വിശ്രമമില്ലാതെ രക്ഷാപ്രവര്‍ത്തനം, വെല്ലുവിളികളേറെ; വയനാട് ദുരന്തത്തില്‍ മരണസംഖ്യ ഉയരുന്നു
ഉരുള്‍പ്പൊട്ടലുണ്ടായ വയനാട്ടിലെ വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല, അട്ടമല പ്രദേശങ്ങളില്‍ രാത്രിയും രക്ഷാപ്രവര്‍ത്തനം തുടരും. ആളുകള്‍ കുടുങ്ങിക്കിടന്ന മുണ്ടക്കൈ ഭാഗത്തുനിന്നും പരമാവധി ആളുകളെ പുറത്ത് എത്തിക്കാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. മുണ്ടക്കൈ ഭാഗത്ത് നിന്നം പരമാവധി ആളുകളെ ചുരല്‍മല ഭാഗത്തേക്ക് എത്തിക്കാനായിട്ടുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ ഉള്‍പ്പെടെ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തുക എന്നതാണ് ഇനിരക്ഷാ പ്രവര്‍ത്തകര്‍ക്ക് മുന്നിലുള്ള ദൗത്യം. പ്രദേശത്ത് കൂടുതല്‍ മൃതദേഹങ്ങള്‍ ഉണ്ടെന്നാണ് പ്രദേശവാസികള്‍ നല്‍കുന്ന സൂചന.
രാത്രിയിലെ തിരച്ചിലിന് ലൈറ്റുള്‍പ്പെടെ എത്തിച്ചാണ് നടപടികള്‍ പുരോഗമിക്കുന്നത്. നിലവില്‍ ദുരന്തഭൂമിയുടെ സമീപം വരെയുള്ള മേഖലയിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ കെഎസ്ഇബിക്ക് കഴിഞ്ഞിട്ടുണ്ട്
ദുരന്ത ബാധിത പ്രദേശത്ത് നിന്നും ഇതുവരെ 481 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ടെന്ന് റവന്യൂ മന്ത്രി കെ രാജന്‍ സ്ഥിരീകരിച്ചു. കണക്കുകള്‍ പ്രകാരം ഇതുവരെ 119 പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. വയനാട് ചൂരല്‍മല, മുണ്ടക്കൈ ഭാഗങ്ങളിലുണ്ടായ ശക്തമായ ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടേതായി ചാലിയാര്‍ പുഴയില്‍ നിലമ്പൂര്‍, മുണ്ടേരി എന്നിവിടങ്ങളില്‍ നിന്നായി ചൊവ്വാഴ്ച വൈകിട്ട് 7.30 വരെയായി കണ്ടെടുത്തത് 32 മൃതദേഹങ്ങളും 25 ശരീര ഭാഗങ്ങളും. 19 പുരുഷന്‍മാര്‍, 11 സ്ത്രീകള്‍, 2 ആണ്‍കുട്ടികള്‍, 25 ശരീരഭാഗങ്ങള്‍ എന്നിങ്ങനെയാണ് ലഭിച്ചത്. മൃതദേഹങ്ങള്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. രാവിലെ 6 മണി മുതല്‍ തന്നെ പോത്തുകല്ല് ഭാഗത്ത് നിന്ന് രക്ഷാപ്രവര്‍ത്തകര്‍ മൃതദേഹങ്ങള്‍ കണ്ടെടുക്കാന്‍ തുടങ്ങിയിരുന്നു.
ജില്ലാ ആശുപത്രിയില്‍ എത്തിച്ച മൃതദേഹങ്ങളും ശരീരഭാഗങ്ങളും വേഗത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടം പുരോഗമിക്കുകയാണ്. 26 മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് ഫോറന്‍സിക് വിഭാഗം ഡോക്ടര്‍മാരെ എത്തിച്ച് നിലമ്പൂരില്‍ തന്നെയാണ് പോസ്റ്റുമോര്‍ട്ടം ചെയ്യുന്നത്. ജില്ലാ ആശുപത്രിയിലെ രണ്ട് നില പേവാര്‍ഡുകള്‍ പൂര്‍ണമായി മൃതദേഹങ്ങള്‍ കിടത്തിയിരിക്കുകയാണ്. ഇതിനായി 50 ലധികം ഫ്രീസറുകള്‍ ഇതിനകം ആശുപത്രിയിലേക്ക് വിവിധ ഇടങ്ങളില്‍ നിന്നായി എത്തിച്ചിട്ടുണ്ട്. രാത്രിയിലും ഇന്‍ക്വസ്റ്റ്, പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ തുടരും.
രാത്രിയിലെ തിരച്ചിലിന് ലൈറ്റുള്‍പ്പെടെ എത്തിച്ചാണ് നടപടികള്‍ പുരോഗമിക്കുന്നത്. നിലവില്‍ ദുരന്തഭൂമിയുടെ സമീപം വരെയുള്ള മേഖലയിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ കെഎസ്ഇബിക്ക് കഴിഞ്ഞിട്ടുണ്ട്. മേപ്പാടി സെക്ഷനില്‍ നിന്നും ഏകദേശം 16 കി മി അകലെയാണ് മുണ്ടക്കൈ, ചൂരല്‍മല പ്രദേശം. കനത്ത മഴയില്‍ തിങ്കളാഴ്ച മുതല്‍തന്നെ ഈ ഭാഗത്തേക്കുള്ള വൈദ്യുതി ബന്ധം തകരാറിലായിരുന്നു. ഉരുള്‍പൊട്ടല്‍ ഉണ്ടായ പുലര്‍ച്ചെ 2 മണി മുതല്‍ തന്നെ കെഎസ്ഇബി ജീവനക്കാര്‍ സജീവമായി രംഗത്തുണ്ടായിരുന്നു. ഏകദേശം പുലര്‍ച്ചയോടു കൂടി ഉരുള്‍പൊട്ടല്‍ കേന്ദ്രത്തില്‍ നിന്നും 4 കി മി വരെയുള്ള പ്രദേശത്തു വൈദ്യുതിബന്ധം പുനഃ സ്ഥാപിച്ചിരുന്നു. തുടര്‍ന്ന് ഉച്ചയ്ക്ക് 12 മണിയോട് കൂടി ചൂരല്‍മല ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് വരെ വൈദ്യുതിയെത്തിച്ചു. 2 മണിയോടെ ഉരുള്‍പൊട്ടലില്‍ പാലം ഒലിച്ചുപോയ ചൂരല്‍മല ടൌണ്‍ വരെ 11 കെ വി ലൈന്‍ പുനഃസ്ഥാപിച്ചു വൈദ്യുതിയെത്തിക്കാനായി.
മേപ്പാടി ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന മേഖലയില്‍ മൂന്ന് കിലോമീറ്ററിലേറെ ഹൈ ടെന്‍ഷന്‍ ലൈനുകളും എട്ടു കിലോമീറ്ററിലേറെ ലോ ടെന്‍ഷന്‍ ലൈനുകളും പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. ഉരുള്‍പൊട്ടലില്‍ രണ്ട് ട്രാന്‍സ്ഫോര്‍മറുകള്‍ ഒഴുകി കാണാതാവുകയും ആറ് ട്രാന്‍സ്ഫോര്‍മറുകള്‍ തകര്‍ന്ന് നിലംപൊത്തുകയും ചെയ്തു. ഈ പ്രദേശത്തെ 1000 ഓളം ഉപഭോക്താക്കള്‍ക്കുള്ള വൈദ്യുതി വിതരണ സംവിധാനം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. കുറഞ്ഞത് 3 കോടി രൂപയുടെ നാശനഷ്ടങ്ങള്‍ ഈ മേഖലയില്‍ മാത്രം ഉണ്ടായിട്ടുള്ളതായാണ് പ്രാഥമിക വിലയിരുത്തല്‍. നിലവില്‍ മേപ്പാടി ടൗണിലും പ്രധാന ആശുപത്രികളായ വിംസ് മെഡിക്കല്‍ കോളേജ്, മേപ്പാടി ഗവണ്മെന്റ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലും വൈദ്യുതി വിതരണം ഉറപ്പു വരുത്തിയിട്ടുണ്ട്.
അതേസമയം, കാലവസ്ഥ തന്നെയാണ് തിരച്ചില്‍ ദൗത്യങ്ങള്‍ക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി. മലയോര മേഖലയില്‍ പെയ്യുന്ന മഴമൂലം ഒലിച്ചെത്തുന്ന വെള്ളമാണ് പ്രധാന വെല്ലുവിളി. തണുപ്പം മൂടല്‍ മഞ്ഞും തിരച്ചിലിന് പ്രതിസന്ധി സൃഷ്ടിക്കുന്നു. നിലവില്‍ ചൂരല്‍മലയില്‍ പുഴയ്ക്ക് അക്കരെയുള്ള പ്രദേശത്തേക്ക് എത്തിക്കുന്ന മൃതദേഹങ്ങള്‍ റോപ്പില്‍ ബന്ധിച്ചാണ് ഇക്കരയിലേക്ക് എത്തിക്കുന്നത്.
ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ നാളെ കൂടതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് വയനാട് എസ് പി അറിയിച്ചു. പോലീസ്, അഗ്നിശമന സേന, എന്‍ഡിആര്‍ഫ് എന്നിവയുടെ നേതൃത്വത്തില്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞായിരിക്കും പരിശോധന. വന മേഖലയിലും ചാലിയാറിന്റെ തീരങ്ങളിലുമായിരിക്കും തിരച്ചില്‍ സംഘടിപ്പിക്കുക. സൈന്യത്തിന്റെ നേതൃത്വത്തിലുള്ള രക്ഷാ പ്രവര്‍ത്തനങ്ങളും നാളെ വ്യാപകമാക്കും. നാളെ രണ്ട് മെഡിക്കല്‍ ചെക്ക് പോസ്റ്റ് കൂടി സൈന്യം സ്ഥാപിക്കും. തിരുവനന്തപുരത്ത് നിന്നുള്ള സൈനിക സംഘം രക്ഷാപ്രവര്‍ത്തനം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. രക്ഷാദൗത്യം നേരിട്ട് ഏകോപിപ്പിക്കാന്‍ ഉന്നത സൈനിക ഉദ്യോഗസ്ഥരാകും ദൗക്യം നിയന്ത്രിക്കുക. മദ്രാസ്, മറാത്ത റെജിമെന്റുകളില്‍നിന്ന് 140 പേരുള്‍പ്പെടുന്ന സംഘം നാളെ വയനാട്ടില്‍ എത്തും.
ചൂരല്‍ മലയില്‍ തകര്‍ന്ന പാലത്തിന് പകരം 330 അടി ഉയരമുള്ള താത്കാലിക പാലം നിര്‍മ്മിക്കുകയാകും സൈന്യം ആദ്യം ചെയ്യുക. ഇതിനായി ആര്‍മി എഞ്ചിനിയറിങ്ങ് ഗ്രൂപ്പിന്റെ 70 പേരുടെ വിദഗ്ധ സംഘം വയനാട്ടിലേക്ക് തിരിച്ചു. ചെറുപാലങ്ങള്‍ നിര്‍മ്മിക്കാനുള്ള ഉപകരണങ്ങള്‍ നാളെ രാവിലെ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തും. ഡല്‍ഹിയില്‍ നിന്നാണ് സാമഗ്രികള്‍ എത്തിക്കുന്നത്. ഇതൊടൊപ്പം മൃതദേഹങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക പരിശീലനം ലഭിച്ച സ്‌നിഫര്‍ ഡോഗുകളും സൈന്യത്തിനൊപ്പം തിരച്ചിലിന്റെ ഭാഗമാകും.
ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വയനാട് ജില്ലയില്‍ 45 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 3069 ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന ഇടങ്ങളിലും ദുരിത മേഖലകളിലും ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും എത്തിക്കുന്നതിനായി പൊതുവിതരണ വകുപ്പിന്റെയും സപ്ലൈകോയുടെയും നേതൃത്വത്തിലാണ് പ്രവര്ത്തുനം നടക്കുന്നത്. റേഷന്‍ കടകളിലും സപ്ലൈകോ വില്പനശാലകളിലും ഭക്ഷ്യധാന്യങ്ങളുടെയും അവശ്യവസ്തുക്കളുടെയും ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. ദുരന്ത മേഖലയിലേക്ക് 20,000 ലിറ്റര്‍ കുടി വെള്ളവുമായി ജല വിഭവ വകുപ്പിന്റെി രണ്ടു വാഹനങ്ങള്‍ എത്തും.