മഹാദുരന്തത്തിന്‌റെ ആറാം നാള്‍; തിരച്ചില്‍ അവസാന ഘട്ടത്തിലേക്ക്, ഇന്ന് ഹ്യൂമന്‍ റസ്‌ക്യൂ റഡാര്‍ ഉപയോഗിച്ച് പരിശോധന
വയനാട്ടിലെ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ തേടിയും കാണാതായവരെ അന്വേഷിച്ചും കരുണയുടെ കരങ്ങള്‍ നീട്ടിയുമുള്ള അതിജീവനത്തിന്‌റെ ആറാം നാള്‍. ദുരിതബാധിത പ്രദേശങ്ങളില്‍ ഇന്നലെ രാത്രിയോടെ നിര്‍ത്തിവെച്ച തിരച്ചില്‍ ഇന്ന് രാവിലെ പുനരാരംഭിച്ചിട്ടിട്ടുണ്ട്. ചാലിയാറിന്‌റെ രണ്ടു ഭാഗങ്ങളിലായും മുണ്ടക്കൈ, പുഞ്ചിരിമട്ടം പ്രദേശങ്ങളിലുമാണ് ഇന്ന് തിരച്ചില്‍ നടക്കുക.
ദുരന്തത്തില്‍ അകപ്പെട്ടതില്‍ ഇനി കണ്ടെത്താനുള്ളത് 206 പേരെയാണ്. തിരച്ചില്‍ അവസാന ഘട്ടത്തിലാണെന്ന് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. ഏറ്റവുമധികം മൃതദേഹങ്ങള്‍ ലഭിച്ച ചാലിയാര്‍ പുഴയിലെ തിരച്ചില്‍ നാളെ അവസാനിപ്പിക്കുന്നതായും വിവരമുണ്ട്.
ഹ്യൂമന്‍ റസ്‌ക്യൂ റഡാര്‍ പോലെയുള്ള ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള തിരച്ചിലാണ് ഇന്ന് നടക്കുക. മണ്ണിനടിയിയില്‍ ആഴത്തില്‍ കുടുങ്ങിക്കിടക്കുന്നവരെ ഉള്‍പ്പെടെ കണ്ടെത്താന്‍ ഇതുവഴി സാധിക്കുമെന്നാണ് കരുതുന്നത്. ഉരുള്‍പൊട്ടലുണ്ടായ പ്രദേശത്തെ പുഴയിലും ഇന്ന് ആഴത്തിലുള്ള തിരച്ചില്‍ നടത്തും. പുഴയില്‍ രൂപം കൊണ്ട പുതിയ മണ്‍തിട്ടകള്‍ കേന്ദ്രീകരിച്ചായിരിക്കും തിരച്ചില്‍ എന്നാണ് സൂചന.
ഉരുൾപൊട്ടൽ ദുരന്തത്തിലെ മരണസംഖ്യ 365 ആയി. സർക്കാർ രേഖകൾ പ്രകാരം 218 ആണ് ഔദ്യോഗിക മരണസംഖ്യ. 148 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു ബന്ധുക്കൾക്ക് കൈമാറിയിട്ടുണ്ട്. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങൾ പൊതുശ്മശാനങ്ങളിൽ സർവമത പ്രാർഥനയോടെ സംസ്കരിക്കാനും തീരുമാനമായിട്ടുണ്ട്. ചാലിയാറില്‍നിന്ന് ഇന്നല കണ്ടെത്തിയ 12 എണ്ണം ഉള്‍പ്പെടെ ഇന്നലെ 16 മൃതദേഹങ്ങളാണ് ലഭിച്ചത്. 93 ദുരിതാശ്വാസ ക്യാംപുകളിലായി 10,042 പേരുണ്ട്.
അതേസമയം, ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ തിരച്ചില്‍ ആറാം ദിനത്തിലേക്ക് കടക്കുമ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ് ആരോഗ്യ വിദ്യാഭ്യാസ വകുപ്പുകള്‍. ദുരന്ത മേഖലയിലെ എല്ലാ കുട്ടികള്‍ക്കും പ്രത്യേക മാനസികാരോഗ്യ പിന്തുണയും പരിചരണവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തിലേക്കാണ് ഇരുവകുപ്പുകളും കടക്കുന്നത്. ആരോഗ്യ വകുപ്പിന്റെ ടെലി മനസ് പദ്ധതിയുടെ സഹായത്തോടെ ആവശ്യമായ സേവനം നല്‍കാന്‍ ആരോഗ്യമന്ത്രി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ദുരിത ബാധിതര്‍ക്ക് മാനസിക പിന്തുണ ഉറപ്പാക്കുന്നതിന് 137 കൗണ്‍സിലര്‍മാരെയാണ് നിയോഗിച്ചു. മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്തിയവരുടെ തുടര്‍ കൗണ്‍സിലിങ്ങിന് അതേ കൗണ്‍സിലറുടെ തന്നെ സേവനം ഉറപ്പാക്കും. ഭവന സന്ദര്‍ശനം നടത്തുന്ന സൈക്കോസോഷ്യല്‍ ടീമില്‍ ഫീല്‍ഡ് തല സേവനം നടത്തുന്ന ജീവനക്കാരെക്കൂടി ഉള്‍പ്പെടുത്തും. ഡിഎന്‍എ പരിശോധനയ്ക്കായി സാമ്പിളെടുക്കുന്നതിന് മുമ്പ് മാനസികാരോഗ്യ പിന്തുണയ്ക്കുള്ള പ്രോട്ടോകോള്‍ നിര്‍ബന്ധമായും പാലിക്കണം. ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള വിവിധ ജീവനക്കാര്‍ക്കും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കും മാനസിക പിന്തുണ ഉറപ്പാക്കാനുള്ള ഇടപെടലുകള്‍ നടത്താന്‍ മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വയനാട്ടിലെ ദുരന്തബാധിത മേഖലയിലെ കുട്ടികളുടെ മുടങ്ങിക്കിടക്കുന്ന വിദ്യാഭ്യാസം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളാണ് വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നിര്‍ണായക യോഗം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച കല്‍പറ്റയില്‍ നടക്കും. വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരടക്കമുള്ള വിവിധ ഉദ്യോഗസ്ഥരും തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികളും സ്‌കൂള്‍ അധികൃതരും പിടിഎ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. എത്രയും പെട്ടെന്ന് ദുരന്തബാധിത മേഖലയിലെ വിദ്യാര്‍ഥികള്‍ക്കായി ക്ലാസുകള്‍ ആരംഭിക്കുന്നതിനുള്ള കര്‍മപദ്ധതിയാണ് യോഗത്തിന്റെ അജണ്ട.