വയനാട് ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് ആറ് ലക്ഷം, അംഗവൈകല്യം സംഭവിച്ചവര്‍ക്ക് 75,000 രൂപ; ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍
വയനാട് ഉരുള്‍പ്പൊട്ടലില്‍ ദുരന്തബാധിതര്‍ക്ക് ധന സഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അടിയന്തിര ധന സഹായം പ്രഖ്യാപിച്ചത്. ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ആറ് ലക്ഷം രൂപ ധനസഹായം അനുവദിക്കും. എസ്ഡിആര്‍എഫില്‍ നിന്ന് നാല് ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ കൂടി ചേര്‍ത്താണ് ആറ് ലക്ഷം രൂപ ലഭിക്കുക. ഉരുള്‍പൊട്ടലില്‍ കണ്ണുകള്‍, കൈകാലുകള്‍ എന്നിവ നഷ്ടപ്പെട്ടവര്‍ക്കും 60 ശതമാനത്തില്‍ അധികം വൈകല്യം ബാധിച്ചവര്‍ക്ക് 75,000 രൂപ വീതവും 40 ശതമാനം മുതല്‍ 60 ശതമാനം വരെ വൈകല്യം ബാധിച്ചവര്‍ക്ക് 50,000 രൂപ വീതവും, സി എം ഡി ആര്‍ എഫില്‍ നിന്നും അനുവദിക്കും.
ധനസഹായം അനുവദിക്കുന്നതിനായി അടുത്ത ബന്ധു എന്ന സാക്ഷ്യ പത്രത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നഷ്ടപരിഹാരം വിതരണം ചെയ്യുക. കോവിഡ് -19ന്റെ സമയത്ത് സ്വീകരിച്ചതിന് സമാനമായ രീതിയാണിത്. ഇതനുസരിച്ചു പിന്‍തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റ് കൂടാതെ തന്നെ ഭാര്യ/ഭര്‍ത്താവ് / മക്കള്‍/ മാതാപിതാക്കള്‍ എന്നിവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കും. സഹോദരന്‍, സഹോദരി എന്നിവര്‍ ആശ്രിതര്‍ ആണെങ്കില്‍ അവര്‍ക്കും ധന സഹായം ലഭിക്കും. പിന്‍തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള കാലതാമസം പൂര്‍ണ്ണമായും ഒഴിവാക്കാനാകും. പിന്തുടര്‍ച്ചാവകാക സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിനുമുമ്പ് ആക്ഷേപമുന്നയിക്കുന്നതിനുള്ള നോട്ടീസ് സമയപരിധിയായ 30 ദിവസമെന്നുള്ളത് പൂര്‍ണ്ണമായും ഒഴിവാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം, വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇതുവരെ 231 മൃതദേഹങ്ങളും 206 ശരീരഭാഗങ്ങളും കണ്ടെത്തിയതായും മുഖ്യമന്ത്രി അറിയിച്ചു. മേപ്പാടിയില്‍ നിന്ന് 151 മൃതദേഹങ്ങളും നിലമ്പൂരില്‍ നിന്ന് 80 മൃതദേഹങ്ങളുമാണ് കണ്ടെത്തിയത്. മേപ്പാടിയില്‍ നിന്ന് 39 ശരീരഭാഗങ്ങളും നിലമ്പൂരില്‍ നിന്ന് 172 ശരീഭാഗങ്ങളുമാണ് കണ്ടെത്തിയത്. ഇതുവരെ ലഭിച്ച എല്ലാ മൃതദേഹങ്ങളുടെയും ശരീരഭാഗങ്ങളുടെയും പോസ്റ്റ് മോര്‍ട്ടം നടത്തിയിട്ടുണ്ട്. തിരിച്ചറിഞ്ഞ 178 മൃതദേഹങ്ങളും 2 ശരീരഭാഗങ്ങളും ബന്ധുക്കള്‍ക്ക് കൈമാറി. തിരിച്ചറിയാത്ത 52 മൃതദേഹങ്ങളും 194 ശരീരഭാഗങ്ങളും വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പുറത്തിറക്കിയ പ്രത്യേക മാര്‍ഗനിര്‍ദ്ദേശ പ്രകാരം വിവിധ മതവിഭാഗങ്ങളുടെ പ്രാര്‍ത്ഥനയോടെ സംസ്‌കരിച്ചു. നിലമ്പൂര്‍ കുമ്പളപ്പാറ ഭാഗത്ത് നിന്നും ഇന്നലെ 5 ശരീരഭാഗങ്ങള്‍ കൂടി കണ്ടെത്തിയെങ്കിലും ഇത് മനുഷ്യരുടെതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇത് ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മൃതദേഹങ്ങളും ശരീരഭാഗങ്ങളുമുള്‍പ്പെടെ 415 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 401 ഡിഎന്‍എ പരിശോധന പൂര്‍ത്തിയായി.
മൃതദേഹങ്ങളും ശരീരഭാഗങ്ങളുമുള്‍പ്പെടെ 415 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 401 ഡി.എന്‍.എ പരിശോധന പൂര്‍ത്തിയായി. ഇതില്‍ 349 ശരീരഭാഗങ്ങള്‍ 248 ആളുകളുടേതാണ്. ഇതു 121 പുരുഷന്‍മാരും 127 സ്ത്രീകളുമാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. 52 ശരീര ഭാഗങ്ങള്‍ പൂര്‍ണ്ണമായും അഴുകിയ നിലയിലാണ്. ഡി.എന്‍.എ പരിശോധനയ്ക്ക് 115 പേരുടെ രക്തസാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ബീഹാര്‍ സ്വദേശികളായ മൂന്നുപേരുടെ ബന്ധുക്കളുടെ രക്തസാമ്പിളുകള്‍ ഇനി ലഭ്യമാവാനുണ്ട്. ഡി.എന്‍.എ പരിശോധനയുടെ അടിസ്ഥാനത്തില്‍ 118 പേരെയാണ് ഇനി കണ്ടെത്താനുള്ളത്.
ചൂരല്‍മല പാലത്തിന് താഴ്ഭാഗത്തായി വനത്തിലൂടെ ഒഴുകുന്ന പുഴയുടെ തീരങ്ങള്‍ കേന്ദ്രീകരിച്ചും നിലമ്പൂര്‍ വയനാട് മേഖലകളിലും തെരച്ചില്‍ ഊര്‍ജ്ജിതമാണ്. ഏഴു മേഖലകളായി തിരിച്ച് എന്‍.ഡി.ആര്‍.എഫ്, ഫയര്‍ഫോഴ്‌സ്, സിവില്‍ ഡിഫന്‍സ്, പോലീസ്, വനം വകുപ്പ് സേനാ വിഭാഗങ്ങളും സന്നദ്ധ പ്രവര്‍ത്തകരും തെരച്ചിലില്‍ നടത്തുന്നുണ്ട്. ജനകീയ തെരച്ചിലില്‍ ഒറ്റ ദിവസം തന്നെ 2000 ത്തോളം പേര്‍ പങ്കെടുത്തു. പരിശോധന ഇന്നും തുടരുന്നുണ്ട്. വെള്ളിയാഴ്ചവരെ ചാലിയാറില്‍ തെരച്ചില്‍ തുടരും.
ദുരന്ത മേഖലകളില്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സംഘം പരിശോധനയും തുടരുകയാണ്. ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ദുരന്തബാധിത പ്രദേശങ്ങളും അനുബന്ധ മേഖലകളും പരിശോധിക്കുന്നത്. ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടവും അനുബന്ധ പ്രദേശവും ഇന്നലെ സംഘം പരിശോധിച്ചു. പ്രദേശത്തെ മണ്ണിന്റെയും പാറകളുടെയും സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇവ വിശദമായ പരിശോധനക്ക് വിധേയമാക്കും. ദുരന്തം സംഭവിച്ചതെങ്ങനെയെന്നും ഉരുള്‍പൊട്ടലില്‍ സംഭവിച്ച പ്രതിഭാസങ്ങളും സംഘം വിലയിരുത്തും. ദുരന്തസ്ഥലത്തെ ഭൂവിനിയോഗത്തെക്കുറിച്ചും സംഘം റിപ്പോര്‍ട്ട് നല്‍കും. ദുരന്ത പ്രദേശത്തെയും അനുബന്ധ മേഖലകളിലേയും അപകട സാധ്യതകള്‍ വിലയിരുത്തും.
എന്‍.ഐ.ടി സൂറത്ത്കലുമായി ചേര്‍ന്ന് ദുരന്തബാധിത മേഖലയുടെ അതിസൂക്ഷ്മമായ ലിഡാര്‍ സര്‍വേ നടത്താനുദ്ദേശിക്കുന്നുണ്ട്. ഈ സര്‍വേയിലൂടെ ഭൂമിയുടെ ഉപരിതലവും ഉപരിതലത്തിന് മുകളിലെ എല്ലാ വസ്തുക്കളുടെയും കൂടുതല്‍ സൂക്ഷ്മമായ വിവരങ്ങള്‍ ലഭിക്കും. മുന്‍പുണ്ടായിരുന്ന ഭൂതലം എങ്ങനെയായിരുന്നു, ദുരന്തശേഷം എന്തെല്ലാം മാറ്റങ്ങള്‍ വന്നു, ഏതൊക്കെ പ്രദേശത്താണ് വലിയ ആഘാതം ഉണ്ടായത് എന്നെല്ലാം കണ്ടെത്താനും ഭാവിയില്‍ ഈ പ്രദേശത്തെ ഭൂവിനിയോഗം നിര്‍ണയിക്കുമ്പോള്‍ എന്തെല്ലാം പ്രതിബന്ധങ്ങളുണ്ടെന്ന് തിരിച്ചറിയാനും ഈ സര്‍വ്വേ റിപ്പോര്‍ട്ട് സഹായകമാകുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
വിലങ്ങാട് മേഖലയില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍ മൂലം പ്രയാസമനുഭവിക്കുന്നവര്‍ക്ക് അതിവേഗം ആശ്വാസവും പുനരധിവാസവും സാധ്യമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു
മനുഷ്യരുടെ പുനരധിവാസത്തിന് സമാനമായി പ്രദേശത്തെ വളര്‍ത്ത് മൃഗങ്ങളുടേതും ക്ഷേമം പ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരിതമനുഭവിച്ചവര്‍ക്കായി ക്യാമ്പുകള്‍ ആരംഭിച്ചത് പോലെ ദുരന്തത്തിലകപ്പെട്ട വളര്‍ത്തു മൃഗങ്ങള്‍ക്കായി രണ്ട് ക്യാമ്പുകളാണ് പ്രവര്‍ത്തിച്ചത്. ദുരന്ത പ്രദേശത്തെ ഉരുക്കള്‍ക്കും അരുമ മൃഗങ്ങള്‍ക്കുമായി ക്ഷീര വികസന വകുപ്പിന്റെ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ സെല്‍ മുഖേന വിവിധ സംഘടനകള്‍ തീറ്റ വസ്തുക്കള്‍, ധാതുലവണ മിശ്രിതം എന്നിവ കര്‍ഷകര്‍ക്ക് എത്തിച്ചു നല്‍കുന്നുണ്ട്. ഇന്നലെ മാത്രം എട്ട് മെട്രിക് ടണ്‍ തീറ്റ, അഞ്ച് ടണ്‍ വൈക്കോല്‍, അരുമ മൃഗങ്ങള്‍ക്കുള്ള ഭക്ഷണ സാധനങ്ങള്‍ എന്നിവ പാലക്കാട് അരുവി ഫീഡ്‌സ് വഴി എത്തിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. വയനാടിന് പുറമെ കോഴിക്കോട് വിലങ്ങാട് മേഖലയില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍ മൂലം പ്രയാസമനുഭവിക്കുന്നവര്‍ക്ക് അതിവേഗം ആശ്വാസവും പുനരധിവാസവും സാധ്യമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ് എന്നും മുഖ്യമന്ത്രി പ്രതികരിച്ചു.