'ആ വോയ്‌സ് മെസേജ് സീരിയസ് ആയി എടുത്തിരുന്നെങ്കില്‍...'; നടുക്കം വിട്ടുമാറാതെ ചൂരല്‍മല പഞ്ചായത്ത് അംഗം നൂറുദ്ദീന്‍
'രാത്രി ഒന്നര മണിയായിക്കാണും. എല്ലാവരും നല്ല ഉറക്കത്തിലാണ്. പെട്ടെന്ന് ഒരു സ്ഫോടന ശബ്ദം കേട്ടു. ഉത്സവപ്പറമ്പില്‍ മേലോട്ട് പോയി പൊട്ടുന്ന പടക്കം പോലെ. അത്രയും ശബ്ദമേയുള്ളൂ.' സംസാരിക്കുമ്പോള്‍ ഒരു കൂട്ടം ആളുകളുടെ ശവസംസ്‌ക്കാരത്തിനുള്ള ഒരുക്കത്തിലായിരുന്നു ചൂരല്‍മല പഞ്ചായത്ത് അംഗം നൂറുദ്ദീന്‍. മുണ്ടക്കൈയില്‍ കുടുങ്ങിക്കിടക്കുന്ന നൂറിലധികം പേരില്‍ നിന്ന് നൂറുദ്ദീന്റെ ശബ്ദമാണ് മാധ്യമങ്ങളില്‍ എല്ലാം കേട്ടത്. ദുരന്തമുഖത്തുനിന്ന് രക്ഷപെട്ട് രണ്ട് ദിവസത്തോളം സംസാരിക്കാന്‍ പോലുമാവാത്ത അവസ്ഥയിലായിരുന്നു നൂറുദ്ദീന്‍. അന്ന് സംഭവിച്ചതും മുന്നില്‍ കണ്ടതുമെല്ലാം നൂറുദ്ദീന്‍ പറയുന്നു.
ഓടിക്കോ എന്ന് ഞാനെല്ലാരോടും ആര്‍ത്തുവിളിച്ചു. എന്റെ കൂടെയുണ്ടായിരുന്നവരെല്ലാം ജീവിതം തീര്‍ന്നു എന്നുതന്നെ ഉറപ്പിച്ചു
' റൂഫിന്റെ മുകളില്‍ എന്തോ വീണിട്ടുണ്ടാവും എന്നാണ് ആദ്യം കരുതിയത്. ലൈറ്റ് മുന്നേ തന്നെ പോയിരുന്നു. ടോര്‍ച്ചെല്ലാം തെളിച്ച് ടെറസില്‍ പോയി നോക്കിയപ്പോള്‍ ഒന്നും കാണാനില്ല. പിന്നെ അടുത്ത് കുടിവെള്ളത്തിനായി കുഴിച്ച കുളമുണ്ടായിരുന്നു. അത് പൊട്ടിയിട്ടുണ്ടാവും എന്ന് കരുതി. പക്ഷേ അതിനും കുഴപ്പമൊന്നും കണ്ടില്ല. പിന്നെ എന്താവും പടച്ചോനെ എന്ന് ചിന്തിച്ച് നില്‍ക്കുമ്പഴാണ് ഒരു ഫ്ലൈറ്റ് പോവുന്ന ശബ്ദം കേട്ടത്. അപ്പഴേക്കും എനിക്ക് മനസ്സിലായി മലയിറങ്ങി വരുന്നുണ്ടെന്ന്. പുത്തുമലയില്‍ മല പൊട്ടി വന്നതിന് ദൃക്സാക്ഷിയാണ് ഞാന്‍. അത് വന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അതുകൊണ്ട് എനിക്ക് കാര്യമറിയാം. മക്കളേ രക്ഷയില്ല. അത് വിഴുങ്ങിപ്പോവും എന്ന് ഞാന്‍ പറഞ്ഞു.
ഓടിക്കോ എന്ന് ഞാനെല്ലാരോടും ആര്‍ത്തുവിളിച്ചു. എന്റെ കൂടെയുണ്ടായിരുന്നവരെല്ലാം ജീവിതം തീര്‍ന്നു എന്നുതന്നെ ഉറപ്പിച്ചു. എല്ലാരും പോയി എന്നുറപ്പിച്ച് തന്നെ നില്‍ക്കുമ്പോള്‍ 200 മീറ്റര്‍ അപ്പുറത്ത് പുഴേല് കൂടി അതങ്ങ് പൊട്ടി ഒഴുകിപ്പോയി. ഞങ്ങള് രക്ഷപെട്ടു. പക്ഷേ അടുത്തുണ്ടായിരുന്ന വീട്ടുകാരെല്ലാം ഒഴുകിപ്പോണത് ഞങ്ങള് കണ്ടു. ഒന്നും ചെയ്യാനും പറ്റിയില്ല. അപ്പോ തന്നെ എന്റെ കൂടെയുള്ള അനസും യൂനസും കൂടി കാറെടുത്ത് അങ്ങോട്ട് പോവാന്‍ നിന്നു. ഞാന്‍ തടഞ്ഞെങ്കിലും ചെക്കന്മാര് പോയി. എന്നെക്കൊണ്ടാവും പോലെ എല്ലാരേയും ഫോണ്‍ ചെയ്തു. ഇവിടെയും ചൂരല്‍ മലയിലും കിട്ടാവുന്ന ആളുകളെയെല്ലാം വിളിച്ചു. എന്നിട്ട് ഓടിക്കോ എന്ന് മാത്രം പറഞ്ഞു. ഒച്ചയിട്ടപ്പോ ഒരുവിധം എല്ലാപേരുംതന്നെ വീടുകളില്‍ നിന്ന് പുറത്ത് വന്ന് ഓടി. ചൂരല്‍മലേന്നും കുറേപ്പേര്‍ ഓടി. പക്ഷേ അപ്പോഴാണ് രണ്ടാമത്തെ പൊട്ടല്‍. കുറേപ്പേരൊക്കെ വീട്ടില്‍നിന്ന് ഓടി ഞാന്‍ നില്‍ക്കുന്ന സ്ഥലത്ത് വന്നു. ചെറിയ മക്കളു പോലും ഉണ്ട്. എല്ലാരും പേടിച്ച് നില്‍ക്കുകയാണ്. ദൈവം തന്ന ജീവന് നന്ദിപറയാന്‍ അവരോട് പറഞ്ഞ് നില്‍ക്കുമ്പോഴാണ് രണ്ടാമത്തെ ഭീകരമായ ഒരു പൊട്ട്. രണ്ട് മണി സമയത്ത്. അതില് പലരും രക്ഷപെട്ടില്ല. ആദ്യത്തതില്‍നിന്ന് രക്ഷപെട്ട് ഓടുന്നവരെ പോലും ആ പൊട്ടല് വിഴുങ്ങി. ചൂരല്‍മലേലത്തെ ആളുകള് കുറേ ഓടിയിരുന്നു. അവരെയും രണ്ടാമത്തെ പൊട്ടല് കൊണ്ടുപോയി. പലര്‍ക്കും വീട്ടീന്ന് പുറത്തിറങ്ങി ഓടാന്‍ പോലുമുള്ള സാവകാശം കിട്ടിയിരുന്നില്ല. എല്ലാവരും പോയി.
ഇത് മുന്നില്‍ കണ്ട് നില്‍ക്കലല്ലാതെ ഞങ്ങള്‍ക്ക് എന്താ ചെയ്യേണ്ടതെന്നറിയില്ലായിരുന്നു. അപ്പോഴാണ് മൂന്ന് മണിയായപ്പോള്‍ മൂന്നാമത്തെ പൊട്ടല്, അതിശക്തമായിത്തന്നെ. അതോടെ എല്ലാം ഒലിച്ച് പോയി. ഞങ്ങളുടെ അടുത്തുള്ള സ്ഥലങ്ങളിലുള്ളവരെല്ലാം പോയി. പക്ഷേ വെള്ളം പാഞ്ഞ് വരുന്നത് കൊണ്ട് ആര്‍ക്കും എങ്ങോട്ടും പോവാന്‍ പറ്റിയില്ല. എല്ലാവരേയും വെള്ളം വിഴുങ്ങി.
മടിക്കൈയില്‍ എന്റെ കൂടെ നിന്നിരുന്നവരല്ലാതെ പിന്നെ ആകെ രണ്ട് പേരെ കിട്ടി, ജീവനോടെ. ബാക്കിയെല്ലാവരും പോയി
മടിക്കൈയില്‍ എന്റെ കൂടെ നിന്നിരുന്നവരല്ലാതെ പിന്നെ ആകെ രണ്ട് പേരെ കിട്ടി, ജീവനോടെ. ബാക്കിയെല്ലാവരും പോയി. ഞങ്ങള്‍ നില്‍ക്കുന്നതിനടുത്ത് ഒരു ചെക്കന്‍ വീട്ടിലെ സ്ലാബിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടായിരുന്നു. എങ്ങനെയെങ്കിലും രക്ഷിക്കെന്ന് പറഞ്ഞ് അവന്‍ നിലവിളിച്ചു. പക്ഷേ കല്ലും മണ്ണും മരവും വീണ സ്ഥലത്ത് ഞങ്ങള്‍ക്കവനെ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഹെലികോപ്ടര്‍ സംഘം എത്തിയാല്‍ ആദ്യം അവനെ രക്ഷിക്കും എന്ന് പറയാനേ കഴിഞ്ഞുള്ളൂ. അവസാനം രാത്രി ഒന്നരക്ക് ആ ഇരുപ്പിരുന്ന അവനെ പിറ്റേന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് പുറത്തെടുത്തു. ജീവനോടെ. അതേപോലെ ഒരാളെക്കൂടി കിട്ടി.
അഞ്ച് വര്‍ഷം മുമ്പ് പുത്തുമല സംഭവിച്ചപ്പോള്‍ അത് നേരിട്ട് കണ്ടയാളാണ് ഞാന്‍. അന്ന് കുറേപ്പേരെ വീട്ടില്‍ നിന്ന് ഇറക്കി സ്‌കൂളിലേക്ക് ആക്കിയപ്പോഴാണ് മലവരുന്നത് കണ്ടത്. ഓടിക്കോ എന്ന് വിളിച്ച് കൂവിയിട്ട് ഞാനും ഓടി. അന്ന് എത്ര ദൂരം ഓടിയെന്ന് എനിക്ക് പോലും അറിയില്ല. എത്ര സമയം കഴിഞ്ഞാണ് ഞാന്‍ നിന്നതെന്നും. അപ്പോഴേക്കും ആ പ്രദേശം മുഴുവനും ഇല്ലാതായിരുന്നു. അതുകൊണ്ട് തലേന്ന് മുതല്‍ എനിക്ക് പേടിയുണ്ടായിരുന്നു. പുത്തുമലയില്‍ പൊട്ടിയ സ്ഥലത്ത് പിന്നെയും ചെറുതായി പൊട്ടി കല്ലും മണ്ണും മരവുമൊക്കെ താഴേക്ക് ഒലിച്ചുവന്നു എന്ന് പലരും പറഞ്ഞ് ഞാന്‍ അറിഞ്ഞിരുന്നു. അതോടെ ശരിക്കും എനിക്ക് പേടിയായി. ഇപ്പോഴത്തെ പൊട്ടലുണ്ടാവുന്നതിന് തലേന്ന് വൈകിട്ട് അഞ്ചേകാലിന് എല്ലാവര്‍ക്കും ഞാന്‍ വോയ്സ് മെസേജ് അയച്ചു. പ്രശ്നമുണ്ടാവാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് എല്ലാവരും മാറിത്താമസിക്കണമെന്ന്. പക്ഷേ ആരും മാറിയില്ല. അഞ്ചാറ് കുടുംബങ്ങള്‍ മാത്രം മാറി. അതുകൊണ്ട് അവരെയെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞു. മുണ്ടക്കൈയിലും ചൂരല്‍മലയിലുമുള്ളവര്‍ക്ക് ഞാന്‍ വോയ്സ് അയച്ചിരുന്നു. ആരെങ്കിലും അത് സീരിയസ് ആയി എടുത്തിരുന്നെങ്കില്‍.....'
'നേരില്‍ അനുഭവിക്കാതെ മനുഷ്യന് ഒന്നും മനസ്സിലാവില്ല. അതുകൊണ്ടാണ് മുന്നറിയിപ്പുകളൊന്നും ആരും കേള്‍ക്കാത്തത്. ഇപ്പോള്‍ മുണ്ടക്കൈയും ഇല്ല ചൂരല്‍മലയും ഇല്ല. യുദ്ധഭൂമിയില്‍ ജീവന്‍ തിരിച്ചുകിട്ടിയിട്ട് നടക്കുന്ന കുറേ ആളുകള്‍ മാത്രമുണ്ട് ഇവിടെ. ഉടുക്കാന്‍ തുണി പോലുമില്ലാതെ ഒറ്റത്തുണിയായി....'