ആനയറയിലെ ജനങ്ങള്‍ക്ക് ആശ്വാസം; കൂറ്റന്‍ പൈപ്പുകള്‍ നീക്കിത്തുടങ്ങി

ആനയറയിലെ ജനങ്ങള്‍ക്ക് ആശ്വാസം; കൂറ്റന്‍ പൈപ്പുകള്‍ നീക്കിത്തുടങ്ങി

മനുഷ്യാവകാശ കമ്മീഷനും ഹൈക്കോടതിയും വിഷയത്തില്‍ ഇടപെട്ടതോടെയാണ് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നത്
Updated on
1 min read

തിരുവനന്തപുരം ആനയറയിലെ ജനങ്ങളുടെ മൂന്ന് മാസത്തിലധികം നീണ്ട കഷ്ടപ്പാടിന് വിരാമമാകുന്നു. വഴിമുടക്കികിടന്ന കൂറ്റന്‍ പൈപ്പുകള്‍ റോഡരികില്‍ നിന്നും മാറ്റാനുള്ള നടപടികള്‍ വാട്ടര്‍ അതോറിറ്റി ആരംഭിച്ചു. ഇന്നലെ രാത്രിയോടെ പൈപ്പുകള്‍ റോഡില്‍ നിന്നും മാറ്റാനുള്ള യന്ത്രം എത്തിച്ചു. മനുഷ്യാവകാശ കമ്മീഷനും ഹൈക്കോടതിയും വിഷയത്തില്‍ ഇടപെട്ടതോടെയാണ് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നത്.

പൈപ്പുകള്‍ വലിച്ചു നീക്കാനുള്ള ഹൊറിസോണ്ടല്‍ ഡയറക്ട് ഡ്രില്ലിങ് മെഷീന്റെ മോട്ടോര്‍ തകരാറിലായതിനെത്തുടര്‍ന്നാണ് പണി പാതിവഴിയില്‍ നിലച്ചത്. ദുരിതം വ്യക്തമാക്കുന്ന വാർത്തകൾ പുറത്തുവന്നതോടെ സർക്കാർതലത്തിൽ കൃത്യമായ ഇടപെടലുകള്‍ ഉണ്ടായി, ഇതോടെ കാര്യങ്ങളും വേഗത്തിലായി. ശനിയാഴ്ച രാത്രിയോടെ യന്ത്രഭാഗം ചെന്നെയില്‍ നിന്നും തിരുവനന്തപുരത്തെത്തുകയും പണികള്‍ ആരംഭിക്കുകയും ചെയ്തു.

മാര്‍ച്ച് 15നാണ് ജലവിതരണ പദ്ധതിക്ക് ഉപയോഗിക്കുന്ന പൈപ്പ് ആനയറ കടകംപള്ളി വാര്‍ഡില്‍ മഹാരാജാസ് ലെയിനിലെ റോഡിന് മുന്നില്‍ അലക്ഷ്യമായി കൊണ്ടിട്ടത്. ഒരാഴ്ചയ്ക്കുള്ളില്‍ പൈപ്പുകള്‍ മാറ്റാമെന്ന ഉറപ്പിന്മേലാണ് പൈപ്പുകള്‍ വീടുകള്‍ക്ക് മുന്നിലിട്ടത്. 100മീറ്ററോളം നീളമുള്ള പൈപ്പ് ഗേറ്റിനു മുന്നില്‍ ഇട്ടതോടെ വാഹനങ്ങള്‍ പുറത്തിറക്കാനോ നടന്ന് പുറത്തേക്കിറങ്ങാനോ പോലും കഴിയാതെ അവസ്ഥയായി. ലോർഡ്സ് ആശുപത്രിയിലേക്ക് എത്തുന്ന ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങളുടെ വഴിമുടക്കിയാണ് പൈപ്പുകള്‍ റോഡിലിട്ടത്. യന്ത്രം കേടായതുകൊണ്ടാണ് പൈപ്പുകള്‍ നീക്കാത്തത് എന്നായിരുന്നു കരാറുകാരന്റെ മറുപടി.

മനുഷ്യാവകാശ കമ്മീഷന്‍ ജൂണ്‍ 21ന് വിഷയത്തില്‍ ഇടപെടുകയും പൈപ്പുകള്‍ ഉടന്‍ നീക്കം ചെയ്യണമെന്നും 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. പൈപ്പുകള്‍ നീക്കാനുള്ള യന്ത്രം ജൂണ്‍ 30ന് എത്തുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞിരുന്നെങ്കിലും ചെന്നൈയില്‍ നിന്ന് യന്ത്രങ്ങള്‍ എത്താതിരുന്നതോടെ ജനങ്ങള്‍ വീണ്ടും പ്രതിസന്ധിയിലായി. പൈപ്പുകള്‍ നീക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ലോര്‍ഡ്‌സ് ആശുപത്രി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ജൂലൈ അഞ്ചിന് മുന്‍പ് പൈപ്പുകള്‍ കുഴിയെടുത്ത് മൂടുമെന്ന് വാട്ടര്‍ അതോറിറ്റി ഹൈക്കോടതിയെ അറിയിച്ചു.

logo
The Fourth
www.thefourthnews.in