വയനാട് ദുരന്തം: ഉറ്റവർക്കായി ഒൻപതാം നാളും തിരച്ചില്‍; കണ്ടെത്താനുള്ളത് 152 പേരെ, വകുപ്പ് മേധാവികളും ഉള്‍പ്പെട്ട സംഘം ഇന്നിറങ്ങും

വയനാട് ദുരന്തം: ഉറ്റവർക്കായി ഒൻപതാം നാളും തിരച്ചില്‍; കണ്ടെത്താനുള്ളത് 152 പേരെ, വകുപ്പ് മേധാവികളും ഉള്‍പ്പെട്ട സംഘം ഇന്നിറങ്ങും

തിരിച്ചറിയാത്ത 218 മൃതദേഹമാണ് ഇതുവരെ സംസ്കരിച്ചിട്ടുള്ളത്
Updated on
1 min read

വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവർക്കായുള്ള തിരച്ചില്‍ ഒൻപതാം നാളും തുടരും. സംസ്ഥാന സർക്കാരിന്റെ കണക്കുകള്‍ പ്രകാരം 152 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. തിരച്ചലിന് നാട്ടുകാർക്ക് പുറമെ ബന്ധുക്കളുടെ സഹായവും തേടാനാണ് തീരുമാനം. ബന്ധുക്കള്‍ പറയുന്ന സ്ഥലം കേന്ദ്രീകരിച്ചും പരിശോധന നടക്കും.

സൺറൈസ് വാലിയിൽ പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിലായിരിക്കും പരിശോധന തുടരുക. വിവിധ വകുപ്പുകളുടെ മേധാവിമാർ തിരച്ചില്‍ സംഘത്തിനൊപ്പമുണ്ടാകും. കഡാവർ നായകളേയും ഉപയോഗിക്കും.

സൺറൈസ് വാലിയിൽ സൂചിപ്പാറ വെള്ളച്ചാട്ടത്തിന് താഴെ ഹെലികോപ്റ്ററിൽ ഇറങ്ങിയ പ്രത്യേക സംഘം ഇന്നലെ നാലു കിലോമീറ്റർ ദൂരം പരിശോധന നടത്തിയിരുന്നു. ഇന്ന് ആറു കിലോമീറ്റർ ദൂരപരിധിയിലേക്ക് പരിശോധന വ്യാപിപ്പിക്കും.

തിരിച്ചറിയാത്ത 218 മൃതദേഹമാണ് ഇതുവരെ സംസ്കരിച്ചിട്ടുള്ളത്. മരണം 400 കടന്നതായാണ് സ്ഥിരീകരിക്കാത്ത വിവരം. പുത്തുമലയിലെ ഈ ശ്മശാനഭൂമി പ്രത്യേക വേലി കെട്ടിത്തിരിച്ച്, സ്ഥിരം ശ്മശാനഭൂമിയാക്കിമാറ്റാനും തീരുമാനമായിട്ടുണ്ട്. കണ്ടെത്താനുള്ളവരും പേരും മേല്‍വിലാസവുമടക്കമുള്ള വിവരങ്ങള്‍ റവന്യു വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്.

310 ഹെക്ടർ കൃഷിഭൂമി കുത്തിയൊലിച്ചെത്തിയ ഉരുള്‍പൊട്ടലില്‍ നശിച്ചതായാണ് കൃഷി വകുപ്പിന്റെ പ്രാഥമിക കണക്കുകള്‍ വ്യക്തമാക്കുന്നത്. ആറ് ഹെക്ടറോളം വനഭൂമിയും ചെളിയിലാണ്ടതായും റിപ്പോർട്ടുകളുണ്ട്. ഏറ്റവുമധികം നാശമുണ്ടായിരിക്കുന്ന കാപ്പിത്തോട്ടങ്ങളിലാണ്, 100 ഹെക്ടറാണ് നശിച്ചത്. 70 ഹെക്ടർ കുരുമുളകും 50 ഹെക്ടർ ഏലവും നശിച്ചിട്ടുണ്ട്. പ്രധാന വരുമാന മാർഗങ്ങളിലൊന്നായ തേയിലതോട്ടങ്ങളും നശിച്ചിട്ടുണ്ട്. 55 ഹെക്ടറോളമാണ് ഇല്ലാതായത്.

വയനാട് ദുരന്തം: ഉറ്റവർക്കായി ഒൻപതാം നാളും തിരച്ചില്‍; കണ്ടെത്താനുള്ളത് 152 പേരെ, വകുപ്പ് മേധാവികളും ഉള്‍പ്പെട്ട സംഘം ഇന്നിറങ്ങും
പ്രകൃതി ദുരന്തങ്ങൾ മുൻകൂട്ടി അറിയാനും പാരിസ്ഥിക നിരീക്ഷണത്തിനുമായി ഇഒഎസ്-08; വിക്ഷേപണത്തിനൊരുങ്ങി ഐഎസ്ആർഒ

നിലവില്‍ ദുരിതമേഖലകളില്‍ 16 ക്യാമ്പുകളിലായി 2225 പേരാണ് കഴിയുന്നത്. 847 പുരുഷന്മാർ, 845 സ്ത്രീകൾ, 533 കുട്ടികൾ, 4 ഗർഭിണികൾ എന്നിങ്ങനെയാണ് വിശദമായ കണക്കുകള്‍. ക്യാംപുകളിൽ കഴിയുന്നവരുടെ രക്ത സാംപിളുകൾ ഡിഎൻഎ പരിശോധനയുടെ ഭാഗമായി ശേഖരിക്കും. ഇവർക്ക് റേഷൻ കാർഡുകളും ഇന്നുമുതല്‍ വിതരണം ചെയ്യുമെന്നാണ് അറിയാൻ സാധിക്കുന്നത്.

പുനരധിവാസം പൂർത്തിയാകുന്നതു വരെ പൊതുമരാമത്ത് വകുപ്പിന്റെ ഒഴിഞ്ഞുകിടക്കുന്ന ക്വാട്ടേഴ്‌സുകള്‍ താമസത്തിനു വിട്ടുകൊടുക്കാൻ തീരുമാനിച്ചതായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചിരുന്നു. പൊതുമരാമത്ത് വകുപ്പിന്റെ 27 ക്വാർട്ടേഴ്സുകൾ ഇതിനുവേണ്ടി ഉപയോഗിക്കാനാണ് തീരുമാനം. കല്‍പ്പറ്റയില്‍ മാത്രം 15 ക്വാട്ടേഴ്‌സുകളാണ് വകുപ്പിന് കീഴിലുള്ളത്.

logo
The Fourth
www.thefourthnews.in