അവശിഷ്ടങ്ങള്‍ക്കടിയില്‍ ജീവന്റെ തുടിപ്പ്? ദുരന്തഭൂമിയില്‍ തെര്‍മല്‍ ഇമേജ് റഡാര്‍ പരിശോധന; ഇന്ന് കണ്ടെത്തിയത് 11 മൃതദേഹങ്ങളും അഞ്ച് ശരീരഭാഗങ്ങളും
ഉരുള്‍പൊട്ടല്‍ തകര്‍ത്ത വയനാട് മുണ്ടക്കൈ - ചൂരല്‍മല മേഖലയില്‍ ദുരന്തം നടന്ന് നാല് ദിവസം പിന്നിടുമ്പോഴും ജീവന്റെ തുടിപ്പ് തേടി രക്ഷാസംഘം. തെര്‍മല്‍ ഇമേജ് റഡാര്‍ ഉള്‍പ്പെടെ ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് മണ്ണിനടിയില്‍ എവിടെയെങ്കിലും ജീവന്‍ തുടിക്കുന്നുണ്ടോ എന്നാണ് പരിശോധിക്കുന്നത്. ദേശീയ ദുരന്ത പ്രതിരോധ സേനയുടെ നേതൃത്വത്തിലാണ് പരിശോധന. മുണ്ടക്കൈ ഭാഗത്ത് നടത്തിയ പരിശോധനയില്‍ റഡാര്‍ നല്‍കിയ സൂചന പ്രകാരം തിരച്ചില്‍ ശക്തമാക്കി. തകര്‍ന്ന വീടിന് സമീപത്താണ് റഡാര്‍ സൂചന ലഭിച്ചത്. തകര്‍ന്ന വീടിനുള്ളില്‍ എന്തെങ്കിലും സാധ്യതയുണ്ടോ എന്നാണ് ഇപ്പോള്‍ പരിശോധിക്കുന്നത്.
ദുരന്തഭൂമിയില്‍ എവിടെയെങ്കിലും ജീവന്‍ ബാക്കിയുണ്ടോ എന്ന് കണ്ടെത്തുകയാണ് പരിശോധനയിലൂടെ ലക്ഷ്യമിടുന്നത്. മുംബൈയില്‍ നിന്നുള്ള ഏജന്‍സിയാണ് റഷ്യന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള തെര്‍മല്‍ ഇമേജ് റഡാര്‍ പ്രവര്‍ത്തിപ്പിക്കുന്നത്. ഭുമിയെ താപം അളന്ന് ജീവന്റെ സാന്നിധ്യം കണ്ടെത്തുന്ന രീതിയാണ് സാങ്കേതിക വിദ്യയില്‍ ഉപയോഗിക്കുന്നത്. മീറ്ററുകള്‍ താഴ്ചയില്‍ കിടക്കുന്ന ജീവനുള്ള വസ്തുക്കളെ കണ്ടെത്താന്‍ പരിശോധനയിലൂടെ കഴിയുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന സൂചന.
അതേസമയം, നാലാം ദിനം തിരച്ചില്‍ പുരോഗമിക്കുമ്പോള്‍ ഉച്ചവരെ 11 ശരീരങ്ങളും അഞ്ച് ശരീരഭാഗങ്ങളും കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മരണ സംഖ്യ ഇതിനോടകം മുന്നൂറ് പിന്നിട്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 205 മരണങ്ങളാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 84 സ്ത്രീകളും, 93 പുരുഷന്‍മാരും 48 കുട്ടികളും ഉള്‍പ്പെടുന്നു. 133 ശരീരഭാഗങ്ങളും ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. 140 മൃതദേഹങ്ങളാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. 116 മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് കൈമാറി. 130 ശരീര ഭാഗങ്ങളുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചു. ഔഗ്യോഗിക കണക്കനുസരിച്ച് 206 പേരെ ഇനിയും കണ്ടെത്താനുണ്ട്. 86 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ജില്ലയില്‍ 91 ദുരിതാശ്വാസ ക്യാമ്പുകളിലായി 9328 പേരാണ് കഴിയുന്നത്. മേപ്പാടിയില്‍ മാത്രം 10 ക്യാമ്പുകളിലുള്ളത് 1729 പേരാണെന്നും കണക്കുകള്‍ പറയുന്നു. വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ 49 കുട്ടികള്‍ മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുന്നത്.
ദുരന്തമേഖയെയും സമീപ പ്രദേശങ്ങളെയും ആറ് സോണുകളായി തിരിച്ചാണ് നാലാം ദിനത്തില്‍ സൈന്യം തിരച്ചില്‍ നടത്തുന്നത്. അട്ടമലയും ആറന്‍മലയുമാണ് ആദ്യത്തെ സോണ്‍. മുണ്ടക്കൈ രണ്ടാമത്തെ സോണ്‍, പുഞ്ചിരിമട്ടം മൂന്നാമത്തേതും വെള്ളാര്‍മല വില്ലേജ് റോഡ് നാലാമത്തേതും ജിവിഎച്ച്എസ്എസ് വെള്ളാര്‍മല അഞ്ചാമത്തെ സോണും പുഴയുടെ അടിവാരമാണ് ആറാമത്തെ സോണ്‍. സമുദ്രനിരപ്പില്‍നിന്ന് 1550 മീറ്റര്‍ ഉയരത്തിലാണ് ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രം. എട്ടുകിലോമീറ്ററുകളോളം ദൂരം പാറക്കെട്ടുകളും കൂറ്റന്‍ വൃക്ഷങ്ങളും ഒഴുകിയെത്തി. ഏകദേശം 86,000 ചതുരശ്ര മീറ്ററാണ് ദുരന്തമേഖലയായി കരുതുന്നത്.