തിരച്ചിലിന് കുടുതല്‍ ആധുനിക സംവിധാനങ്ങളെത്തുന്നു; ദുരിതാശ്വാസത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് ആരോഗ്യ- വിദ്യാഭ്യാസ വകുപ്പുകള്‍
വയനാട് മുണ്ടക്കൈ - ചൂരല്‍മല ഉരുള്‍പൊട്ടല്‍ തിരച്ചില്‍ അഞ്ച് ദിവസം പിന്നിടുമ്പോള്‍ തിരച്ചില്‍ വ്യാപകമാക്കുന്നു. അത്യാധുനിക റഡാര്‍ സംവിധാനം ഉള്‍പ്പെടെ സജ്ജമാക്കി മണ്ണിനടിയിയില്‍ ആഴത്തില്‍ കുടുങ്ങിക്കിടക്കുന്നവരെ ഉള്‍പ്പെടെ കണ്ടെത്താനുള്ള ശ്രമങ്ങളാകും നാളെ മുതല്‍ നടക്കുക. കരസേനയുടെ കൈവശമുള്ള റഡാര്‍ സംവിധാനങ്ങള്‍ ഇതിനായി വയനാട്ടില്‍ എത്തിക്കും. നോര്‍ത്തേണ്‍ കമാന്‍ഡില്‍ നിന്നുള്ള ഒരു സേവര്‍ റഡാറും ഡല്‍ഹിയിലെ തിരംഗ മൗണ്ടന്‍ റെസ്‌ക്യു ഓര്‍ഗില്‍ നിന്നുള്ള നാല് റീക്കോ റഡാറുകളുമാണ് എത്തുന്നത്. ഉപകരണങ്ങള്‍ ഞായറാഴ്ച രാവിലെ മുതല്‍ തിരച്ചിന്റെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
70 മീറ്റര്‍ വരെ ആഴത്തിലുള്ള മൃതദേഹ സാന്നിധ്യം കണ്ടെത്താന്‍ ഉപകരണങ്ങള്‍ക്ക് സാധിക്കുമെന്നാണ് വിലയിരുത്തല്‍. ദുരന്തത്തില്‍ അകപ്പെട്ട ഇരുന്നൂറില്‍ അധികം പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് ഉപകരണങ്ങള്‍ എത്തിക്കുന്നത്. ഉരുള്‍പൊട്ടലുണ്ടായ പ്രദേശത്തെ പുഴയിലും നാളെ ആഴത്തിലുള്ള തിരച്ചില്‍ നടത്തുമെന്നാണ് രക്ഷാദൗത്യം നല്‍കുന്ന സൂചന. പുഴയില്‍ രൂപം കൊണ്ട പുതിയ മണ്‍തിട്ടകള്‍ കേന്ദ്രീകരിച്ചായിരിക്കും ഇനിയുള്ള തിരച്ചില്‍. എന്നാല്‍ നിരവധി പേരുടെ മൃതദേഹങ്ങളും നിരവധി മൃതദേഹ ഭാഗങ്ങളും കണ്ടെത്തിയ ചാലിയാര്‍ പുഴയിലെ പരിശോധന തിങ്കളാഴ്ചയോടെ അവസാനിപ്പിച്ചേക്കുമെന്നാണ് സൂചന.
മുണ്ടക്കൈ - ചൂരല്‍മല ദുരിതബാധിത പ്രദേശങ്ങളില്‍ ഡ്രോണ്‍ സര്‍വ്വേ നടത്തുമെന്ന് തിരച്ചില്‍ ദൗത്യം ഏകോപിപ്പിക്കുന്ന മന്ത്രിസഭാ ഉപസമിതിയും വ്യക്തമാക്കിയിരുന്നു. മേഖലയിലെ പഴയകാല ചിത്രവുമായി താരതമ്യം ചെയ്താവും തിരച്ചില്‍. ഉരുള്‍പൊട്ടലില്‍ പ്രദേശങ്ങളില്‍ അടിഞ്ഞുകൂടിയ മണ്‍കൂനകളുടെ ഉയര്‍ച്ച വ്യത്യാസം മനസ്സിലാക്കി പരിശോധന ശക്തമാക്കുമെന്നും ഉപസമിതി വയനാട് കളക്ടറേറ്റില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എന്‍.ഡി.ആര്‍.എഫ്, കെ - 9 ഡോഗ് സ്‌ക്വാഡ്, ആര്‍മി കെ - 9 ഡോഗ് സ്‌ക്വാഡ്, സ്പെഷ്യല്‍ ഓപറേഷന്‍ ഗ്രൂപ്പ്, മദ്രാസ് എന്‍ജിനിയറിങ് ഗ്രൂപ്പ്, പോലിസ്, ഫയര്‍ഫോഴ്സ്, ഫോറസ്റ്റ്, തമിഴ്നാട് ഫയര്‍ ആന്‍ഡ് റസ്‌ക്യൂ, മെഡിക്കല്‍ ടീം, ദേശീയ ദുരന്തനിവാരണ അതോറിറ്റി ഡെല്‍റ്റ സ്‌ക്വാഡ്, നേവല്‍, കോസ്റ്റ് ഗാര്‍ഡ് തുടങ്ങിയ 11 സേനാ വിഭാഗങ്ങളിലെ 1264 പേരാണ് ആറ് മേഖലകളിലായി തിരിഞ്ഞ് അഞ്ച് ദിവസം തിരിച്ചില്‍ നടത്തിയത്. പരിശോധനയില്‍ നാല് മൃതദേഹങ്ങള്‍ കണ്ടെത്തുകയും ചെയ്തിരുന്നു.
അതേസമയം, ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ തിരച്ചില്‍ ആറാം ദിനത്തിലേക്ക് കടക്കുമ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ് ആരോഗ്യ വിദ്യാഭ്യാസ വകുപ്പുകള്‍. ദുരന്ത മേഖലയിലെ എല്ലാ കുട്ടികള്‍ക്കും പ്രത്യേക മാനസികാരോഗ്യ പിന്തുണയും പരിചരണവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തിലേക്കാണ് ഇരുവകുപ്പുകളും കടക്കുന്നത്. ആരോഗ്യ വകുപ്പിന്റെ ടെലി മനസ് പദ്ധതിയുടെ സഹായത്തോടെ ആവശ്യമായ സേവനം നല്‍കാന്‍ ആരോഗ്യമന്ത്രി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി.
ദുരിത ബാധിതര്‍ക്ക് മാനസിക പിന്തുണ ഉറപ്പാക്കുന്നതിന് 137 കൗണ്‍സിലര്‍മാരെയാണ് നിയോഗിച്ചിട്ടുള്ളത്. മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്തിയവരുടെ തുടര്‍ കൗണ്‍സിലിംഗിന് അതേ കൗണ്‍സിലറുടെ തന്നെ സേവനം ഉറപ്പാക്കും. ഭവന സന്ദര്‍ശനം നടത്തുന്ന സൈക്കോസോഷ്യല്‍ ടീമില്‍ ഫീല്‍ഡ് തല സേവനം നടത്തുന്ന ജീവനക്കാരെക്കൂടി ഉള്‍പ്പെടുത്തും. ഡിഎന്‍എ പരിശോധനയ്ക്കായി സാമ്പിളെടുക്കുന്നതിന് മുമ്പ് മാനസികാരോഗ്യ പിന്തുണയ്ക്കുള്ള പ്രോട്ടോകോള്‍ നിര്‍ബന്ധമായും പാലിക്കണം. ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള വിവിധ ജീവനക്കാര്‍ക്കും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കും മാനസിക പിന്തുണ ഉറപ്പാക്കാനുള്ള ഇടപെടലുകള്‍ നടത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി.
വയനാട്ടിലെ ദുരന്തബാധിത മേഖലയിലെ കുട്ടികളുടെ മുടങ്ങിക്കിടക്കുന്ന വിദ്യാഭ്യാസം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളാണ് വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നിര്‍ണായക യോഗം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച കല്‍പറ്റയില്‍ നടക്കും. വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരടക്കമുള്ള വിവിധ ഉദ്യോഗസ്ഥരും തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികളും സ്‌കൂള്‍ അധികൃതരും പിടിഎ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. എത്രയും പെട്ടെന്ന് ദുരന്തബാധിത മേഖലയിലെ വിദ്യാര്‍ഥികള്‍ക്കായി ക്ലാസുകള്‍ ആരംഭിക്കുന്നതിനുള്ള കര്‍മപദ്ധതിയാണ് യോഗത്തിന്റെ അജണ്ട.
ഉരുള്‍പൊട്ടല്‍ നടന്ന് അഞ്ച് ദിനങ്ങള്‍ പിന്നിടുമ്പോള്‍ ഇനിയും 206 പേരെ കണ്ടെത്താനുണ്ടെന്നാണ് വിവരം. ഇതുവരെ 218 പേര്‍ മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം. ഔദ്യോഗിക കണക്കുകള്‍ പ്രകാരം മരിച്ചവരില്‍ 98 പുരുഷന്മാരും 90 സ്ത്രീകളും ഉള്‍പ്പെടുന്നു. 30 കുട്ടികളുടെ മരണവും ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്. 217 മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടവും പൂര്‍ത്തിയാക്കി. മരിച്ചവരില്‍ 152 പേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. ചിന്നിച്ചിതറിയ നിലയില്‍ 152 ശരീര ഭാഗങ്ങളാണ് ലഭിച്ചിട്ടുള്ളത്. ഇതില്‍ 143 ശരീരഭാഗങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടവും പൂര്‍ത്തിയാക്കി. സംസ്‌കരിക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന് 62 മൃതദേഹങ്ങളും 87 ശരീര ഭാഗങ്ങളും കൈമാറിയതായും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.