വയനാട് ദുരന്തം; ഡിഎന്‍എ ഫലങ്ങള്‍ നാളെ മുതല്‍ പ്രസിദ്ധപ്പെടുത്തും, താല്‍ക്കാലിക പുനരധിവാസത്തിനായി 253 വാടകവീടുകള്‍ കണ്ടെത്തിയെന്ന് മന്ത്രി റിയാസ്
ഉരുള്‍പൊട്ടല്‍ നാശം വിതച്ച ചൂരല്‍മല മുണ്ടക്കൈ പ്രദേശങ്ങളിലെ ഇന്നത്തെ തിരച്ചില്‍ കാലാവസ്ഥ മോശമായതിനെത്തുടര്‍ന്ന് അവസാനിപ്പിച്ചു. നാളെ രാവിലെ ഏഴ് മുതല്‍ ചാലിയാറില്‍ വിവിധ സെക്ടറുകളായി തിരിച്ചുള്ള വിശദമായ പരിശോധന നടക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഓരോ മേഖലകളിലും വിവിധ ഏജന്‍സികളില്‍ നിന്ന് നിശ്ചിത എണ്ണം സന്നദ്ധപ്രവര്‍ത്തകരെയാണ് തിരച്ചിലിനായി നിയോഗിച്ചിരിക്കുന്നത്. മുണ്ടേരി ഫാം-പരപ്പന്‍ പാറയില്‍ 60 അംഗ സംഘവും പാണംകായം വനമേഖലയിലെ തിരച്ചിലില്‍ 50 അംഗ സംഘവും പരിശോധന നടത്തും. പൂക്കോട്ട്മല മേഖലയിലും തിരച്ചില്‍ തുടരുമെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മൃതദേഹങ്ങളുടെ ഡിഎന്‍എ ഫലം ലഭിച്ചു തുടങ്ങിയെന്നും നാളെ മുതല്‍ അവ പ്രസിദ്ധപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. ദുരന്തത്തില്‍ 229 പേരുടെ മരണമാണ് ഔദ്യോഗിക കണക്കില്‍ സ്ഥിരീകരിച്ചത്. 178 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. 51 മൃതദേഹവും 200 ഓളം ശരീര ഭാഗങ്ങളും തിരിച്ചറിഞ്ഞില്ല. കാണാതായവരുടെ കരട് പട്ടികയില്‍ ഇപ്പോള്‍ 130 പേരാണ് ഉള്ളത്. 90 പേരുടെ ഡിഎന്‍എ ക്യാമ്പില്‍ നിന്ന് എടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇന്നത്തെ ജനകീയ തിരച്ചിലിനെത്തിയത് രണ്ടായിരത്തിലധികം സന്നദ്ധ പ്രവര്‍ത്തകരാണ്. കാന്തന്‍പാറയില്‍ നിന്ന് മൂന്ന് ശരീരഭാഗങ്ങളാണ് ഇന്ന് കണ്ടെത്തിയത്. അട്ടമലയില്‍നിന്ന് ഒരു ബോണ്‍ ലഭിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ മാത്രമേ ഇവ മനുഷ്യന്‌റേതാണോ അതോ മൃഗത്തിന്‌റേതാണോ എന്ന് തിരിച്ചറിയാനാകൂ. മഴ കാരണം എയര്‍ലിഫ്റ്റ് ചെയ്യാന്‍ സാധിക്കാത്തതിനാല്‍ സന്നദ്ധ പ്രവര്‍ത്തകര്‍ ചുമന്നാണ് ശരീരഭാഗങ്ങള്‍ പുറത്തെത്തിച്ചത്.
താല്‍ക്കാലിക പുനരധിവാസത്തിനായി ഇതുവരെ 253 വാടകവീടുകള്‍ കണ്ടെത്തിക്കഴിഞ്ഞു. നൂറോളം വാടകവീടുകളുടെ വാഗ്ദാനവും ലഭിച്ചിട്ടുണ്ട്. പുനരധിവാസവുമായി ബന്ധപ്പെട്ട് ദുരന്തബാധിതരുടെ അഭിപ്രായം ശേഖരിക്കാനായി 18 സംഘങ്ങള്‍ വിശദമായ സര്‍വേ നടത്തിക്കൊണ്ടിരിക്കുകയാണ്. ദുരന്തത്തില്‍ എല്ലാവരും നഷ്ടപ്പെട്ട് ഒറ്റയ്ക്കായിപ്പോയവരെ തനിച്ച് താമസിക്കാന്‍ വിടില്ലെന്നും രക്ഷിതാവ് എന്ന നിലയില്‍ ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍ ഇവര്‍ക്കൊപ്പമുണ്ടാകുമെന്നും റിയാസ് അറിയിച്ചു.
അതേസമയം, കാലാവസ്ഥ മോശമായതിനാല്‍ ആളുകള്‍ മറ്റ് ഭാഗങ്ങളിലേക്ക് പ്രവേശിക്കാതിരിക്കാന്‍ ബെയ്‌ലി പാലം ഇന്ന് വൈകിട്ടോടെ താല്‍ക്കാലികമായി അടച്ചു. മലയ്ക്ക് മുകളില്‍ മഴ പെയ്യുന്നുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. പുഴയിലടക്കം നീരൊഴുക്ക് കൂടിയിട്ടുമുണ്ട്. അപകടസാധ്യത മുന്നില്‍ക്കണ്ടാണ് ഇന്നത്തേക്ക് പ്രവേശനം നിഷേധിച്ച് പാലം അടച്ചത്.