ആശ്വാസത്തിന്റെ കരങ്ങള്‍; ചൂരല്‍മല ശാഖയിലെ വായ്പകള്‍ എഴുതിത്തള്ളി കേരള ബാങ്ക്, ദുരിത ബാധിതര്‍ക്ക് തണലൊരുക്കാന്‍ ഭുമി കൈമാറി അജിഷയും കുടുംബവും
വയനാട് ജില്ലയിലെ മുണ്ടക്കൈയില്‍ ഉണ്ടായ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന്റെ ഇരകള്‍ക്ക് ആശ്വാസ പ്രഖ്യാപനവുമായി കേരള ബാങ്ക്. കേരള ബാങ്ക് ചൂരല്‍മല ശാഖയിലെ വായ്പക്കാരില്‍ മരിച്ചവരുടെയും ഈടു നല്‍കിയ വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടെയും മുഴുവന്‍ വായ്പകളുമാണ് എഴുതി തള്ളുക. ബാങ്ക് ഭരണസമിതി യോഗത്തിലാണ് നിര്‍ണായക തീരുമാനം കൈക്കൊണ്ടത്. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കേരള ബാങ്ക് 50 ലക്ഷം രൂപ സംഭാവന നല്‍കിയിരുന്നു. കൂടാതെ, കേരള ബാങ്കിലെ ജീവനക്കാര്‍ സ്വമേധയാ അഞ്ചു ദിവസത്തെ ശമ്പളം കൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുവാനും തീരുമാനിച്ചിട്ടുണ്ട്.
അതിനിടെ, വയനാട് ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് തണലൊരുക്കാന്‍ തന്റെ പേരിലുള്ള ഭൂമി വിട്ടു നല്‍കിയിരിക്കുകയാണ് വയനാട് കോട്ടത്തറ സ്വദേശി അജിഷ ഹരിദാസും, ഭര്‍ത്താവ് ഹരിദാസും. 20 സെന്റ് ഭൂമിയാണ് ദുരിത ബാധിതരുടെ പുനരധിവാസത്തിനായി കുടുംബം വിട്ടുനല്‍കിയിരിക്കുന്നത്. ഇതിന്റെ രേഖ അജിഷയും ഹരിദാസും മുഖമന്ത്രി പിണറായി വിജയന് കൈമാറി.
തൃശൂര്‍ കെഎസ്എഫ്ഇ ഈവനിംഗ് ബ്രാഞ്ചില്‍ സ്‌പെഷ്യല്‍ ഗ്രേഡ് അസിസ്റ്റന്റ് ആയി ജോലിചെയ്തു വരികയാണ് അജിഷ. കര്‍ഷക കുടുംബത്തില്‍ ജനിച്ച അജിഷയുടെ അച്ഛന്‍ ജയചന്ദ്രനും അമ്മ ഉഷ കുമാരിക്കും വീടുവയ്ക്കുന്നതിനായി 2009 ല്‍ വയനാട് കമ്പളക്കാട് വാങ്ങിയ 20 സെന്റ് സ്ഥലമാണ് ദുരിതബാധിതര്‍ക്ക് വീട് വയ്ക്കാനായി സര്‍ക്കാരിലേക്ക് വിട്ടു നല്‍കിയത്. അച്ഛനും അമ്മയും സഹോദരന്റെ വീട്ടില്‍ സുരക്ഷിതരായതുകൊണ്ടാണ് ഒരു രാത്രി പുലരവേ വയനാട്ടില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കായി തന്റെ പേരിലുള്ള ഭൂമി നല്‍കാം എന്ന തീരുമാനത്തിലേക്കെത്തിയതെന്ന് അജിഷയും ഭര്‍ത്താവ് ഹരിദാസും പറഞ്ഞു.