ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

പ്രതിഷേധ സായാഹ്നം എന്ന പേരില്‍ 19നു വൈകിട്ട് നാലിനാണു ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പരിപാടി
Updated on
2 min read

വയനാട് ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കു ലഭിക്കേണ്ട കേന്ദ്രസഹായം ഇല്ലാതാക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് കോഴിക്കോട് പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ. പ്രതിഷേധ സായാഹ്നം എന്ന പേരില്‍ 19നു വൈകിട്ട് നാലിനാണു ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പരിപാടി.

ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനസര്‍ക്കാര്‍ തയാറാക്കിയ എസ്റ്റിമേറ്റ് കണക്കുകള്‍ മാധ്യമങ്ങളിലൂടെ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മാനദണ്ഡ പ്രകാരം, തയാറാക്കിയിരിക്കുന്ന കണക്കുകളില്‍ തുക പെരുപ്പിച്ച് കാണിച്ചിരിക്കുകയാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ദുരന്തത്തില്‍ മരിച്ചവരില്‍ ഒരാളുടെ മൃതദേഹം സംസ്‌കരിക്കാന്‍ 75,000 രൂപ, ദുരന്ത ബാധിത പ്രദേശത്തേക്ക് വളണ്ടിയര്‍മാരെയും മറ്റും എത്തിക്കാന്‍ നാലു കോടി രൂപ എന്നിങ്ങനെയാണ് എസ്റ്റിമേറ്റ് കണക്കായി രേഖയില്‍ കാണിച്ചത്.

വയനാട് ദുരന്തനിവാരണത്തിലും സര്‍ക്കാര്‍ തട്ടിപ്പ് കാണിച്ചുവെന്ന് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്നതോടെ സിപിഎം സൈബര്‍ ഇടങ്ങള്‍ കൂട്ടത്തോടെ മാധ്യമങ്ങള്‍ക്കെതിരെ തിരിഞ്ഞിരുന്നു. ഇതിനുപിന്നാലെയാണു പ്രസ്‌കബ്ബിനു മുന്നിലെ ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം.

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ
കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്

'വയനാട് ചൂരല്‍മല ദുരന്തബാധിതര്‍ക്കു ലഭിക്കേണ്ട കേന്ദ്രസഹായം ഇല്ലാതാക്കാനും പുനരധിവാസപ്രവര്‍ത്തനങ്ങള്‍ക്കു തുരങ്കംവെക്കാനും വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ' പ്രതിഷേധസായാഹ്നം എന്നാണു പരിപാടി സംബന്ധിച്ച് ഡിവൈഎഫ്‌ഐ പുറത്തിറക്കിയ പോസ്റ്ററില്‍ പറയുന്നത്. വ്യാജ വാര്‍ത്തകള്‍ക്കെതിരെ 19ന് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും യുവജന പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിക്കുമെന്നു ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫും സെക്രട്ടറി വി കെ സനോജും നേരത്തെ അറിയിച്ചിരുന്നു.

90 ദിവസത്തേക്ക് തിരച്ചില്‍, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, ക്യാമ്പുകള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ സാധ്യതയുണ്ടെങ്കില്‍ എത്ര ചെലവ് വരും എന്ന എസ്റ്റിമേറ്റ് അടങ്ങിയ കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിച്ച മെമ്മോറാണ്ടമാണിതെന്നാണ് ഉയര്‍ന്ന തുക സംബന്ധിച്ച ഔദ്യോഗിക വിശദീകരണം. ദുരന്തത്തില്‍ കേരള സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍, ഉണ്ടായ നഷ്ടങ്ങള്‍, ചെലവാകുമെന്ന് കരുതുന്ന തുക, ഉള്‍പ്പെടെ വിശദവിവരങ്ങള്‍ അടങ്ങിയതാണ് മെമ്മോറാണ്ടമെന്നും ഇതു മനസിലാക്കാതെ ചെലവായ തുകയായി ചിത്രീകരിച്ച് സംസ്ഥാന സര്‍ക്കാരിനെതിരെ മോശം പ്രതിച്ഛായ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ള തെറ്റായ റിപ്പോര്‍ട്ടുകളാണ് ചില മാധ്യമങ്ങളില്‍ വരുന്നതെന്നുമാണു സിപിഎം വൃത്തങ്ങളില്‍നിന്നുള്ള വിമര്‍ശനം. ഇത്തരം നടപടികള്‍ സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങളെ തുരങ്കംവെക്കാന്‍ മാത്രമേ ഉപകരിക്കൂയെന്നൂം സിപിഎം വിമര്‍ശനമുന്നയിക്കുന്നു.

വയനാട് പുനരധിവാസം അട്ടിമറിക്കുന്നതിനായി പ്രതിപക്ഷത്തിന്റെയും ബിജെപിയുടേയും ഒരു വിഭാഗം മാധ്യമങ്ങളുടേയും നേതൃത്വത്തില്‍ കള്ളപ്രചാരണം നടക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ കുറ്റപ്പെടുത്തിയിരുന്നു. അട്ടിമറി ശ്രമത്തിനെതിരായി ജില്ലാ, ഏരിയാ, ലോക്കല്‍ കേന്ദ്രങ്ങളില്‍ പ്രതിഷേധത്തിനു സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്തിട്ടുണ്ട്.

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ
ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്; കേന്ദ്ര സര്‍ക്കാരിന് സര്‍വാധികാരം നല്‍കാന്‍ ഒളിപ്പിച്ചുവെച്ച അജണ്ടയെന്ന് പിണറായി വിജയന്‍

24-ന് ജില്ലാ കേന്ദ്രങ്ങളില്‍ ബഹുജന പ്രതിഷേധക്കൂട്ടായ്മകള്‍ സംഘടിപ്പിക്കും. വയനാട്ടില്‍ എല്ലാ ഏരിയാ കേന്ദ്രങ്ങളിലും കൂട്ടായ്മ നടത്തും. സെപ്തംബര്‍ 20 മുതല്‍ 23 വരെയുള്ള ദിവസങ്ങളില്‍ ലോക്കല്‍ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്താനും സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇന്ന് ദേശാഭിമാനി പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലും എസ്റ്റിമേറ്റ് കണക്കുകള്‍ സംബന്ധിച്ച വാര്‍ത്തകള്‍ക്കെതിരെ നിശിത വിമര്‍ശനം ഉയർത്തിയിരുന്നു.

logo
The Fourth
www.thefourthnews.in