തകര്‍ന്ന് ഒറ്റപ്പെട്ട് മുണ്ടക്കൈയും അട്ടമലയും; രക്ഷയ്ക്കായി വിലപിച്ച് മനുഷ്യര്‍

തകര്‍ന്ന് ഒറ്റപ്പെട്ട് മുണ്ടക്കൈയും അട്ടമലയും; രക്ഷയ്ക്കായി വിലപിച്ച് മനുഷ്യര്‍

പുലര്‍ച്ചെ ഒന്നരയ്ക്കും നാലിനുമിടയില്‍ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ രണ്ടു തവണയാണ് ഉരുള്‍പൊട്ടിയത്
Updated on
1 min read

വയനാട്ടിലെ മുണ്ടക്കൈ, ചുരല്‍മേഖലയിൽ ഉരുള്‍പൊട്ടി 10 മണിക്കൂര്‍ കഴിയുമ്പോഴും ദുരന്തത്തിന്റെ വ്യാപ്തി തിട്ടപ്പെടുത്താനാവാതെ നാട്ടുകാര്‍. ശക്തമായ മലവെള്ളപ്പാച്ചില്‍ കാരണം 200 മീറ്റര്‍ അകലെ മണ്ണില്‍പ്പെട്ടുപോയ ആളെ പോലും രക്ഷിക്കാനാവാത്ത അവസ്ഥയിലാണ് നാട്ടുകാരും രക്ഷാ പ്രവര്‍ത്തകരും. മോശം കാലാവസ്ഥയെത്തുടര്‍ന്ന് ഹെലികോപ്റ്ററുകള്‍ക്ക് ഇതുവരെ അവിടെ എത്താന്‍ കഴിഞ്ഞിട്ടില്ല.

ശരീരത്തിന്റെ പാതിയോളം ചെളിയില്‍ പുതഞ്ഞ്, ജീവനുവേണ്ടി നിലവിളിക്കുന്ന മനുഷ്യന്‍. മനഃസാക്ഷി മരവിപ്പിക്കുന്ന ദൃശ്യങ്ങളാണ് വയനാട് മുണ്ടെക്കൈ - ചൂരല്‍മല ഭാഗത്തുനിന്നു പുറത്തുവരുന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെ ആയിരുന്നു മുണ്ടക്കൈഭാഗത്ത് ഉരുള്‍പൊട്ടലുണ്ടായത്. പുലര്‍ച്ചെ ഒന്നരയ്ക്കും നാലിനുമിടയില്‍ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ രണ്ട് തവണയാണ് ഉരുള്‍പൊട്ടിയത്.

തകര്‍ന്ന് ഒറ്റപ്പെട്ട് മുണ്ടക്കൈയും അട്ടമലയും; രക്ഷയ്ക്കായി വിലപിച്ച് മനുഷ്യര്‍
വയനാട് ദുരന്തത്തിന്റെ ആഘാതം ഊഹിക്കാന്‍പോലും കഴിയാത്തത്; മൃതദേഹങ്ങള്‍ ലഭിക്കുന്നത് കിലോമീറ്റുകള്‍ അകലെനിന്ന്

മുണ്ടക്കൈയില്‍നിന്ന് തുടങ്ങിയ ഉരുള്‍പൊട്ടല്‍ രണ്ട് കിലോ മീറ്റര്‍ മാറിയുള്ള ചൂരല്‍മല എന്ന ചെറു ടൗണിനെ ഏകദേശം പരിപൂര്‍ണമായി തന്നെ ഇല്ലാതാക്കിയാണ് കടന്നുപോയത്. കനത്തമഴ പെയ്ത രാത്രിയില്‍ എന്താണ് സംഭവിച്ചതെന്നു മനസിലാക്കും മുന്‍പാണ് ദുരന്തം ഉറ്റവരെയും നാട്ടുകാരെയും കവര്‍ന്ന് കടന്നുപോയത്. കനത്തമഴയും ഇരുട്ടിലും കഴുത്തറ്റം ചെളിയില്‍ മുങ്ങിയ ഒരു രാത്രി കടന്നുപോയപ്പോഴും ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലാക്കാന്‍ പലര്‍ക്കും സാധിച്ചില്ല. സാധാരണക്കാരും തോട്ടം തോഴിലാളികളും പാര്‍ക്കുന്ന സ്ഥലമാണ് ചൂരല്‍മല.

ചൂരല്‍മല സ്‌കൂളിനോട് ചേര്‍ന്ന് ഒഴുകുന്ന പുഴയിലുടെ എത്തിയ മലവെള്ളപ്പാച്ചിലില്‍ രണ്ടായി പിരിഞ്ഞൊഴുകി. സ്‌കൂളിന്റെ പകുതിയോളം ഭാഗം വെള്ളത്തിനടിയിലായി. ഹാരിസണ്‍സ് തേയില എസ്റ്റേറ്റ് കമ്പനിയുടെ സ്ഥലമാണ് ചൂരല്‍മലയിലെ ഭൂരിഭാഗവും. എത്രപേര്‍ മരിച്ചെന്നോ എത്രപേര്‍ കാണാതായന്നോ നിലവില്‍ യാതൊരു ധാരണയുമില്ലാത്ത അവസ്ഥയാണ്.

തകര്‍ന്ന് ഒറ്റപ്പെട്ട് മുണ്ടക്കൈയും അട്ടമലയും; രക്ഷയ്ക്കായി വിലപിച്ച് മനുഷ്യര്‍
ഒറ്റപ്പെട്ട് മുണ്ടക്കൈ, ചാലിയാർ പുഴയില്‍ മൃതദേഹങ്ങള്‍ ഒഴുകിയെത്തുന്നു, നിസഹായരായി നാട്ടുകാർ; രക്ഷാപ്രവർത്തനം സാധ്യമാക്കാൻ സമാന്തര പാലം നിർമിക്കും

ഇപ്പോഴും ചൂരല്‍മല കേന്ദ്രീകരിച്ച് മാത്രമാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ഉരുള്‍പൊട്ടലിന്റെ കേന്ദ്രമെന്ന് കരുതുന്ന മുണ്ടക്കൈ ഭാഗത്തേക്ക് ആര്‍ക്കും കടന്നുചെല്ലാന്‍ കഴിഞ്ഞിട്ടില്ല. ഇങ്ങോട്ടേക്കുള്ള ഏക പാതയിലെ പാലം പൂര്‍ണമായും ഒലിച്ചുപോയ നിലയാണ്. താത്കാലിക പാലം നിര്‍മിച്ച് ഉൾപ്പെടെ പ്രദേശത്തേക്ക് എത്താനാണ് ശ്രമങ്ങള്‍ നടക്കുന്നത്. സൈന്യം എത്തിയാല്‍ മാത്രമേ മുണ്ടക്കൈയിലേക്ക് രക്ഷാപ്രവർത്തനം സാധ്യമാകൂ. ചെമ്പ്ര, വെള്ളരി മലകളില്‍ നിന്നായി ഉല്‍ഭവിക്കുന്ന പുഴയുടെ തീരത്താണ് ഈ രണ്ട് സ്ഥലവും.

മേപ്പാടി ചൂരല്‍മലയിലും മുണ്ടക്കൈ ടൗണിലും ഇന്നു പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ ഇതുവരെ 42 പേരുടെ മരണമാണ് സ്ഥിരീകരിച്ചത് ചാലിയാര്‍ പുഴയിലൂടെ ഒഴുകിവന്ന മൃതദേഹങ്ങള്‍ ഉള്‍പ്പെടെയുള്ള കണക്കുകളാണിത്. എഴുപതോളം പേര്‍ രണ്ട് ആശുപത്രികളിലുമായി ചികിത്സയിലാണ്. ഇനിയും ഒരു വിവരങ്ങളും പുറത്തുവരാത്ത മുണ്ടകൈയില്‍നിന്നുള്ള വിവരങ്ങള്‍ ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

logo
The Fourth
www.thefourthnews.in