നെഞ്ചുതകര്‍ന്ന് വയനാട്; മരണം 270, ഇടവിട്ട് പെയ്യുന്ന മഴ രക്ഷാദൗത്യത്തിന് വെല്ലുവിളി
സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം കൂടുന്നു. വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 270 ആയി. ഇന്നലെ രാത്രി വൈകിയും രക്ഷാപ്രവർത്തനങ്ങൾ തുടർന്നു. ഇടവിട്ട് പെയ്യുന്ന കനത്ത മഴ രക്ഷാ പ്രവർത്തനത്തിന് വെല്ലുവിളിയായി.
അനൗദ്യോഗിക കണക്കുകള്‍ പ്രകാരം 225 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. സര്‍ക്കാര്‍ ഉച്ചയ്ക്കു പുറത്തിറക്കിയ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാല്‍ 275 പേരെയാണ് കണ്ടെത്താനുള്ളത്. മുണ്ടക്കൈക്കു പുറമെ ചാലിയാറിന്റെ തീരങ്ങളില്‍ നിന്നുള്‍പ്പെടെ കണ്ടെടുത്ത മൃതദേഹാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ പരിഗണിച്ചാല്‍ ഇതുവരെ 270 മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാര്‍ ഇതുവരെയായി ഔദ്യോഗികമായി സ്ഥിരീകരിച്ചത് 167 മരണമാണ്.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം മരിച്ച 96 പേരെ തിരിച്ചറിഞ്ഞു. 77 പേര്‍ പുരുഷന്‍മാരും 67 പേര്‍ സ്ത്രീകളുമാണ്. 22 കുട്ടികളുണ്ട്. ഒരു മൃതദേഹത്തിന്റെ ആണ്‍-പെണ്‍ വ്യത്യാസം തിരിച്ചറിഞ്ഞിട്ടില്ല. 166 മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. 61 മൃതദേഹാവശിഷ്ടങ്ങള്‍ ലഭിച്ചതില്‍ 49 എണ്ണവും പോസ്‌റ്റ്‌മോര്‍ട്ടം ചെയ്തു. 75 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
219 പേരെയാണ് ദുരന്തപ്രദേശത്തുനിന്ന് ആശുപത്രികളിലെത്തിച്ചത്. ഇതില്‍ 78 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നു. 142 പേരെ ചികിത്സയ്ക്കുശേഷം ക്യാമ്പുകളിലേക്കു മാറ്റി. വയനാട്ടില്‍ 73 പേരും മലപ്പുറത്ത് അഞ്ച് പേരുമാണ് ചികിത്സയിലുള്ളത്. മുണ്ടക്കൈ ഭാഗത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കാണ് നിലവില്‍ പ്രഥമ പരിഗണന നല്‍കുന്നത്. രണ്ടാമത് അട്ടമലയും മൂന്നാമത് ചൂരല്‍ മലയുമാണ്. ചികിത്സയും പരിചരണവും നല്‍കാന്‍ ആവശ്യമായ മെഡിക്കല്‍ ടീമിനെയും സജ്ജമാക്കിയിട്ടുണ്ട്. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടെത്താന്‍ കെ-9 ടീമിനെ നിയോഗിച്ചു. ഭക്ഷണവും കുടിവെള്ളവും എത്തിക്കാന്‍ നേവിയുടെ സഹായവും സ്വീകരിച്ചിട്ടുണ്ട്.
മുണ്ടക്കെയിലെ വ്യാപാര സമുച്ചയങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. പ്രധാനപാതയില്‍നിന്നു നൂറടിയോളം ഉയരത്തിലുള്ള മുസ്ലിം പള്ളിയുടെ രണ്ടാംനിലയുടെ ഉയരത്തില്‍ വരെയും വെള്ളവും ചെളിയും വന്‍മരങ്ങളുമെത്തി. രണ്ട് കിലോ മീറ്ററോളം അകലെയുള്ള പുഞ്ചിരിമറ്റത്തുനിന്നും പാതയോരങ്ങളിലുണ്ടായിരുന്ന 26 വീടുകൾ അപ്രത്യക്ഷമായി. ഇവിടെ ശേഷിക്കുന്നത് നാമമാത്ര വീടുകള്‍ മാത്രമാണ്.
അതിനിടെ, മുണ്ടക്കൈയിലും ചൂരല്‍മലയിലും തുടരുന്ന ശക്തമായ മഴ തിരച്ചില്‍ ദൗത്യത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ചൂരല്‍മഴ പ്രദേശത്ത് കനത്ത മഴ പെയ്യുന്നത് രക്ഷാപ്രവര്‍ത്തനത്തെ കൂടുതല്‍ ദുഷ്‌കരമാക്കിയിട്ടുണ്ട്. പുഴയിലെ നീരൊഴുക്ക് വര്‍ധിക്കുകയും ജലനിരപ്പ് ഉയരുകയും ചെയ്തു.
ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശങ്ങളിലും മുന്‍ വര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടിയ പ്രദേശങ്ങളിലുമുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് വയനാട് കലക്ടര്‍ ഡി ആര്‍ മേഘശ്രീ അറിയിച്ചു. കുറുമ്പാലക്കോട്ട, ലക്കിടി മണിക്കുന്ന് മല, മുട്ടില്‍ കോല്‍പ്പാറ കോളനി, കാപ്പിക്കളീ, സുഗന്ധഗിരി, പൊഴുതന പ്രദേശങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തണം. അപകട ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ക്യാമ്പിലേക്ക് മാറാന്‍ ആവശ്യപ്പെട്ടിട്ടുള്ളവര്‍ എത്രയും വേഗം താമസസ്ഥലത്തു നിന്നും ക്യാമ്പുകളിലേക്ക് മാറണമെന്നും കളക്ടര്‍ അറിയിച്ചു.
മുണ്ടക്കൈ പുഴയിലെ ഒഴുക്ക് ശക്തമായെങ്കിലും തകര്‍ന്ന പാലത്തിനു പകരം നിര്‍മിക്കുന്ന ബെയ്‌ലി പാലം നിര്‍മാണവുമായി സൈന്യം മുന്നോട്ടുപോവുകയാണ്. പാലം നിര്‍മാണത്തിനാവശ്യമായ സാധനങ്ങളുമായി വ്യോമസേനയുടെ രണ്ടാമത്തെ വിമാനം കൂടി എത്തിയതോടെയാണ് നിര്‍മാണം പുനഃരാരംഭിച്ചത്. മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ 17 ട്രക്കുകളിലായി ഇവ ചൂരല്‍മലയിലെത്തിക്കും. ഇന്നലെ കണ്ണൂരിലെത്തിയ ആദ്യ വിമാനത്തില്‍നിന്ന് ഇറക്കിയ പാലംനിര്‍മാണ സാമഗ്രികള്‍ ഇന്നലെ രാത്രിയോടെ 20 ട്രക്കുകളിൽ ചൂരല്‍മലയിലെ ദുരന്ത മേഖലയില്‍ എത്തിച്ചിരുന്നു. വ്യാഴാഴ്ച രാവിലയോടെ പാലം പൂര്‍ണ നിലയില്‍ എത്തിക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
പുഴകടന്ന് മുണ്ടക്കൈയിലേക്ക് യന്ത്രങ്ങള്‍ എത്തിച്ച് നടത്തിയ പരിശോധന ആരംഭിച്ചതോടെയാണ് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന കൂടുതല്‍ പേരെ കണ്ടെത്താനായത്. മുണ്ടക്കൈയില്‍ രക്ഷാദൗത്യത്തിന്റെ ഭാഗമായി എത്തിച്ച മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തകര്‍ന്ന വീടുകളുടെ അവശിഷ്ടങ്ങളും മണ്ണും മാറ്റിയാണ് തിരച്ചില്‍.
തിരച്ചില്‍ ദൗത്യങ്ങള്‍ക്കായി നിലവില്‍ 1167 പേരുള്‍പ്പെടുന്ന സംഘമാണ് ദുരന്തമേഖലയിലുള്ളത്. അഗ്‌നിരക്ഷാ സേന, പോലീസ്, വിവിധ സേന വിഭാഗങ്ങള്‍, വിവിധ വകുപ്പുകള്‍ എന്നിവ എല്ലാം ചേര്‍ന്ന് ഏകോപിതവും വേഗത്തിലുള്ളതുമായ രക്ഷാപ്രവര്‍ത്തനമാണ് നടക്കുന്നത്. 10 സ്റ്റേഷന്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ സമീപ ജില്ലയില്‍ നിന്ന് ഉള്‍പ്പെടെയുള്ള 645 അഗ്‌നിസേനാംഗങ്ങളും, 94 എന്‍ ഡി ആര്‍ എഫ് അംഗങ്ങളും 167 ഡി എസ് സി അംഗങ്ങളും എംഇജിയില്‍ നിന്നുള്ള 153 പേരും ഉള്‍പ്പെടുന്നു. കോസ്റ്റ് ഗാര്‍ഡ് അംഗങ്ങളും ദുരന്തമുഖത്തുണ്ട്. തിരുവനന്തപുരത്തു നിന്നും 132 സേനാംഗങ്ങള്‍ കൂടി എത്തി.
ഇന്റലിജന്റ് ബറീഡ് ഒബ്ജക്ട് ഡിറ്റക്ഷന്‍ സിസ്റ്റം ഉപയോഗിച്ച് മണ്ണിനടിയിലുള്ള മനുഷ്യസാന്നിധ്യം കണ്ടെത്തുന്നതിന് ശ്രമിക്കും. ഇതിനായി റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രപാലന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ സഹായം തേടിയിട്ടുണ്ട്. എന്‍ഡിആര്‍എഫിന്റെ 3 ടീമുകളുണ്ട്. മദ്രാസ് റെജിമെന്റ്, ഡിഫെന്‍സ് സര്‍വീസ് കോപ്‌സ് എന്നിവര്‍ ഡിങ്കി ബോട്ട്‌സും വടവും ഉപയോഗിച്ച് രക്ഷപ്രവര്‍ത്തനം നടത്തുന്നു. ലോക്കല്‍ പോലീസിന്റെ 350 പേര്‍ സ്ഥലത്തുണ്ട്.
കേരള പോലീസിന്റെ കഡാവര്‍ നായകള്‍, ഹൈ ആള്‍ട്ടിറ്റിയൂഡ് ടീം, സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് എന്നിവയും ഉണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് രണ്ട് ഹെലികോപ്റ്ററുകള്‍ (എഎല്‍എച്ച്, എം ഐ-7 ഹെലികോപ്റ്ററുകള്‍) ഉപയോഗപ്പെടുത്തുന്നുണ്ട്. മന്ത്രിമാര്‍ നേരിട്ട് സ്ഥലത്ത് ക്യാമ്പ്‌ചെയ്തു പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നുണ്ട്. വനംവകുപ്പിന്റെ 55 അംഗങ്ങള്‍, ആരോഗ്യ വകുപ്പ്, റവന്യു, തദ്ദേശസ്വയംഭരണ വകുപ്പുകള്‍ എന്നിവ സര്‍വസജ്ജമായി ചൂരല്‍മലയിലുണ്ട്.