പ്രാര്‍ഥനകള്‍ എല്ലാം വിഫലം; ശ്രുതി ഇനി തനിച്ച്, ഒപ്പമുണ്ടാകുമെന്ന് ഉറപ്പുനല്‍കിയ ജെന്‍സണെ മരണം മടക്കിവിളിച്ചു

പ്രാര്‍ഥനകള്‍ എല്ലാം വിഫലം; ശ്രുതി ഇനി തനിച്ച്, ഒപ്പമുണ്ടാകുമെന്ന് ഉറപ്പുനല്‍കിയ ജെന്‍സണെ മരണം മടക്കിവിളിച്ചു

അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് മേപ്പാടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജെന്‍സണ്‍ ഇന്നു രാത്രിയോടെയാണ് മരണത്തിന് കീഴടങ്ങിയത്.
Updated on
1 min read

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അച്ഛനമ്മമാരെയും സഹോദരിയെയും നഷ്ടമായ ശ്രുതിയെ തനിച്ചാക്കി പ്രതിശ്രുത വരന്‍ ജെന്‍സണ്‍ മടങ്ങി. വയനാട് കല്‍പ്പറ്റ വെള്ളാരംകുന്നില്‍ ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് മേപ്പാടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജെന്‍സണ്‍ ഇന്നു രാത്രിയോടെയാണ് മരണത്തിന് കീഴടങ്ങിയത്.

അപകടത്തില്‍ പരുക്കേറ്റ ശ്രുതിയും ജെന്‍സന്റെ മറ്റു കുടുംബാംഗങ്ങളും ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. ഇന്നലെ വൈകുന്നേരമാണ് ഇവര്‍ സഞ്ചരിച്ചിരുന്ന വാന്‍ ബസുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. കോഴിക്കോട് ബന്ധു വീട്ടിലേക്കു പോകുമ്പോഴായിരുന്നു സംഭവം.

കല്‍പറ്റ വെള്ളാരംകുന്നിലെ വളവില്‍ വച്ച് ഇവരുടെ വാനിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തില്‍ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്ന വാന്‍ വെട്ടിപ്പൊളിച്ചാണ് പരുക്കേറ്റവരെ പുറത്തെടുത്തത്. തുടര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി.

തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ജെന്‍സണെ മേപ്പാടി സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ജീവന്‍ നിലനിര്‍ത്താന്‍ ഇന്നലെ രാത്രി മുതല്‍ വെന്റിലേറ്ററിലാക്കിയാണ് ചികിത്സ നല്‍കിവന്നത്. എന്നാല്‍ മരുന്നുകളോട് പ്രതികരിക്കാതെ ഒടുവില്‍ ജെന്‍സണ്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.

വയനാട് ചൂരല്‍മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ശ്രുതിയുടെ അമ്മ സബിത, അച്ഛൻ ശിവണ്ണ, അനുജത്തി ശ്രേയ, അമ്മമ്മ എന്നിവർ മരണപ്പെട്ടു. അഛൻ്റെ രണ്ട് സഹോദരങ്ങൾ ഉൾപ്പെടെ കുടുംബത്തിലെ 9 പേരെ ദുരന്തത്തിൽ നഷ്ടമായി. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു ശ്രുതി. ശ്രുതിയുടെ അച്ഛൻ കെട്ടുപണിക്കാരനും അമ്മ ഷോപ്പിൽ ജോലി ചെയ്യുകയുമായിരുന്നു. മേപ്പാടി പഞ്ചായത്തിലെ പത്താം വാർഡ് മുൻ മെമ്പർ കൂടിയായിരുന്നു അമ്മ സബിത. കൽപ്പറ്റ എൻ.എം.എസ്. എം ഗവ കോളേജിൽ രണ്ടാം വർഷ ബികോം വിദ്യാർഥിനിയായിരുന്നു അനുജത്തി ശ്രേയ.

ജെന്‍സണുമായുള്ള വിവാഹ നിശ്ചയത്തിനും പുതിയ വീടിന്റെ ഗൃഹപ്രവേശത്തിനും ശേഷമായിരുന്നു ദുരന്തമുണ്ടായത്. മാതാപിതാക്കളും സഹോദരിയും മലവെള്ളപ്പാച്ചിലില്‍ ഒലിച്ചു പോയതോടെ ഒറ്റയ്ക്കായിപ്പോയ ശ്രുതിയെ ജെന്‍സണ്‍ കൈപിടിച്ച് ഒപ്പം കൂട്ടുകയായിരുന്നു. ചൂരല്‍മലയിലെ ദുരന്തത്തില്‍ നിന്ന് ശ്രുതി കരകയറി വരുന്നതിനിടെയാണ് കല്‍പറ്റയില്‍ ഇരുവരെയും വിധി കാത്തിരുന്ന് ആക്രമിച്ചത്.

ഡിഎന്‍എ പരിശോധനയിലൂടെ അമ്മ സബിതയുടെ മൃതദേഹം തിരിച്ചറിയപ്പെട്ട ശേഷം ആദ്യമായി അമ്മയെ അടക്കിയ സ്ഥലം കാണാൻ പുത്തുമലയിലെ പൊതുശ്മാശാനത്തിൽ എത്തിയതായിരുന്നു ശ്രുതിയും ജെൻസനും. ഇവിടെ നിന്നു കോഴിക്കോട് ബന്ധുവീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടമുണ്ടായത്. ഉരുൾപൊട്ടലിന്റെ ആദ്യ ദിവസങ്ങളിൽ തന്നെ അച്ഛനെയും അനിയത്തിയേയും തിരിച്ചറിഞ്ഞ് സംസ്കാര ചടങ്ങുകൾ നടത്താനായി. എന്നാൽ ഡിഎൻഎ പരിശോധനയുടെ ഫലം വന്ന ശേഷമാണ് അമ്മയെ തിരിച്ചറിഞ്ഞത്.

ശ്രുതിയുടെ കല്യാണത്തിന് കരുതിയിരുന്ന 15 പവൻ സ്വർണ്ണവും 4 ലക്ഷം രൂപയും വീടടക്കം ഉരുൾ കൊണ്ടുപോയി. രണ്ട് മത വിഭാഗങ്ങളിൽ നിന്നുള്ള ശ്രുതിയും ജെൻസണും സ്കൂൾ കാലം മുതൽ സുഹൃത്തുക്കളാണ്. ആ പ്രണയമാണ് വിവാഹനിശ്ചയത്തിലെത്തിയത്. ഈ ഡിസംബറിൽ നടത്താനിരുന്ന വിവാഹം ശ്രുതിയുടെ ഉറ്റവർ എല്ലാവരും ദുരന്തത്തിൽ മരണപ്പെട്ടതിനാൽ നേരത്തെ ആക്കാൻ തീരുമാനിക്കുകയായിരുന്നു. കല്യാണം രജിസ്റ്റർ ചെയ്യാനായിരുന്നു ഇരുവർക്കും ആഗ്രഹം.

logo
The Fourth
www.thefourthnews.in