വയനാട് ഉരുള്‍പൊട്ടല്‍: താത്ക്കാലിക ആശുപത്രി പ്രവര്‍ത്തനം തുടങ്ങി; 51 പേരുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി
വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ ചൂരല്‍മലയില്‍ താല്‍ക്കാലിക ആശുപത്രി പ്രവര്‍ത്തനമാരംഭിച്ചു. ചൂരല്‍മല പോളിടെക്‌നിക്കിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ചൂരല്‍മലയില്‍ മദ്രസയിലും പള്ളിയിലും താത്ക്കാലിക ക്ലിനിക്കും സജ്ജമാക്കിയിട്ടുണ്ട്. ഇതുവരെ മേപ്പാടിയിലും നിലമ്പൂരിലുമായി 51 പേരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ചതായും അധികൃതര്‍ അറിയിച്ചു.
പോസ്റ്റുമോര്‍ട്ടം നടപടികള്‍ വേഗത്തിലാക്കാന്‍ വയനാട്ടിലുള്ള ഫോറന്‍സിക് സംഘത്തെ കൂടാതെ കോഴിക്കോട് നിന്നുള്ള ഫോറന്‍സിക് ഡോക്ടര്‍മാരുടെ പ്രത്യേക സംഘത്തെ കൂടി വയനാട്ടിലേക്ക് നിയോഗിച്ചിട്ടുണ്ട്. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ജനിതക പരിശോധനകള്‍ നടത്താനുള്ള സംവിധാനമൊരുക്കി. അധിക മോര്‍ച്ചറി സൗകര്യങ്ങളുമൊരുക്കി. മൊബൈല്‍ മോര്‍ച്ചറി സൗകര്യങ്ങള്‍ ക്രമീകരിച്ചു.
സര്‍ജറി, ഓര്‍ത്തോപീഡിക്‌സ്, കാര്‍ഡിയോളജി, സൈക്യാട്രി, ഫോറന്‍സിക് തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടര്‍മാരെയും നഴ്‌സുമാരേയും അധികമായി നിയോഗിച്ചു. സ്വകാര്യ ആശുപത്രികളിലെ ഡോക്ടരുടെ സംഘത്തേയും നിയോഗിച്ചിട്ടുണ്ട്. ദുരന്ത മേഖലകളില്‍ പ്രവര്‍ത്തന പരിചയമുള്ള ഡോക്ടര്‍ സംഘവും സ്ഥലത്ത് എത്തുന്നതാണ്.
തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ സ്റ്റേറ്റ് റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി) യോഗം ചേര്‍ന്നു. ജില്ലകളുടെ പൊതു സാഹചര്യവും ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന ജില്ലകളുടെ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകമായും ചര്‍ച്ച ചെയ്തു. ദുരിതാശ്വാസ ക്യാമ്പുകളില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം ഉറപ്പാക്കാന്‍ നടപടി സ്വീകരിച്ചു. ഓരോ ക്യാമ്പിലും ഒരു ആരോഗ്യ പ്രവര്‍ത്തകന് വീതം ചുമതല നല്‍കാന്‍ നിര്‍ദേശം നല്‍കി. പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി നടപടികള്‍ സ്വീകരിച്ചു. ആവശ്യമായ സ്ഥലങ്ങളില്‍ പ്രത്യേക മെഡിക്കല്‍ ടീമിനെ നിയോഗിക്കാന്‍ നിര്‍ദേശം നല്‍കി. സ്റ്റേറ്റ് ആര്‍ആര്‍ടി യോഗത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.
പ്രളയാനന്തര പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാതിരിക്കാന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. വെള്ളത്തിലിറങ്ങുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കണം. ക്യാമ്പുകളില്‍ പകര്‍ച്ചവ്യാധി പ്രതിരോധം ഉറപ്പാക്കുന്നതിന് നടപടികള്‍ സ്വീകരിക്കണം. ജലജന്യ രോഗങ്ങള്‍ പ്രതിരോധിക്കാന്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂ.
വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങളില്‍ മരുന്നുകളുടേയും സുരക്ഷാ സാമഗ്രികളുടേയും ലഭ്യത ഉറപ്പാക്കണം. വയനാടിലേക്ക് കൂടുതല്‍ മരുന്നുകളെത്തിച്ചു. വനിത ശിശുവികസന വകുപ്പിന്റെ കീഴില്‍ ഗര്‍ഭിണികളുടേയും കുട്ടികളുടേയും കാര്യങ്ങള്‍ക്ക് പ്രത്യേകം ശ്രദ്ധയും നല്‍കുന്നുണ്ട്.
വയനാട്ടില്‍ പ്രാദേശികമായി ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടറെ രാവിലെതന്നെ നിയോഗിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടറും സ്ഥലത്തെത്തി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. വയനാട് മാത്രമല്ല സമീപ ജില്ലകളായ മലപ്പുറം, കോഴിക്കോട് തുടങ്ങിയ വടക്കന്‍ ജില്ലകളിലും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. അവധിയിലുളള ആരോഗ്യ പ്രവര്‍ത്തകരോട് അടിയന്തരമായി തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കി. ആവശ്യമായ മരുന്നുകളും മറ്റ് ഉപകരണങ്ങളും അധികമായി എത്തിച്ചു വരുന്നു. കനിവ് 108 ആംബുലന്‍സുകള്‍ ഉള്‍പ്പെടെ അധികമായി എത്തിച്ചു. മലയോര മേഖലയില്‍ സഞ്ചരിക്കാന്‍ കഴിയുന്ന 108ന്റെ റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റുകളും സ്ഥലത്തേക്ക് അയക്കാൻ നിര്‍ദേശം നല്‍കി. ആശുപത്രികളുടെ സൗകര്യങ്ങള്‍ക്കനുസരിച്ച് പ്ലാന്‍ തയ്യാറാക്കി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു വരുന്നു.