എംഎല്‍എ എന്‍ ഷംസുദ്ദീന്‍ പ്രതികരിച്ചു. നിരാകണ പ്രമേയം അനുസരിച്ച് നിയമ സഭയില്‍ നടത്തിയ പ്രതികരണത്തില്‍ തന്നെ ഈ നടപടി നിയമ വിരുദ്ധമാണെന്ന് അറിയിച്ചിരുന്നു. വഖഫ് ആക്ടിന് വിരുദ്ധമാണ്, ചര്‍ച്ചയില്‍ പങ്കെടുത്ത ഏഴോളം യുഡിഎഫ് അംഗങ്ങള്‍ ഇതേ വാദം ഉന്നയിച്ചിരുന്നു. പിന്നെ എങ്ങനെയാണ് അന്ന് പ്രതികരിച്ചില്ല എന്ന് പറയുന്നത് എന്നും ഷംസുദ്ദീന്‍ ചോദിച്ചു. ഇക്കാര്യത്തില്‍ ക്രെഡിറ്റിന്റെ വിഷയം ഇല്ല, ലീഗ് നേതാക്കളുടെ പക്കല്‍ ജീവിക്കുന്ന രേഖകളുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
മുസ്‌ലീം സംഘടനകളും, നിലപാടുകളും
രാഷ്ട്രീയ നിയമനങ്ങള്‍ വഴി കഴിവുള്ളവര്‍ക്ക് അവസരം നിഷേധിക്കപ്പെട്ട സ്ഥിതി മാറാന്‍ പിഎസ്‌സി ഇടപെടല്‍ സഹായിക്കുമെന്നായിരുന്നു സമുദായത്തിലെ തന്നെ ഒരു വിഭാഗത്തിന്റെ നിലപാട്. രാഷ്ട്രീയ നിയമനങ്ങളില്‍ സലഫികള്‍ക്ക് മേല്‍ക്കൈ ലഭിക്കുന്നു എന്നതാണ് ഇതിന്റെ അടിസ്ഥാനം. കേരളത്തിലെ വഖഫ് സ്വത്തുക്കള്‍ 99 ശതമാനവും സുന്നികളുടെതാണെന്നതും ഈ നിലപാടിന് പിന്നിലുണ്ട്. കക്ഷി രാഷ്ട്രീയ തര്‍ക്കങ്ങളുടെ ഭാഗമായി വഖഫ് സ്വത്തുക്കള്‍ മാറുന്ന കേരളത്തിലെ സ്ഥിതി മാറണമെന്ന ആവശ്യവും ഈ നിലപാടിന് കരുത്ത് പകരുന്നു.
സമുദായ സംഘടനകളും, സര്‍ക്കാരിന്റെ രാഷ്ട്രീയ നീക്കവും
വഖഫ് ബോര്‍ഡ് വിഷയത്തില്‍ സമുദായ സംഘടനകളെയും ചേര്‍ത്ത് സമരത്തിനിറങ്ങാനായിരുന്നു മുസ്‌ലീം ലീഗിന്റെ ആദ്യ നീക്കം. ഇതിന്റെ അപകടം തിരിച്ചറിഞ്ഞ സര്‍ക്കാര്‍ മുസ്‌ലീം ലീഗിനെ പരിഗണിക്കാതെ അവരുടെ വോട്ട് ബാങ്കിനെ തൊട്ടായിരുന്നു ഇടപെടല്‍ നടത്തിയത്. സമസ്തയുള്‍പ്പെടെയുള്ള സംഘടനകളെ ചര്‍ച്ചയ്ക്ക് വിളിച്ച സര്‍ക്കാര്‍ ലീഗിന്റെ സമരത്തെയും പ്രതിഷേധത്തെയും പാടെ അവഗണിച്ചു.
ഇതിനിടെ ലീഗ് നടത്തിയ ചില കൈവിട്ട പരാമര്‍ശങ്ങള്‍ തിരിച്ചടിയാവുകയും ചെയ്തു. വെള്ളിയാഴ്ച പള്ളികളിലെ പ്രാര്‍ഥനക്കിടയില്‍ വിഷയം ഉന്നയിക്കുമെന്ന പിഎംഎ സലാമിന്റെ പ്രസ്താവന തിരിഞ്ഞുകൊത്തുന്ന നിലയുണ്ടായി. മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത മുസ്‌ലീം സംഘടനകളുടെ യോഗത്തിന് ശേഷമായിരുന്നു ഇത്തരമൊരു പരാമര്‍ശം.
ഇതിനെതിരെ സമസ്തയിലെ ഇരു വിഭാഗങ്ങളും രംഗത്തെത്തി. പള്ളികള്‍ പ്രതിഷേധത്തിനുള്ള വേദിയല്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ ജിഫ്രി മുത്തുകോയ തങ്ങള്‍ തുറന്നു പറഞ്ഞു. ഇതോടെ പ്രതിഷേധത്തില്‍ നിന്ന് പിന്‍മാറാനും നിര്‍ബന്ധിതരായി.
ഇതിന് പുറമെ ആയിരുന്നു അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രതികരണം. വഖഫ് ബോര്‍ഡ് പി എസ് സി നിയമനത്തില്‍ മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടും ചിലര്‍ വെറുതേ ഒച്ചപ്പാടുണ്ടാക്കുന്നു എന്നായിരുന്നു ലീഗ് പ്രതിഷേധങ്ങളോടുള്ള അദ്ദേഹത്തിന്റെ നിലപാട്. കുറേ ഒച്ചപ്പാടുണ്ടാക്കി ജനങ്ങളുടെ ഇടയില്‍ കുഴപ്പം സൃഷ്ടിക്കുകയാണ്. എ പി വിഭാഗത്തിന്റെ ആശങ്ക പി എസ് സി നിയമനത്തിലല്ല, അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കളിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്തു. വഖഫ് വിഷയത്തില്‍ കോഴിക്കോട് കടപ്പുറത്ത് ലീഗ് സംഘടിപ്പിച്ച റാലിയും വിഷയത്തില്‍ നിന്നും തെന്നിമാറി. മന്ത്രി മുഹമ്മദ് റിയാസിന് എതിരെ മുസ്‌ലീം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍ കല്ലായി നടത്തിയ പരാമര്‍ശത്തില്‍ ഖേദപ്രകടനം നടത്തിയാണ് ഒടുവില്‍ ലീഗ് തടിതപ്പിയത്.
സമുദായത്തിന്റെ വിജയം, എല്ലാവരുടെയും
എല്ലാവരുടെയും വിജയമാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ പിന്‍മാറ്റമെന്നായിരുന്നു മുസ്‌ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖ് അലി ശിഹാബ് തങ്ങളുടെ പ്രതികരണം. മുസ്‌ലീം ലീഗിന്റെ നിലപാട് വിജയിച്ചു. നിയമത്തെ കുറിച്ച് സമുദായത്തിനുള്ളില്‍ ആശങ്കകള്‍ ഉണ്ടായിരുന്നു. ഇതിനെതിരെ സമുദായ സംഘടനകള്‍ രംഗത്ത് വന്നു. ലീഗ് നടത്തിയ പ്രക്ഷോഭങ്ങളുടെ വിജയം മാറ്റി ചിന്തിപ്പിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചു. മുസ്‌ലീം സമുദായത്തിന്റെ ആകെയുള്ള വിജയം എന്ന നിലയില്‍ ഉയര്‍ത്തിക്കാട്ടാനായിരുന്നു മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ ശ്രമിച്ചത്.
ബില്ലിലെ വ്യവസ്ഥ
'വഖഫ് ബോര്‍ഡിലെ ഭരണപരമായ സര്‍വീസുകളിലെ എല്ലാ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും നേരിട്ടുള്ള നിയമനം വഴി നിയമിക്കുന്നതിന് വേണ്ടി മുസ്‌ലീം സമുദായത്തിലുള്ള ഉദ്യോഗാര്‍ത്ഥികളുടെ സെലക്ട് ലിസ്റ്റ് തയ്യാറാക്കേണ്ടത് പബ്ലിക് സര്‍വീസ് കമ്മീഷന്റെ ചുമതലയായിരിക്കും' എന്നായിരുന്നു ബില്ലിലെ വ്യവസ്ഥ.