മുഖ്യമന്ത്രി വയനാട്ടിൽ, ഇനി നിര്‍ണായക യോഗങ്ങള്‍; രാഹുല്‍ ഗാന്ധിയും പ്രിയങ്കയും വയനാട്ടിലേക്ക് തിരിച്ചു
വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ ഇന്ന് നിര്‍ണായക യോഗങ്ങള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എന്നിവര്‍ ഇന്ന് വയനാട് സന്ദര്‍ശിക്കും. രാവിലെ പത്ത് മണിയോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ വയനാട്ടില്‍ എത്തിയിരുന്നു. കോഴിക്കോട് നിന്നും വ്യോമസേന ഹെലികോപ്റ്റിലായിരുന്നു മുഖ്യമന്ത്രി വയനാട്ടിലേക്ക് തിരിച്ചത്. വയനാട് കലക്ടറേറ്റില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സര്‍വകക്ഷിയോഗവും നടക്കും. വയനാട് ജില്ലയിലെ എംഎല്‍എമാര്‍, മറ്റു രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്ത് സ്ഥിതിഗതികള്‍ വിലയിരുത്തും.
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കേരളത്തിലെത്തി. മുന്‍ വയനാട് എംപികൂടിയായ രാഹുല്‍ ഗാന്ധിയും, വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ പ്രിയങ്ക ഗാന്ധിയും ദുരന്തബാധിത പ്രദേശങ്ങളിലെത്തി ഉറ്റവരെ നഷ്ടപ്പെട്ട, വീട് നഷ്ടപ്പെട്ട ആളുകളെ നേരില്‍കാണുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ജൂലൈ 31 ബുധനാഴ്ച രാഹുലും പ്രിയങ്കയും വായനാട്ടിലെത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത് എന്നാൽ പ്രതികൂലമായ കാലാവസ്ഥ കാരണം വയനാട്ടിൽ ഹെലികോപ്റ്റർ ഇറക്കാൻ സാധിക്കില്ല എന്ന് അധികൃതർ അറിയിച്ചതിനെതുർന്ന് യാത്ര മാറ്റിവയ്ക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം രാജ്യസഭയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ദുരന്തത്തിൽ കേരളത്തെ പഴിചാരുന്ന നിലപാടുമായി രംഗത്തെത്തിയിരുന്നു. ഉരുൾപൊട്ടൽ മുന്നറിയിപ്പുകൾ കേരളം അവഗണിച്ചു എന്നായിരുന്നു അമിത് ഷായുടെ ആരോപണം. എന്നാൽ കേന്ദ്രം നൽകിയ മുന്നറിയിപ്പിനേക്കാൾ കൂടുതൽ മഴ ജൂലൈ 28, 29 തീയ്യതികളിൽ വയനാട്ടിൽ പെയ്തിരുന്നു എന്നും കാലാവസ്ഥ വകുപ്പ് അപ്പോഴും ഓറഞ്ച് അലേർട്ട് മാത്രമാണ് വയനാടിന് നൽകിയിരുന്നത് എന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കേരളം ദുരന്തമുഖത്ത് നിൽക്കുമ്പോൾ കേന്ദ്രം നടത്തിയ പഴിചാരലിനെതിരെ വിമർശനങ്ങൾ ഇന്നലെ തന്നെ ഉയർന്നിരുന്നു. രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെ വയനാട് സന്ദർശനം ഈ സാഹചര്യത്തിൽ കൂടുതൽ പ്രാധാന്യമുള്ളതാകുന്നു. അതേസയം, ഉരുള്‍പൊട്ടല്‍ സംഭവിച്ച മുണ്ടക്കൈ, ചൂരല്‍മല, അട്ടമല പ്രദേശത്ത് ഇതിനോടകം മരണസംഖ്യ 270ലേക്കെത്തി. 240 പേരെ ഇപ്പോഴും കാണാനില്ല.