സര്‍വവും നഷ്ടപ്പെട്ട് മനുഷ്യര്‍, കണ്ടെത്താനുള്ളത് ഇരുന്നൂറോളം പേരെ; രക്ഷാദൗത്യത്തിന് വെല്ലുവിളിയായി മഴ

സര്‍വവും നഷ്ടപ്പെട്ട് മനുഷ്യര്‍, കണ്ടെത്താനുള്ളത് ഇരുന്നൂറോളം പേരെ; രക്ഷാദൗത്യത്തിന് വെല്ലുവിളിയായി മഴ

ഉരുള്‍പൊട്ടലില്‍ മരിച്ചവരുടേതായി മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ പോത്തുക്കല്ല് ഭാഗത്ത് ചാലിയാര്‍ പുഴയില്‍ നിന്ന് ഇന്ന് വൈകീട്ട് ഏഴ് മണിവരെ ലഭിച്ചത് 52 മൃതദേഹങ്ങളും 75 ശരീര ഭാഗങ്ങളും
Published on

വയനാടില്‍ ഇപ്പോള്‍ പെയ്യുന്ന മഴയ്ക്ക് ഭീതിയുടെ ശബ്ദമാണ്. മുണ്ടക്കൈ, ചൂരല്‍മല മേഖലയെ തകര്‍ത്തെറിഞ്ഞ ഉരുള്‍പൊട്ടല്‍ അത്രത്തോളം വയനാട്ടുകാരെ ബാധിച്ചുകഴിഞ്ഞിരിക്കുന്നു. ഒരു നാടിനെ ഇല്ലാതാക്കി മല ഇടിഞ്ഞിറങ്ങിയപ്പോള്‍ ഒരു മനുഷ്യായുസില്‍ ഉണ്ടാക്കിയതെല്ലാം കണ്‍മുന്നില്‍ ഇല്ലാതായിപ്പോയ മനുഷ്യരും, മലവെള്ളപ്പാച്ചിലിന് ഒപ്പം തകര്‍ന്നടിഞ്ഞ അവശിഷ്ടങ്ങള്‍ക്കടിയില്‍ ജീവന്റെ സാന്നിധ്യം തേടുന്ന രക്ഷാപ്രവര്‍ത്തകരും മാത്രമാണ് ഇന്ന് മുണ്ടക്കൈയിലും ചുരല്‍മലയിലും ബാക്കിയുള്ളത്.

ചുരല്‍മലയിലെ ദുരിതാശ്വാസ ക്യാപുകളില്‍ കഴിയുന്നവര്‍ മനുഷ്യര്‍ക്ക് കണ്ണുനീര്‍മാത്രമാണ് ബാക്കിയുള്ളത്

കുടെപ്പിറപ്പുകള്‍, മക്കള്‍, രക്ഷിതാക്കള്‍, ബന്ധുക്കള്‍ അവര്‍ എവിടെയെന്നറിയാതെ ദുരിതാശ്വാസ ക്യാപുകളില്‍ കഴിയുന്ന ആയിരങ്ങള്‍. ഇനിയും തിരിച്ചറിയാത്ത മൃതദേഹങ്ങള്‍, ക്യാപിലും മരിച്ചവരിലും കണ്ടെത്താന്‍ കഴിയാവത്തവര്‍. രണ്ട് ദിവസങ്ങളായി യാതൊരു വിവരങ്ങളും അറിയാതെ മരിച്ചു ജീവിക്കുന്ന കുറേമനുഷ്യര്‍. ചുരല്‍മലയിലെ ദുരിതാശ്വാസ ക്യാപുകളില്‍ കഴിയുന്നവര്‍ മനുഷ്യര്‍ക്ക് കണ്ണുനീര്‍മാത്രമാണ് ബാക്കിയുള്ളത്.

167 മരണങ്ങളാണ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്

വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലും ചൊവ്വാഴ്ച പുലര്‍ച്ചെ ഉണ്ടായ ഉരുള്‍പൊട്ടലില്‍ 167 മരണങ്ങളാണ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 96 പേരെ തിരിച്ചറിഞ്ഞു. 77 പേര്‍ പുരുഷന്‍മാരും 67 പേര്‍ സ്ത്രീകളുമാണ്. 22 കുട്ടികളുണ്ട്. ഒരു മൃതദേഹത്തിന്റെ ആണ്‍ പെണ്‍ വ്യത്യാസം തിരിച്ചറിഞ്ഞിട്ടില്ല.

66 മൃത ദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു. 61 മൃതദേഹാവശിഷ്ടങ്ങള്‍ ലഭിച്ചതില്‍ 49 എണ്ണവും പോസ്‌ററുമോര്‍ട്ടം ചെയ്തു. 75 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.219 പേരെയാണ് ദുരന്ത പ്രദേശത്തുനിന്ന് ആശുപത്രികളില്‍ എത്തിച്ചത്. ഇതില്‍ 78 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നു. 142 പേരെ ചികിത്സക്ക് ശേഷം ക്യാമ്പുകളിക്ക് മാറ്റി. വയനാട്ടില്‍ 73 പേരും മലപ്പുറത്ത് 5 പേരുമാണ് ചികിത്സയിലുള്ളത്.

സര്‍വവും നഷ്ടപ്പെട്ട് മനുഷ്യര്‍, കണ്ടെത്താനുള്ളത് ഇരുന്നൂറോളം പേരെ; രക്ഷാദൗത്യത്തിന് വെല്ലുവിളിയായി മഴ
'റെഡ് അലർട്ട് നൽകിയിരുന്നില്ല, ഉത്തരവാദിത്വം ആരുടെയെങ്കിലും പിടലിക്കുവെച്ച് ഒഴിഞ്ഞുമാറരുത്', അമിത് ഷായെ തള്ളി മുഖ്യമന്ത്രി

ഉരുള്‍പൊട്ടലില്‍ മരിച്ചവരുടേതായി മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ പോത്തുക്കല്ല് ഭാഗത്ത് ചാലിയാര്‍ പുഴയില്‍ നിന്ന് ഇന്ന് വൈകീട്ട് ഏഴ് മണിവരെ ലഭിച്ചത് 52 മൃതദേഹങ്ങളും 75 ശരീര ഭാഗങ്ങളും. 28 പുരുഷന്മാരുടെയും 21 സ്ത്രീകളുടെയും 2 ആണ്‍കുട്ടികളുടെയും സ്ത്രീയോ പുരുഷനോ എന്ന് തിരിച്ചറിയാത്ത ഒരു വ്യക്തിയുടെയും മൃതദേഹങ്ങളാണ് ലഭിച്ചത്. ഇത് കൂടാതെ 75 ശരീര ഭാഗങ്ങളും ലഭിച്ചിട്ടുണ്ട്. ഇന്നലെ (ചൊവ്വ) 32 മൃതദേഹങ്ങളും 25 മൃതദേഹ ഭാഗങ്ങളുമാണ് ലഭിച്ചിരുന്നത്. ഇന്ന് മാത്രം 20 മൃതദേഹങ്ങളും 59 അവശിഷ്ടങ്ങളും ലഭിച്ചു. ഇതുവരെ 97 മൃതദേഹങ്ങളുടെയും അവശിഷ്ടങ്ങളുടെയും പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി. ഇന്ന് രാത്രിയോടെ പൂര്‍ത്തിയാക്കും. തിരിച്ചറിഞ്ഞ മൂന്ന് മൃതദേഹങ്ങള്‍ ഇതിനകം ബന്ധുക്കള്‍ക്ക് കൈമാറി. മലപ്പുറം വാഴക്കാട് മണന്തല കടവില്‍ നിന്ന് കുട്ടിയുടെ മൃതദേഹം ലഭിച്ചു.

സര്‍വവും നഷ്ടപ്പെട്ട് മനുഷ്യര്‍, കണ്ടെത്താനുള്ളത് ഇരുന്നൂറോളം പേരെ; രക്ഷാദൗത്യത്തിന് വെല്ലുവിളിയായി മഴ
'മുണ്ടക്കൈയും ചൂരല്‍മലയും ഇല്ലാതായി'; ആ നാടിനെ പുനര്‍നിര്‍മ്മിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമെന്ന് മുഖ്യമന്ത്രി

അതേസമയം, കാലാവസ്ഥ പ്രതികൂലമായതോടെ ചാലിയാറില്‍ ഇന്നത്തെ തിരച്ചില്‍ നിര്‍ത്തി നാളെ രാവിലെ പുനഃരാരംഭിക്കും. ചൂരല്‍മഴ പ്രദേശത്ത് കനത്ത മഴ പെയ്യുന്നത് രക്ഷാപ്രവര്‍ത്തനത്തെ കൂടുതല്‍ ദുഷ്‌കരമാക്കിയിട്ടുണ്ട്. പുഴയിലെ നീരൊഴുക്ക് വര്‍ധിക്കുകയും ജലനിരപ്പ് ഉയരുകയും ചെയ്തു. ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശങ്ങളിലും മുന്‍ വര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടിയ പ്രദേശങ്ങളിലുമുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് വയനാട് ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ അറിയിച്ചു. കുറുമ്പാലക്കോട്ട, ലക്കിടി മണിക്കുന്നു മല, മുട്ടില്‍ കോല്‍പ്പാറ കോളനി, കാപ്പിക്കളീ, സുഗന്ധഗിരി, പൊഴുതന പ്രദേശങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തണം. അപകട ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ക്യാമ്പിലേക്ക് മാറാന്‍ ആവശ്യപ്പെട്ടിട്ടുള്ളവര്‍ എത്രയും വേഗം താമസസ്ഥലത്തു നിന്നും ക്യാമ്പുകളിലേക്ക് മാറണമെന്നും കളക്ടര്‍ അറിയിച്ചു.

logo
The Fourth
www.thefourthnews.in