വയനാടിനെ ഭീതിയിലാക്കിയ കടുവയെ മയക്കുവെടിവെച്ചു;  കര്‍ഷകനെ ആക്രമിച്ച കടുവയെന്ന് സ്ഥിരീകരണം

വയനാടിനെ ഭീതിയിലാക്കിയ കടുവയെ മയക്കുവെടിവെച്ചു; കര്‍ഷകനെ ആക്രമിച്ച കടുവയെന്ന് സ്ഥിരീകരണം

ആറ് തവണ വെടിവെച്ച ശേഷമാണ് കടുവയെ പിടികൂടാനായത്
Updated on
1 min read

വയനാട്ടില്‍ ജനവാസ കേന്ദ്രത്തിലിറങ്ങി ഭീതി വിതച്ച കടുവയെ മയക്കുവെടി വെച്ചു. വയനാട് പടിഞ്ഞാറത്തറ കുപ്പാടിത്തറയില്‍ നിന്നാണ് വനംവകുപ്പ് കടുവയെ മയക്കുവെടിവച്ച് പിടികൂടിയത്. നടുമ്മല്‍ വയലില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയാണ് വലയിലായത്. പുതുശ്ശേരി വെള്ളാരംകുന്നില്‍ മൂന്ന് ദിവസം മുന്‍പ് കര്‍ഷകനെ ആക്രമിച്ച് കൊലപ്പെടുത്തിയ കടുവയാണ് ഇതെന്ന് ഡിഎഫ്ഒ സ്ഥിരീകരിച്ചു.

ജനവാസമേഖലയായ കുപ്പാടിത്തറയിലെ കാപ്പിത്തോട്ടത്തില്‍ കടുവയെ കണ്ടതോടെ നാട്ടുകാര്‍ വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. തിരച്ചില്‍ സംഘം നടത്തിയ പരിശോധനയില്‍ കടുവയെ കണ്ടെത്തി മയക്കുവെടി വെച്ചു. ആറ് തവണ വെടിവെച്ച ശേഷമാണ് കടുവയെ പിടികൂടാനായത്. വെടിയേറ്റതിനെ തുടർന്ന് കടുവ കുന്നിൻ മുകളിലേക്ക് ഓടിയെങ്കിലും പിന്നീട് മയങ്ങിയ നിലയിൽ കണ്ടെത്തി. കടുവയെ ബത്തേരിയിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

കാല്പാട് പരിശോധിച്ചാണ് കർഷകനെ കൊന്ന കടുവയാണെന്ന് വനം വകുപ്പ് അധികൃതര്‍ ഉറപ്പിച്ചത്. പുതുശ്ശേരിയില്‍ നിന്ന് ഏകദേശം 15 കിലോമീറ്റര്‍ ദൂരമാണ് കുപ്പാടിത്തറയിലേയ്ക്കുള്ളത്. കടുവയുടെ സഞ്ചാരപാത സമാനമാണെന്ന് വനംവകുപ്പ് വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in